യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നോ ?

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നോ ?

യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നതായി ആരോപണമുയര്‍ന്നിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ വോട്ട് റീ കൗണ്ട് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്. കംപ്യൂട്ടര്‍ വിദഗ്ധര്‍, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, ആക്ടിവിസ്റ്റുകള്‍, ന്യായാധിപര്‍ തുടങ്ങിയവരാണ് വോട്ട് റീ കൗണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്ലിന്റന്‍ ക്യാംപെയ്ന്‍ ചെയര്‍മാന്‍ ജോണ്‍ പൊഡേസ്റ്റ, ക്യാംപെയ്ന്‍ ജനറല്‍ കൗണ്‍സല്‍ മാര്‍ക്ക് ഏലിയാസ് തുടങ്ങിയവരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി.

വിസ്‌കോണ്‍സിംഗ്, മിച്ചിഗന്‍, പെന്‍സല്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൃത്രിമത്വം നടന്നതായിട്ടാണ് ആരോപണം. ഇവിടെ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ റഷ്യയുടെ നേതൃത്വത്തില്‍ ഹാക്കിംഗ് നടന്നിരിക്കാമെന്നു സംശയമുയര്‍ന്നിട്ടുണ്ട്.
ഹിലരി ക്ലിന്റന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു കരുതിയ സംസ്ഥാനങ്ങളിലും കൗണ്ടികളിലും ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ വളരെ താഴ്ന്ന ഭൂരിപക്ഷമാണ് ഹിലരിക്ക് ലഭിച്ചത്. ഇതാണു വോട്ടര്‍മാരില്‍ സംശയമുയര്‍ത്താന്‍ കാരണമായിരിക്കുന്നത്. ഇവിടെ ഹാക്കിംഗ് നടന്നതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും വോട്ടിംഗ് നടന്ന രീതി സ്വതന്ത്രമായി പുനപരിശോധിക്കേണ്ടതാണെന്നു ക്ലിന്റന്റെ പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാന്‍ ജോണ്‍ പൊഡേസ്റ്റ അഭിപ്രായപ്പെട്ടു.
യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മുന്‍പ് തന്നെ റഷ്യ അട്ടിമറി ശ്രമം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നു ശക്തമായ പ്രചാരണമുണ്ടായിരുന്നു. പുടിന്‍, ജൂലിയന്‍ അസാന്‍ജ്, ട്രംപ് സഖ്യമാണ് ഇതിനു പിന്നില്ലെന്നും പ്രചരിച്ചിരുന്നു. അമേരിക്കന്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഡാറ്റ തകര്‍ക്കാന്‍ റഷ്യ നീക്കം നടത്തുകയാണെന്നും ഒബാമ ഭരണകൂടം ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളെ യുഎസ് ഇലക്ഷന്‍ കമ്മീഷന്‍ തള്ളിയിരിക്കുകയാണ്. യുഎസ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ നുഴഞ്ഞുകയറാന്‍ റഷ്യയ്ക്ക് ഒരിക്കലും സാധ്യമല്ലെന്നാണ് യുഎസ് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത്.
വിസ്‌കോണ്‍സിംഗ്, മിച്ചിഗന്‍, പെന്‍സല്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിലരിയെ അനുകൂലിക്കുന്ന ഒരു വിഭാഗം ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. നിയമനിര്‍മാണ സമിതി അധ്യക്ഷന്‍മാര്‍ക്കും, ഫെഡറല്‍ ഏജന്‍സിയുടെ തലവന്‍മാര്‍ക്കും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അവര്‍ സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 18 പേജ് ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് അവര്‍ തയാറാക്കിയിരിക്കുന്നത്.ഈ മാസം എട്ടാം തീയതി നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ട്രംപിനോടു തോല്‍വിയേറ്റു വാങ്ങിയതു പലര്‍ക്കും ഇനിയും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ഹിലരിയുടെ തോല്‍വിയില്‍ റഷ്യയ്ക്ക് പങ്കുണ്ടെന്ന് ഒരു വിഭാഗം കരുതുകയും ചെയ്യുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയുടെയും പ്രചാരണ തലവന്റെയുമൊക്കെ ഇ-മെയ്ല്‍ ഹാക്ക് ചെയ്ത സംഭവമാണ് റഷ്യയെ സംശയിക്കാന്‍ കാരണമായിരിക്കുന്നത്. സെനറ്റര്‍മാരായ ലിന്‍ഡ്‌സേ ഗ്രഹാം, എലീജ കമ്മിംഗ്‌സ് തുടങ്ങിയവര്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നടന്നെന്നു സംശയിക്കപ്പെടുന്ന കൃത്രിമത്വത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ഹിലരി പക്ഷക്കാര്‍. വിസ്‌കോണ്‍സിംഗിലെ തെരഞ്ഞെടുപ്പ് ഫലം റീ കൗണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 25 ആണ്. പെന്‍സില്‍വാനിയയില്‍ ഇത് 28ും മിച്ചിഗണില്‍ 30-ാം തീയതിയുമാണ്. റീ കൗണ്ട് ചെയ്യണമെന്ന ആവശ്യം ഇതുവരെ ഹിലരി നേരിട്ട് ഉന്നയിച്ചിട്ടില്ലെങ്കിലും ഹിലരിയെ അനുകൂലിക്കുന്നവര്‍ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. റീ കൗണ്ട് മാത്രമല്ല, വോട്ടിംഗ് മെഷീനുകളുടെ ഫൊറന്‍സിക് ഓഡിറ്റിംഗും നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്.
അധികാര കൈമാറ്റം സുഗമമായി നടക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഹിലരി. തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളിച്ച് രംഗത്തുവരികയാണെങ്കില്‍ 2017 ജനുവരി 20ന് യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന ട്രംപിന് സൃഷ്ടിക്കുന്ന തലവേദന നിസാരമായിരിക്കില്ല. ഇക്കാര്യം നന്നായി അറിയാവുന്ന വ്യക്തിയാണ് ഹിലരി. എന്നാല്‍ ഹിലരിയുടെ അനുയായികള്‍ ട്രംപിനോട് മൃദു സമീപനം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. ഹിലരിയുടെ വിശ്വസ്ത ഹുമ അബീദിന്റെ സഹോദരി ഹേബ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെ അവരുടെ ഫോളോവേഴ്‌സിനോട് ആഹ്വാനം ചെയ്തത് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് തെരഞ്ഞെടുപ്പ് ഫലം ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാനാണ്.

Comments

comments

Categories: World