കള്ളപ്പണക്കാരെ വളര്‍ത്തുന്ന നമ്മള്‍

കള്ളപ്പണക്കാരെ വളര്‍ത്തുന്ന നമ്മള്‍

സുധീര്‍ ബാബു

ള്ളപ്പണക്കാര്‍ക്കെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ കോരിത്തരിച്ചിരിക്കുകയാണ് നമ്മള്‍. കൂട്ടിവെച്ചിരുന്ന കള്ളപ്പണത്തിനൊക്കെ ഒരു നിമിഷം കൊണ്ട് കടലാസു കഷ്ണത്തിന്റെ വിലപോലുമില്ലാതെയായി. കള്ളപ്പണക്കാരെയൊക്കെ ഗവണ്‍മെന്റ് വളഞ്ഞിട്ടു പിടിക്കുന്നതും ഇന്‍കം ടാക്‌സ് റെയ്ഡുകളും കണ്ടും നോട്ടുകള്‍ വഴിയരികിലും കാനകളിലും പറന്നും ഒഴുകിയും നടക്കുന്നതു കണ്ടും നിര്‍വൃതി അടയുകയാണ് കള്ളപ്പണം കൈകൊണ്ട് തൊട്ടു നോക്കാത്ത നമ്മള്‍.

സത്യത്തില്‍ ആരാണ് കള്ളപ്പണ മാഫിയകള്‍ വിജയ് മല്യയെയും അംബാനിയെയും അദാനിയെയും പോലുള്ള ബിസിനസ് ഭീമന്മാരാണോ? അതോ അവരും നമ്മളുമൊക്കെ ഉള്‍പ്പെട്ട ഈ സമൂഹം തന്നെയാണോ? കള്ളപ്പണം സൃഷ്ടിക്കുകയും അത് സൃഷ്ടിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്ന ഈ സമൂഹം തന്നെയല്ലേ യഥാര്‍ത്ഥ അപരാധികള്‍?

കടയില്‍ നിന്നും സാധനം വാങ്ങുമ്പോള്‍ നമുക്ക് ബില്ലൊന്നും വേണമെന്നില്ല. കച്ചവടക്കാരന്‍ ബില്ലെഴുതാന്‍ പോയാലും നാം വിലക്കും. സാധനം വാങ്ങി കാശു കൊടുത്തു വീട്ടില്‍ പോരുകയാണ് നമ്മുടെ ഒരു രീതി. ഇനി ബില്ലെഴുതിയാല്‍ ടാക്‌സ് കൊടുക്കണം എന്നതുകൊണ്ട് അതുവേണ്ട എന്നു പറയാന്‍ നമുക്ക് മടിയുമില്ല. നാം ബില്ലുവാങ്ങിക്കാതെ നല്‍കുന്ന പണം ബിസിനസുകാരന്റെ പോക്കറ്റിലെ കള്ളപ്പണമായി മാറുന്നു. ഇന്‍കം ടാക്‌സ് അടച്ച് കയ്യില്‍ വാങ്ങിയ വെള്ളപ്പണമാണെങ്കിലും അത് ഇത്തരത്തില്‍ കള്ളപ്പണമായി മാറുവാന്‍ സഹായിക്കുന്നതില്‍ നമുക്ക് യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. ടാക്‌സ് കൊടുക്കാതെ പര്‍ച്ചേസ് ചെയ്യാനും ടാക്‌സ് വാങ്ങാതെ വില്‍ക്കാനും ബിസിനസുകാരനെ പ്രലോഭിപ്പിക്കുന്ന നമ്മളാണ് കള്ളപ്പണം സൃഷ്ടിക്കുന്ന ആദ്യ കണ്ണികള്‍.

സ്വര്‍ണ്ണം വാങ്ങുന്നവരില്‍ ബില്ല് ചോദിച്ചു വാങ്ങുന്നവര്‍ അപൂര്‍വ്വം. സാമൂഹ്യ വ്യവസ്ഥിതിയുടെ അപചയത്തില്‍ രോഷം കൊള്ളുന്നവര്‍ക്കും സ്വര്‍ണ്ണത്തിന്റെ ബില്ല് ആവശ്യമില്ല. സ്വര്‍ണ്ണത്തിന് നികുതി നല്‍കുക പ്രാണവേദനയാണ്. അതിനും കൂടി സ്വര്‍ണ്ണം വാങ്ങിക്കാമല്ലോ എന്നതാണ് മനസിലിരിപ്പ്. കള്ളപ്പണം കയ്യിലുള്ളവരും അത് നിക്ഷേപിക്കാന്‍ സ്വര്‍ണ്ണത്തെ തേടിയെത്തുന്നു. വലത്തെക്കാലിലെ മന്ത് ഇടത്തെക്കാലിലേക്ക് മാറിയതുപോലെ, കള്ളപ്പണം ഒരു കയ്യില്‍ നിന്നും മറ്റൊരു കയ്യിലേക്കെത്തുന്നു. ഒരിക്കലും വെളുക്കാതെ അത് സമാന്തര സമ്പദ് വ്യവസ്ഥയുടെ ഭാഗമായി അനുസ്യൂതം സമൂഹത്തിലൂടെ ഒഴുകുന്നു.

