അസാധു നോട്ടുകളില്‍ പകുതിയിലധികം മാറ്റി നല്‍കി

അസാധു നോട്ടുകളില്‍  പകുതിയിലധികം മാറ്റി നല്‍കി

 
മുംബൈ: അസാധുവാക്കിയ നോട്ടുകളില്‍ പകുതിയിലധികവും മാറ്റി നല്‍കുകയോ അല്ലെങ്കില്‍ നിക്ഷേപമായി സ്വീകരിക്കുകയോ ചെയ്‌തെന്ന് വ്യവസായ വിദഗ്ധര്‍. ഈ സാഹചര്യത്തില്‍ ബാങ്കുകളിലെ നീണ്ടനിര അധികം വൈകാതെ കുറഞ്ഞേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
വ്യക്തികളുടെ പണമടയ്ക്കല്‍ ശീലങ്ങളില്‍ ഘടനാപരമായ മാറ്റം തിരിച്ചറിയുന്നുണ്ട്. പണേതര മാര്‍ഗ്ഗങ്ങള്‍ ഏറെ അവലംബിക്കുന്നതിനാല്‍ കറന്‍സി ക്ഷാമമെന്ന പ്രതിസന്ധി ലഘൂകരിക്കപ്പെടും. പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ പാകത്തില്‍ എടിഎമ്മുകള്‍ കൂടുതല്‍ സജ്ജമാകുന്നതോടെ നിലവിലെ അവസ്ഥയില്‍ മാറ്റംവരുമെന്നും സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
മാറ്റി വാങ്ങാവുന്ന തുകയുടെ പരിധി ഉയര്‍ത്തുന്നതിനോടൊപ്പം എടിഎമ്മുകളിലൂടെയുള്ള പണം പിന്‍വലിക്കല്‍ മെച്ചപ്പെടുത്തുകയും കറന്‍സി രഹിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതോടെ ബാങ്കുകൡലെ തിരക്ക് കുറയുമെന്ന് ഡിബിഎസിലെ സാമ്പത്തിക വിദഗ്ധ രാധിക റാവു പറഞ്ഞു. അടുത്ത മാസവും നിക്ഷേപങ്ങള്‍ വര്‍ധിക്കും. എന്നാല്‍ അസാധു നോട്ട് കൂടുതല്‍ മാറ്റി വാങ്ങപ്പെടുന്നതിനാല്‍ വളര്‍ച്ചയില്‍ മെല്ലപ്പോക്ക് സംഭവിക്കാമെന്ന് അവര്‍ സൂചിപ്പിച്ചു.
നോട്ട് പിന്‍വലിക്കല്‍ നടപടി മികച്ചതായതിനാലാണ് പത്തു ദിവസത്തിനുള്ളില്‍ നിക്ഷേപങ്ങളില്‍ കുതിപ്പുണ്ടായതെന്ന് രാധിക റാവു ചൂണ്ടിക്കാട്ടി.
അടുത്ത 40 ദിവസത്തിനുള്ളില്‍ 5-7 ലക്ഷം കോടി രൂപയുടെ ഒഴുക്ക് പ്രതീക്ഷിക്കാം. പണം പിന്‍വലിക്കല്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നിക്ഷേപങ്ങളുടെ വരവിന്റെ തീവ്രത കുറയുമെന്ന് ആക്‌സിസ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായ സൗഗത ഭട്ടാചാര്യ പറഞ്ഞു.
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ മാറ്റി വാങ്ങല്‍ സമയപരിധി ഡിസംബര്‍ 31നാണ് അവസാനിക്കുന്നത്. ഏകദേശം 10-11 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 10 മുതല്‍ 18 വരെ ബാങ്കുകള്‍ 5.4 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Comments

comments

Categories: Slider, Top Stories