മള്‍ട്ടി സ്‌പെഷ്യാലിറ്റിയില്‍ സ്‌പെഷലായി നിംസ്

മള്‍ട്ടി സ്‌പെഷ്യാലിറ്റിയില്‍ സ്‌പെഷലായി നിംസ്

faisal-khanആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരുവിധത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്കും നമ്മളാരും തന്നെ തയാറാകാറില്ല. മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ആശുപത്രികള്‍ തേടി രോഗികള്‍ എത്തുന്നതിനു പിന്നിലെ കാരണവും ഇതുതന്നെയാണ്. ആതുരസേവന മേഖലയില്‍ അടുത്തകാലത്തായി ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍. ആധുനിക സൗകര്യങ്ങളോടെ എല്ലാ തരത്തിലുള്ള ചികിത്സകളും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ലഭ്യമാക്കുന്ന മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലുകള്‍ക്ക് ഇന്ന് പ്രാധാന്യം വര്‍ധിച്ചുവരികയാണ്. കേരളത്തില്‍ അറിയപ്പെടുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് തിരുവനന്തപുരത്തുള്ള നിംസ് മെഡിസിറ്റി. 350 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും പല രോഗങ്ങള്‍ക്കും ചികിത്സ നല്‍കാന്‍ പ്രത്യേക വിഭാഗവും ഇവിടെയുണ്ട്. സാധാരണക്കാരന് ഏറ്റവും മികച്ച ചികിത്സ വിപുലമായ സൗകര്യങ്ങളുമായി ലഭ്യമാക്കാനാണ് നിംസ് പരിശ്രമിക്കുന്നത്.
”പത്തുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ആരോഗ്യമേഖലയില്‍ അതിശയകരമായ മാറ്റങ്ങളാണ് സ്വകാര്യ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലൂടെ സാധ്യമായിട്ടുള്ളത്,” നിംസ് മാനേജിംഗ് ഡയറക്ടര്‍ എംഎസ് ഫൈസല്‍ ഖാന്‍ വ്യക്തമാക്കുന്നു. പക്ഷേ പലപ്പോഴും ആളുകള്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളോട് അകാരണമായ അകല്‍ച്ചകാട്ടുന്നുണ്ട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സാധാരണ ആശുപത്രികളില്‍ ചികിത്സ ലഭ്യമാകാതെ വരുമ്പോള്‍ മാത്രം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ തേടിയെത്തുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.
”വലിയ അസുഖങ്ങള്‍ വരുമ്പോള്‍ മാത്രം മതിയായ സൗകര്യങ്ങളുള്ള ആശുപത്രികളെ ആശ്രയിക്കുകയും അല്ലാത്തപ്പോള്‍ പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികളെ ആശ്രയിക്കുകയും ചെയ്യുന്ന സമീപനം മാറേണ്ടിയിരിക്കുന്നു. ഹോട്ടലുകള്‍ വലുതും ചെറുതുമുണ്ട്. രണ്ടിലും ഭക്ഷണം ലഭിക്കുകയും ചെയ്യും. അപ്പോള്‍ പിന്നെ ഏതില്‍ കയറിയാലും എന്താ കുഴപ്പമെന്ന മനോഭാവത്തില്‍ ആശുപത്രികളെ വിലയിരുത്തരുത്,” ഫൈസല്‍ പറയുന്നു. ആശുപത്രികളില്‍ അസുഖം കണ്ടെത്തി ചികിത്സയാണ് നല്‍കുന്നത്. പെട്ടെന്നൊരു ദേഹാസ്വാസ്ഥ്യമുണ്ടായാല്‍ ചെയ്യേണ്ട എല്ലാ ടെസ്റ്റുകള്‍ക്കുമുള്ള സൗകര്യങ്ങള്‍ നിങ്ങളെത്തുന്ന ആശുപത്രിയിലുണ്ടായിരിക്കണം. സൗകര്യങ്ങള്‍ കൂടുതലുള്ള ആശുപത്രികളോട് വിമുഖത കാട്ടുന്ന പ്രവണതയാണ് ഇപ്പോള്‍ നിലവിലുള്ളത്. സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ വന്നതോടെ രോഗവുമായി എത്തുന്ന ആളിന് പല ടെസ്റ്റുകള്‍ ചെയ്യാന്‍ പല ക്ലിനിക്കുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവായി. എല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ഒരുക്കി നല്‍കുകയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ ചെയ്യുന്നത്. ചെറിയ ആശുപത്രികളെ വിലകുറച്ചുകാണുന്നില്ല. ഏറ്റവും ചെറിയ ആശുപത്രിക്കുപോലും അതിന്റേതായ പരിമിതികളും നല്ല വശങ്ങളുമുണ്ട്, ”എം എസ് ഫൈസല്‍ ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