പാവപ്പെട്ടവനായാലും പണക്കാരനായാലും ജാതിമതരാഷ്ട്രീയ ഭേദമന്യേ ഒരുമിക്കുന്ന മറ്റൊരു മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. ചെറിയ ഇടപാടാകട്ടെ വലിയ ഇടപാടാകട്ടെ കൃത്യമായ തുക സ്റ്റാമ്പ് പേപ്പറില്‍ എഴുതുകയെന്നത് അക്ഷന്തവ്യമായ തെറ്റായി നമ്മുടെ സമൂഹം കരുതുന്നു. സ്റ്റാമ്പ് ഡ്യൂട്ടിയും ലാഭത്തിനുമേല്‍ വരുന്ന വരുമാന നികുതിയും ഓര്‍ക്കുമ്പോള്‍ കള്ളപ്പണം ആയാലും കുഴപ്പമില്ല എന്ന തീരുമാനത്തില്‍ നാം എത്തിച്ചേരുന്നു. ഇവിടെ ദേശഭക്തിയും ദേശസ്‌നേഹവുമൊക്കെ ആരോര്‍ക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്ന തുകയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് വസ്തു വിറ്റ് ആ പണത്തെ വെളുക്കാന്‍ അനുവദിക്കാതെ ഒരു നിഴല്‍ സാമ്പത്തിക വ്യവസ്ഥ സമൂഹത്തില്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന നമ്മളാണ് ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കണ്ട് കോരിത്തരിക്കുന്നത്.

ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാതെ സത്യസന്ധമായി ആദായ നികുതി അടയ്ക്കുന്ന വേറൊരു വിഭാഗവും നമ്മുടെ നാട്ടിലുണ്ടാകില്ല. ടാക്‌സ് അടയ്ക്കുന്ന കാര്യമോര്‍ത്താല്‍ നെഞ്ചു വേദന വരുന്ന പലരും കള്ളപ്പണത്തെ സ്വര്‍ണ്ണവും സ്ഥലവുമൊക്കെയായി മാറ്റി. അതിനെയാരും കള്ള സ്വര്‍ണ്ണമെന്നും കള്ള സ്ഥലമെന്നും വിളിക്കില്ലല്ലോ. ശമ്പളം വാങ്ങുന്ന പാവപ്പെട്ടവന്‍ നികുതിയടയ്ക്കുകയും അല്ലാത്തവന്‍ കള്ളപ്പണമുണ്ടാക്കി വിലസുകയും ചെയ്യുന്ന സോഷ്യലിസ്റ്റ് ജനാധിപത്യ രാജ്യമാകുന്നു നമ്മളുടേത്.

ശമ്പളം വാങ്ങുന്ന കാശിനേ വരുമാന നികുതി അടയ്‌ക്കേണ്ടതുള്ളൂ. കിമ്പളത്തിന് ടാക്‌സും കണക്കും ഒന്നുമില്ല. അതും ഈ സമാന്തര സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമായി സ്വര്‍ണ്ണവും സ്ഥലവും വിവാഹവും ഒക്കെയായി മാറ്റപ്പെടുന്നു. കള്ളപ്പണം കള്ളപ്പണമായി തന്നെ ചുറ്റിനടന്ന് സ്ഥാവരജംഗമ വസ്തുക്കളായി രൂപാന്തരം പ്രാപിക്കുന്നു. അന്തിയോളം പണിയെടുത്ത് ലഭിക്കുന്ന പണം കൈക്കൂലി കൊടുത്ത് കള്ളപ്പണം സൃഷ്ടിക്കാന്‍ കൂട്ടുനില്‍ക്കുന്നതും നമ്മള്‍ തന്നെ.

