നോട്ട് അസാധുവാക്കല്‍: വരുമാനം ഉയര്‍ത്തുമെങ്കിലും ക്രെഡിറ്റ് പ്രൊഫൈലിനെ സഹായിക്കില്ലെന്ന് ഫിച്ച്

നോട്ട് അസാധുവാക്കല്‍:  വരുമാനം ഉയര്‍ത്തുമെങ്കിലും ക്രെഡിറ്റ് പ്രൊഫൈലിനെ സഹായിക്കില്ലെന്ന് ഫിച്ച്

 

 

മുംബൈ: 500രൂപ, 1000 രൂപ കറന്‍സി നോട്ടുകള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി റവന്യൂ വരുമാനം വര്‍ധിപ്പിക്കുമെങ്കിലും രാജ്യത്തിന്റെ ക്രെഡിറ്റ് പ്രൊഫൈലിനെ സഹായിക്കില്ലെന്ന് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സിന്റെ നിരീക്ഷണം. നോട്ട് പിന്‍വലിക്കല്‍ സമ്പദ്ഘടനയില്‍ താത്കാലിക പ്രതിസന്ധി മാത്രമാണ് സൃഷ്ടിക്കുകയെന്ന് വ്യക്തമാക്കിയ ഫിച്ച് എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നം ദീര്‍ഘകാലത്തേക്ക് തുടര്‍ന്നാല്‍ അത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തെ ബാധിക്കുമെന്നും വ്യക്തമാക്കി.

സമ്പദ്ഘടനയില്‍ വിനിമയത്തിലുള്ള 86 ശതമാനത്തോളം കറന്‍സി നോട്ടുകളാണ് പിന്‍വലിച്ചത്. ഇതേത്തുടര്‍ന്ന് ഉപയോക്താക്കളുടെ വാങ്ങല്‍ ശേഷി കുറഞ്ഞെന്നും വിതരണ ശൃംഖലയെ ബാധിച്ചെന്നും കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങാന്‍ കഴിയുന്നില്ലെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ജനം ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ വരി നില്‍ക്കുന്നത് ഉല്‍പ്പാദനക്ഷമതയെ ബാധിച്ചിട്ടുണ്ടെന്നും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ അസംഘടിത മേഖല വളരെ വിപുലമാണ്. ജിഡിപിയുടെ 20 ശതമാനവും തൊഴിലവസരങ്ങളുടെ 80 ശതമാനവും സംഭാവന ചെയ്യുന്നത് അസംഘടിത മേഖലയാണ്. നോട്ടുകള്‍ അസാധുവാക്കിയ നടപടി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അസംഘടിത മേഖലയില്‍ നിന്ന് സംഘടിത മേഖലയിലേക്ക് എത്തിക്കുമെന്നതാണ് ഗുണകരമായ ഒരു കാര്യമെന്ന് ഫിച്ച് നിരീക്ഷിക്കുന്നു.
എന്നാല്‍ നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഗുണങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് സംബന്ധിച്ച് നിരവധി അനിശ്ചിതത്വങ്ങളുണ്ടെന്നും ഫിച്ച് റേറ്റിംഗ്‌സ് വ്യക്തമാക്കുന്നു. സംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതുതായി പുറത്തിറക്കുന്ന ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടയും സമ്പാദ്യം സൂക്ഷിക്കുന്നത് ഇപ്പോഴും സാധ്യമാണ്. പണരഹിത വിനിമയം പ്രോല്‍സാഹിക്കിക്കുന്ന തരത്തിലുള്ള വലിയ ആനുകൂല്യങ്ങളൊന്നും സര്‍ക്കാര്‍ ഇതുവരെ ജനങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടില്ലെന്നും അസംഘടിത മേഖലയിലെ ബിസിനസ് വേഗത്തില്‍ തന്നെ പഴയ നിലയിലെത്താന്‍ സാധ്യതയുണ്ടെന്നും ഫിച്ച് നിരീക്ഷിക്കുന്നു.

Comments

comments

Categories: Business & Economy