futureceoഒരു ദിവസം 1200 ഓളം രോഗികളാണ് ഇപ്പോള്‍ നിംസില്‍ ചികിത്സ തേടിയെത്തുന്നത്. നിംസ് എന്ന ബ്രാന്‍ഡ് നെയിം നല്‍കുന്ന വിശ്വാസത്തിനപ്പുറം ലഭ്യമാകുന്ന സേവനങ്ങള്‍ വിലയിരുത്തിക്കൊണ്ടുകൂടിയാണ് ഇവിടേക്ക് കൂടുതല്‍ ആളുകള്‍ എത്തിചേര്‍ന്നുകൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന നല്ല അനുഭവങ്ങളുമാണ് നിംസിനെ ജനകീയമാക്കുന്നത്. ഉപഭോക്താക്കള്‍ അനുഭവത്തില്‍ നിന്ന് ആര്‍ജിച്ചെടുത്ത വിശ്വാസമാണ് നിംസിന്റെ സ്വീകാര്യതയ്ക്കു പിന്നിലുള്ളത്. ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ഹാര്‍ട്ട് ഹോസ്പിറ്റലാണ് നിംസ്. 126000 ഹൃദയങ്ങള്‍ നിംസ് ഹാര്‍ട്ട് ഫൗണ്ടേഷനിലൂടെ ഇന്നും തുടിക്കുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ മികച്ച സേവനത്തിലൂടെ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. മധു ശ്രീധറിന്റെ നേതൃത്വത്തിലാണ് നിംസില്‍ ഹാര്‍ട്ട് ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ”കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന കാരുണ്യ പദ്ധതി വളരെ മികച്ചതായിരുന്നു. നിരവധി ഹൃദ്രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുമുണ്ട്. ചെലവുകളില്‍ ഇളവുകള്‍ അനുവദിക്കാനും രോഗികള്‍ക്ക് ആശ്വാസം പകരാനും നിംസ് എക്കാലവും ശ്രദ്ധപുലര്‍ത്താറുണ്ട്. രോഗികളുടെയും ബന്ധുക്കളുടെയും മാനസികാവസ്ഥ മനസിലാക്കി പെരുമാറാന്‍ ഞങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ വേണ്ടപ്പെട്ടവരാണ് രോഗബാധിതരായി കിടക്കുന്നതെങ്കിലെന്ന ചിന്തമാത്രം മതിയാവും ദയയുള്ള മനസുണ്ടാകാന്‍,” ഫൈസല്‍ഖാന്‍ പറയുന്നു.
2005-ല്‍ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് എം എസ് ഫൈസല്‍ഖാന്‍ നിംസിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. ദന്തല്‍ കോളെജ് ആയിരുന്നു ആദ്യ സങ്കല്‍പ്പം. എന്നാല്‍ ആശുപത്രിയാണ് ഏറെ അനിവാര്യമെന്ന ചിന്തയില്‍ നിന്നാണ് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയായി ഇന്നുകാണുന്ന നിംസ് രൂപംപ്രാപിച്ചതിനു പിന്നില്‍. തുടങ്ങി നാലുമാസത്തിന് ശേഷമാണ് നിംസ് എന്ന പേരുപോ
ലും ആശുപത്രിക്ക് നല്‍കിയതെന്ന് ഫൈസല്‍ ഖാന്‍ ഓര്‍മിക്കുന്നു. തിരിച്ചടികളില്‍ പതറാതെ മുന്നോട്ടുപോയാണ് നിംസ് ഇന്നുകാണുന്ന ഉയരങ്ങള്‍ കീഴടക്കിയത്. അവഹേളനങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഫൈസല്‍ ഖാന്‍ നിംസ് എന്ന ബ്രാന്‍ഡിനെ ദക്ഷിണ കേരളത്തിലെ ഏറ്റവും ജനപ്രിയമായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കുയര്‍ത്തിയത്. ബിസിനസിനപ്പുറം മനുഷ്യത്വത്തിന്റെ ഗന്ധവും രുചിയും കൂടി ചേരുമ്പോഴാണ് ആശുപത്രിയെന്ന സങ്കല്‍പ്പം പൂര്‍ണത കൈവരിക്കുന്നത്. മുപ്പതില്‍പരം വ്യത്യസ്ത വിഭാഗങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 1989-ല്‍ കന്യാകുമാരിയില്‍ സ്ഥാപിതമായ നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ സഹ സ്ഥാപനം കൂടിയാണ് നിംസ് ആശുപത്രി.