നരേന്ദ്ര മോദിയുടെ ഈ മിന്നലാക്രമണത്തെ പ്രകീര്‍ത്തിക്കുന്ന പലരും കള്ളപ്പണം കണ്ടിട്ടേയില്ല. കള്ളപ്പണം എന്താണെന്ന് കേട്ടറിവു മാത്രമേ ഉള്ളൂ. അതിര്‍ത്തിയില്‍ ഷൂട്ടിംഗിനിടയില്‍ നിന്ന് മോദിയെ സല്യൂട്ട് ചെയ്ത നടന വിസ്മയം വെളുത്തപണം കൊടുത്ത് തന്നെയാവണം ആനക്കൊമ്പ് വാങ്ങി നിലവറയില്‍ സൂക്ഷിച്ചുവെച്ചത്. ആനക്കൊമ്പ് വെളുത്തത് കൊണ്ടാവണം റെയ്ഡ് നടത്തി പിടിച്ചെടുക്കേണ്ടി വന്നത്. സിനിമയില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം കൃത്യമായി വെളിപ്പെടുത്തി നികുതി അടയ്ക്കുന്ന ഇവരൊക്കെ തന്നെയാണ് മേജറും എംപിയും എംഎല്‍എയുമൊക്കെയായി രാജ്യത്തെ സേവിക്കേണ്ടത്.

സാധാരണക്കാരന്റെ കാര്യം നമുക്ക് വിടാം. സ്ഥലം വാങ്ങുകയോ വില്‍ക്കുകയോ ചെയ്ത എത്ര രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും കൃത്യമായ തുക കാണിച്ചു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്? എത്ര താരങ്ങള്‍ സിനിമയില്‍ നിന്നുള്ള പ്രതിഫലം മുഴുവന്‍ കാണിച്ചു ഇന്‍കം ടാക്‌സ് കൊടുക്കുന്നുണ്ട്? നേതാക്കള്‍ക്ക് പാര്‍ട്ടികള്‍ നല്‍കുന്ന ശമ്പളവും മറ്റ് അലവന്‍സുകളും എത്രയാണ്? കള്ളപ്പണം.. കള്ളപ്പണം… എന്നൊക്കെ പറഞ്ഞു മറ്റുള്ളവരുടെ മെക്കിട്ട് കയറാന്‍ ഒരു മിനിമം യോഗ്യതയൊക്കെ വേണ്ടേ?

ഇവിടെ ഒരു സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതും കള്ളപ്പണം സൃഷ്ടിക്കുന്നതും നാം ഓരോരുത്തരുമാണ്. ബില്ലില്ലാതെ സാധനം വാങ്ങുമ്പോള്‍, ശരിയായ തുക കാണിക്കാതെ സ്ഥലം രജിസ്റ്റര്‍ ചെയ്യുമ്പോള്‍, കൈക്കൂലി നല്‍കുമ്പോള്‍, അഴിമതിക്ക് കൂട്ടു നില്‍ക്കുമ്പോള്‍ കള്ളപ്പണം ഉടലെടുക്കാന്‍ നാം സഹായിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഇത്തിക്കണ്ണി പോലെ തിന്നു തീര്‍ക്കുന്ന ഒരു മഹാ വിപത്തിനെ ഓരോ നിമിഷവും നാം വളര്‍ത്തുകയാണ്. സാധാരണക്കാരനായ നമ്മള്‍ ഉണ്ടാക്കുന്ന കള്ളപ്പണവും വ്യവസായ ഭീമന്‍മാര്‍ ഉണ്ടാക്കുന്ന കള്ളപ്പണവും വലിപ്പത്തില്‍ മാത്രമേ വ്യത്യാസമുള്ളു. കുറ്റങ്ങള്‍ രണ്ടും ഒന്നു തന്നെയാണ്.

സമൂഹത്തിലാകെ കള്ളപ്പണമെന്ന വിപത്ത് കാന്‍സര്‍ പോലെ പടര്‍ന്നു പിടിച്ചുകഴിഞ്ഞു. ഈയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ടുമാത്രം കള്ളപ്പണം ഇല്ലാതെയാവുന്നില്ല. നാം ഓരോരുത്തരും ഈയൊരു നിഴല്‍ സാമ്പത്തിക വ്യവസ്ഥയുടെ കണ്ണികളാണ്. അറിഞ്ഞോ അറിയാതെയോ ഈ കണ്ണിയുടെ ഭാഗമാകുന്ന നമ്മളാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. ആരേയും കുറ്റം പറയാനില്ല. മാറ്റം വേണ്ടത് നമുക്കാണ്. നാം മാറിയാലേ ഈ വ്യവസ്ഥിതി മാറുകയുള്ളു. പുതിയൊരു സംസ്‌കാരം ഉടലെടുക്കുകയുള്ളു.

(ആര്‍ട്ട് ഓഫ് ലിവിംഗ് മീഡിയ ചെയര്‍മാനും ഡിവാലര്‍ കണ്‍സള്‍ട്ടന്റ്‌സ് മേധാവിയുമാണ് ലേഖകന്‍)

Comments

comments

Categories: FK Special
Tags: corruption