നോട്ട് അസാധുവാക്കല്‍: താല്‍ക്കാലിക തിരിച്ചടിയായേക്കുമെന്ന് സ്റ്റീല്‍ കമ്പനികള്‍

നോട്ട് അസാധുവാക്കല്‍: താല്‍ക്കാലിക  തിരിച്ചടിയായേക്കുമെന്ന് സ്റ്റീല്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഉരുക്ക് ഉല്‍പ്പാദകരെയും ആശങ്കയിലാഴ്ത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടി ചില്ലറ വില്‍പ്പനയില്‍ താല്‍ക്കാലികമായ തിരിച്ചടികളുണ്ടാക്കുമെന്നാണ് സ്റ്റീല്‍ കമ്പനികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാകുമെന്നും ഉരുക്കു വ്യവസായ രംഗം വിലയിരുത്തുന്നു.
നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തില്‍ പണം ഉപയോഗിച്ചുള്ള വാങ്ങലുകള്‍ ഏറെ കുറഞ്ഞിരിക്കുകയാണ്. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള വില കുറഞ്ഞ സ്റ്റീലിന്റെ ഇറക്കുമതി തീര്‍ത്ത ആഘാതത്തെ ആഭ്യന്തര ഉരുക്കു വ്യവസായം അതിജീവിച്ചുവരുന്നതേയുള്ളു. അതിനിടെയുണ്ടായ അപ്രതീക്ഷിത സംഭവ വികാസം സ്റ്റീല്‍ കമ്പനികള്‍ക്കും തിരിച്ചടിയായിക്കഴിഞ്ഞു.
നോട്ട് പിന്‍വലിക്കലിന്റെ പരിണിത ഫലങ്ങള്‍ ഇതിനകം തന്നെ ഉരുക്ക് വ്യവസായ മേഖലയില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്.
പണത്തിന്റെ ഞെരുക്കം ചില്ലറ വില്‍പ്പനയെ ബാധിച്ചുകഴിഞ്ഞു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ചറിംഗ് വിഭാഗത്തിലെ വില്‍പ്പനയെയും അതു പിന്നോട്ടടിക്കും. വരും ദിവസങ്ങളില്‍ സ്റ്റില്‍ ആവശ്യകതയില്‍ കുറവുണ്ടാകും. എന്നാല്‍ നാലാം പാദത്തില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയേക്കും- ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഗ്രൂപ്പ് സിഎഫ്ഒ ശേഷാഗിര റാവു പറഞ്ഞു. കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും പ്ലാന്റുകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ ജെഎസ്ഡബ്ല്യു നീക്കമിടുന്നുണ്ട്. അതിനാല്‍ത്തന്നെ ഇപ്പോഴത്തെ സ്ഥിതിഗതികളെയും വിപണിയെയും കമ്പനി സൂഷ്മമായി നിരീക്ഷിച്ചുവരുന്നു. ഉരുക്കിന്റെ ആവശ്യകതയെ അടിസ്ഥാനമാക്കിയായിരിക്കും പ്ലാന്റുകളുടെ വിപുലീകരണമെന്ന് റാവു വ്യക്തമാക്കി.
കെട്ടിട നിര്‍മാണം, റൂഫിംഗ്, പൈപ്പുകള്‍, ട്യൂബുകള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ചില്ലറ വില്‍പ്പനയില്‍ നോട്ട് ക്ഷാമത്തിന്റെ സ്വാധീനം കാണാം. ഇപ്പോഴത്തെ അവസ്ഥയില്‍ വിതരണത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ഉല്‍പ്പാദനം ഉയര്‍ത്തിയിട്ടു കാര്യമില്ല- എസ്സാര്‍ സ്റ്റീല്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ (സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ്) വിക്രം അമിന്‍ പറഞ്ഞു. ഗ്രാമങ്ങളിലെയും ഉപ നഗരങ്ങളിലെയും ചില മേഖലകളില്‍ വില്‍പ്പനയെ നോട്ട് പിന്‍വലിക്കല്‍ ബാധിച്ചിട്ടുണ്ടെന്നും നവംബറിനുശേഷം അനുകൂല സാഹചര്യം സംജാതമാകുമെന്നും ടാറ്റ സ്റ്റീല്‍ വക്താക്കളിലൊരാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഗ്രാമങ്ങളിലെയും ചെറു പട്ടണങ്ങളിലെയും കെട്ടിട നിര്‍മാതാക്കളെ ആശ്രയിച്ചിരുന്ന സ്റ്റീല്‍ കമ്പനികള്‍ ബിസിനസ് തന്ത്രം മാറ്റിത്തുടങ്ങി. പ്രതിസന്ധി മറികടക്കാന്‍ കയറ്റുമതിയെ ആശ്രയിക്കാനാണ് അവരുടെ ശ്രമം. ആകെ ഉല്‍പ്പാദനത്തിന്റെ 14 ശതമാനം മാത്രമേ ജെഎസ്ഡബ്ല്യു സ്റ്റീല്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നുള്ളു. പത്തു മുതല്‍ പതിനഞ്ച് ശതമാനം വരെ സ്റ്റീല്‍ റിട്ടെയ്‌ലര്‍മാര്‍ക്ക് വിറ്റിരുന്ന എസ്സാര്‍ കയറ്റുമതിയെയും ഒറിജിനല്‍ എക്യുപ്‌മെന്റ് മേക്കിംഗ് വിഭാഗത്തെയും കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Comments

comments

Categories: Business & Economy