കുട്ടികള്‍ക്ക് സൗജന്യമായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നിംസിന്റെ കീഴില്‍ ലഭ്യമാക്കുന്നുണ്ട്. എട്ടുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുന്നത്. 70 വിദ്യാര്‍ഥികളാണ് ഈ സ്‌പോണ്‍സര്‍ഷിപ്പ് പരിപാടിയിലൂടെ പരിശീലനം നേടുന്നത്. 2013 ആകുമ്പോഴേക്കും ജനസേവകരായ ഏതാനും സിവില്‍ സര്‍വീസുകാരെ വാര്‍ത്തെടുക്കാനാണ് ഫൈസല്‍ ഖാന്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. വ്യവസായത്തിന് പുറമേ സാസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ഏറെ തല്‍പ്പരനാണ് എം എസ് ഫൈസല്‍ ഖാന്‍. നല്ലൊരു എഴുത്തുകാരനും കൂടിയാണ് ഇദ്ദേഹം. കൂടാതെ മറ്റ് പ്രധാന ലക്ഷ്യങ്ങളെന്നത് കേരളത്തില്‍ ആദ്യമായി ഹ്യൂമന്‍ ജനറ്റിക് ആന്‍ഡ് മോളിക്യുലാര്‍ സയന്‍സ് അഥവാ ജനിതക ലാബ് ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ജനിതക വൈകല്യങ്ങളും ഉണ്ടാകാനിടയുള്ള രോഗങ്ങളെക്കുറിച്ചും ഗര്‍ഭത്തിന്റെ നാലാം ആഴ്ചയില്‍ തന്നെ പരിശോധനയിലൂടെ തിരിച്ചറിയാനാവുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് കൃത്യമായ ചികിത്സ നല്‍കാനും മറ്റു മുന്‍കരുതലുകളെടുക്കാനും ഏറെ സഹായകമാണ്.

റിഹാബ് ഗാര്‍ഡനെന്ന വ്യത്യസ്തമായ പദ്ധതിയും നിംസിനു കീഴില്‍ വരുന്നുണ്ട്. ഹൃദ്രോഗം പോലുള്ള അസുഖങ്ങള്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സ തുടരുന്നവര്‍ക്ക് കോട്ടേജ് സൗകര്യം ഒരുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാം ദിവസവും ആശുപത്രിയിലെത്താതെ തന്നെ കൃത്യമായ പരിചരണം ഉറപ്പാക്കാന്‍ ഈ പദ്ധതി ഏറെ സഹായകമാകും. നാച്ചുറോപ്പതി ഹെല്‍ത് ടൂറിസം വരാനിരിക്കുന്ന മറ്റൊരു ശ്രദ്ധേയ പദ്ധതിയാണ്. ഹെല്‍ത്ത് ടൂറിസത്തിന്റെ ഭാഗമായി ഇതു നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വരും മാസങ്ങളില്‍ തുടങ്ങാനും തയാറെടുക്കുകയാണ്. നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ കീഴില്‍ രണ്ട് സ്റ്റഡി സെന്ററുകള്‍ മാലി ദ്വീപിലും കിഴക്കേ ആഫ്രിക്കയിലും തുടങ്ങാനും പദ്ധതിയുണ്ട്. ഒരു പിടി നല്ല പദ്ധിതികള്‍ ഇതിനോടകം നിംസില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രൂപം നല്‍കിയ അഗ്രി ഫാര്‍മേഴ്‌സ് ഫോറംവഴി കര്‍ഷകര്‍ക്ക് നല്‍കുന്ന പിന്തുണ ഇതില്‍ എടുത്തുപറയേണ്ട ഒന്നാണ്. സാള്‍ട്ട് പ്ലാന്റേഷനും ഇവര്‍ക്ക് സ്വന്തമായുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ തുടങ്ങി ആരോഗ്യം, ഗവേഷണം എന്നിങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയതാണ് നൂറുല്‍ ഇസ്ലാമും നിംസും. തമിഴ്‌നാട്ടിലാണ് ഇവരുടെ വ്യവസായ സ്ഥാപനങ്ങള്‍ ഏറെയുമുള്ളത്. പ്രത്യക്ഷമായി 4500 ജീവനക്കാരും പരോക്ഷമായി ഏഴായിരത്തോളം പേരും നിംസിലും നൂറുല്‍ ഇസ്ലാമിനും കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: FK Special