ചൈനയില്‍ തോല്‍ക്കുന്ന ആപ്പിള്‍

ചൈനയില്‍ തോല്‍ക്കുന്ന ആപ്പിള്‍

 

നൂതനമായ മാര്‍ക്കറ്റിംഗ് രീതികളിലൂടെ ആപ്പിള്‍ പോലൊരു വമ്പന്‍ ബ്രാന്‍ഡിനെ അപ്രസക്തമാക്കി ചൈനയിലെ തദ്ദേശീയ ബ്രാന്‍ഡുകള്‍ കുതിക്കുകയാണ്. അമേരിക്കന്‍ വന്‍കിട ടെക് കമ്പനികള്‍ക്ക് ചൈനയില്‍ വെന്നിക്കൊടി പാറിക്കാനാകില്ലെന്നതിന്റെ പുതിയ ഉദാഹരണമായി ആപ്പിള്‍ മാറുമോയെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സെയ്ല്‍സ് പ്രതിനിധികള്‍ക്ക് സബ്‌സിഡി കൊടുത്താണ് ചൈനീസ് ബ്രാന്‍ഡുകള്‍ ആപ്പിളിനെ പിന്നിലാക്കിയത്.

രണ്ട് വര്‍ഷം മുമ്പ് ഒപ്പോ, വിവോ തുടങ്ങിയ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് അവിടെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയില്‍ കേറാന്‍ പോലും സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ചൈനയില്‍ ഏറ്റവും അധികം വിറ്റുപോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളായി ഇവര്‍ മാറി. വന്‍ വില നല്‍കി ആപ്പിള്‍ ഫോണ്‍ വാങ്ങുന്ന സാഹസത്തിന് ