ഇന്ത്യയില്‍ അലുമിനിയം കുപ്പിയില്‍ പാനീയമിറക്കാന്‍ കൊക്ക കോള

ഇന്ത്യയില്‍ അലുമിനിയം  കുപ്പിയില്‍ പാനീയമിറക്കാന്‍ കൊക്ക കോള

ന്യൂഡെല്‍ഹി: ശീതള പാനീയ ഭീമനായ കൊക്ക കോള ഇന്ത്യയില്‍ അലുമിനിയം കുപ്പികള്‍ പരീക്ഷിക്കുന്നു.
കോക്ക്, കോക്ക് സീറോ, ഡയറ്റ് കോക്ക്, സ്പ്രിന്റ് തുടങ്ങിയവ അലുമിനിയം കുപ്പിയില്‍ നിറച്ച് വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.
യുഎസ്, യുകെ, ചൈന എന്നിവിടങ്ങളില്‍ 200 മില്ലിലിറ്റര്‍ അളവിലെ അലുമിനിയം കുപ്പിക്ക് ജനപ്രീതിയുണ്ടെന്ന് കൊക്ക കോള ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡാന ബോള്‍ഡന്‍ പറഞ്ഞു.
ലോഹം കൊണ്ട് നിര്‍മിച്ച ടിന്‍ ആണ് കൊക്ക കോള അടക്കമുള്ള സോഫ്റ്റ് ഡ്രിങ്ക്‌സ് കമ്പനികള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നത്. 2005 ലാണ് അലുമിനിയം കുപ്പികള്‍ പുറത്തിറക്കിയത്. ഇത് വളരെ എളുപ്പത്തില്‍ കൊണ്ടുപോകാനാകും. നേരിട്ടുള്ള സൂര്യ പ്രകാശത്തെ ചെറുക്കുകയും ദീര്‍ഘനാള്‍ കേടു കൂടാതെയിരിക്കുകയും ചെയ്യും. – ബോള്‍ഡന്‍ ചൂണ്ടിക്കാട്ടി.
കൊക്ക കോളയ്ക്ക് സ്വാധീനമുള്ള മറ്റേതൊരു വിപണിയില്‍ നിന്നും വ്യത്യസ്തമല്ല ഇന്ത്യ. അതിനാല്‍ പുതിയ പാക്കേജിംഗിന് സ്വീകാര്യത ലഭിക്കും.
ഏതെങ്കിലും പുതിയ ഉല്‍പ്പന്നത്തിന് പിന്നില്‍ വിപണന തന്ത്രം പ്രയോഗിച്ചാല്‍ അതിന് സ്വീകാര്യത ലഭിക്കും. 18 മാസം മുന്‍പാണ് കമ്പനി കോക്ക് സീറോ ടിന്നുകള്‍ അവതരിപ്പിച്ചത്. വിപണന തന്ത്രം നടപ്പാക്കാതിരുന്നെങ്കില്‍ ഉല്‍പ്പന്നത്തിന് ഇപ്പോഴത്തെ പ്രചാരം ലഭിക്കുമായിരുന്നില്ല. ഇന്ത്യയും മറ്റു വിപണികള്‍ക്കു സമാനം തന്നെ. വിപണന തന്ത്രത്തിലൂടെ മാത്രമെ ഉല്‍പ്പന്നത്തിന് സ്വീകാര്യത ലഭിക്കൂ. ദീര്‍ഘ വീക്ഷണമുള്ളവരും പുതിയ രീതികള്‍ പിന്തുടരുന്നവരുമായ ഇന്ത്യയിലെ ഉപഭോക്താക്കള്‍ അലുമിനിയം കുപ്പികളെ സ്വീകരിക്കുമെന്നും ബോള്‍ഡന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Comments

comments

Categories: Trending