ജീന്‍ ഡ്രീസിന്റേത് പ്രസക്തമായ നിലപാട്

ജീന്‍ ഡ്രീസിന്റേത് പ്രസക്തമായ നിലപാട്

നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് ഹോസ്പിറ്റല്‍ കേസുകള്‍ ഉള്‍പ്പെടെ പ്രാധാന്യമര്‍ഹിക്കുന്ന നിരവധി കാര്യങ്ങളില്‍ ജനം പൊറുതി മുട്ടിയത് ഇതിനോടകം കണ്ടു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ അപാകതയൊന്നുമില്ലെന്നത് വാസ്തവമാണ്. എന്നാല്‍ ഒരു സമ്പദ് വ്യവസ്ഥ പക്വത കൈവരിക്കുന്നതിന് മുമ്പ് അത് നടപ്പാക്കിയതാണ് പ്രശ്‌നം.

പ്രമുഖ ഡെവലപ്‌മെന്റ് ഇക്കണോമിസ്റ്റ് ജീന്‍ ഡ്രീസ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെ നടത്തിയ അഭിപ്രായം ശ്രദ്ധേയമാണ്. ഒരു റേസിംഗ് കാറിന്റെ ടയറുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത പോലുള്ള നടപടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലെന്നാണ് അദ്ദേഹം പറഞ്ഞത്. കള്ളപ്പണത്തിനെതിരെയുള്ള ക്രിയാത്മക നടപടിയാണോ അല്ലെയോ ഇതെന്നുള്ളതെല്ലാം രണ്ടാമത്തെ വിഷയമാണ്. പ്രാഥമികമായി ഇത് ജനത്തിനുണ്ടാക്കിയ ബുദ്ധിമുട്ടാണ് അദ്ദേഹം സൂചിപ്പിച്ചത്. സമാന്തര സംവിധാനങ്ങളൊരുക്കാതെ വളര്‍ന്നുവരുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ ഇത്തരത്തിലൊരു നടപടി തെറ്റായിപ്പോയി എന്നാണ് ഡ്രീസിനെപ്പോലുള്ള നിരവധി സാമ്പത്തിക വിദഗ്ധരുടെ പക്ഷം.
കൃത്യമായ ബാങ്കിംഗ് സേവനങ്ങള്‍ എല്ലാവരിലേക്കും എത്താതെ, ഇ-പെയ്‌മെന്റ് സംവിധാനങ്ങള്‍ വ്യാപകമാകാതെ നോട്ട് അസാധുവാക്കല്‍ പോലുള്ള നടപടികള്‍ യുക്തിരഹിതമാണെന്ന വാദങ്ങള്‍ പ്രധാനമന്ത്രി ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു.

Comments

comments

Categories: Editorial