എണ്‍പതോളം ഇനങ്ങളെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയേക്കും

എണ്‍പതോളം ഇനങ്ങളെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയേക്കും

 

ന്യൂഡെല്‍ഹി: എണ്‍പതോളം ഇനങ്ങളെ നിര്‍ദ്ദിഷ്ട ചരക്ക് സേവന നികുതിയില്‍നിന്ന് ഒഴിവാക്കിയേക്കും. ഭക്ഷ്യധാന്യങ്ങള്‍, പച്ചത്തേങ്ങ, അവില്‍, സംസ്‌കരണ പ്രക്രിയ നടത്താത്ത ഗ്രീന്‍ ടീ ഇല, നോണ്‍-മിനറല്‍ വാട്ടര്‍ തുടങ്ങിയ ഇനങ്ങളെ ജിഎസ്ടി പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. കാപ്പി, ബിസ്‌കറ്റ്, റസ്‌ക്, വെണ്ണ, പാല്‍ക്കട്ടി എന്നിവക്ക് നിലവില്‍ എക്‌സൈസ് ഡ്യൂട്ടി ഇല്ല. ജിഎസ്ടി യുടെ കാര്യത്തിലും ഇതു പിന്തുടരാനാണ് സാധ്യത. നിലവില്‍ 300ഓളം ഇനങ്ങളെ സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍നിന്നും 90 ഇനങ്ങളെ സംസ്ഥാന വാറ്റില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സമിതിയാണ് ഓരോ ഇനത്തിന്റെയും ജിഎസ്ടി നിരക്ക് തയാറാക്കുന്നത്. ഇതുസംബന്ധിച്ച തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. സമിതി അംഗങ്ങള്‍ക്ക് ഇതിനകം 16,000 ത്തിലധികം നിവേദനങ്ങള്‍ ലഭിച്ചതായാണ് ലഭിക്കുന്ന വിവരം.
ഉദാഹരണത്തിന്, 200 ലിറ്ററിന്റെ റെഫ്രിജറേറ്റര്‍ 28 ശതമാനം നികുതിയിയുടെ സ്ലാബില്‍ നിന്നു മാറ്റി 18 ശതമാനത്തിന്റെ സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്. ഇക്കാലത്ത് ഇത്തരം റെഫ്രിജറേറ്ററുകള്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണെന്നും ആഡംബര വസ്തുവായി കണക്കാക്കാനാകില്ലെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

നികുതി പിരിവ് സംബന്ധിച്ച കേന്ദ്ര-സംസ്ഥാന തര്‍ക്കത്തിന് പരിഹാരം കാണാനും സമിതി ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സംസ്ഥാന ധനമന്ത്രിമാരും തമ്മില്‍ ധാരണയിലെത്തിയിട്ടില്ല. കരട് ജിഎസ്ടി ബില്‍, കരട് നഷ്ടപരിഹാര ബില്‍ എന്നിവ ഉദ്യോഗസ്ഥ സമിതി പരിശോധിക്കുന്നുണ്ട്. നാളെ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഈ വിഷയങ്ങള്‍ പരിഗണിക്കും.

ചരക്ക് സേവന നികുതി അഞ്ച് സ്ലാബുകളിലായി പിരിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നേരത്തെ ധാരണയിലെത്തിയിരുന്നു.

Comments

comments

Categories: Slider, Top Stories