ട്രെയിന്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയേക്കും

ട്രെയിന്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയേക്കും

ന്യൂഡെല്‍ഹി : കാണ്‍പൂര്‍ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്ന കാര്യം ഇന്ത്യന്‍ റെയില്‍വേ ആലോചിക്കുന്നു. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നുണ്ട്. ഇത് നിര്‍ബന്ധമാക്കാനാണ് ഐആര്‍സിടിസി ഇപ്പോള്‍ റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും യാത്രക്കാരുടെ വില പിടിപ്പുള്ള വസ്തുക്കള്‍ക്കും ഇന്‍ഷൂറന്‍സ് വേണമെന്ന് ഐആര്‍സിടിസി ആവശ്യപ്പെടുന്നു. ഐആര്‍സിടിസിയുടെ ശുപാര്‍ശ അംഗീകരിച്ചാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഇന്‍ഷൂറന്‍സ് ബിസിനസ് ഏകദേശം 3,500 കോടി രൂപയിലെത്തും.

കാണ്‍പൂരില്‍ അപകടത്തില്‍പ്പെട്ട ഇന്‍ഡോര്‍-പാറ്റ്‌ന എക്‌സ്പ്രസ്സില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക് ചെയ്ത 695 യാത്രക്കാരില്‍ 128 പേര്‍ മാത്രമാണ് 92 പൈസ മാത്രം ചെലവ് വരുന്ന ഇന്‍ഷൂറന്‍സ് പോളിസി എടുത്തിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധനസഹായം കൂടാതെ ഇന്‍ഷൂറന്‍സ് സ്‌കീം പ്രകാരം നോമിനിക്ക് പത്ത് ലക്ഷം രൂപ ലഭിക്കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരുക്കേറ്റവര്‍ക്ക് പതിനായിരം രൂപയും നഷ്ടപ്പെട്ട ഓരോ ലഗ്ഗേജിനും അയ്യായിരം രൂപ വീതവും ലഭിക്കും.

Comments

comments

Categories: Branding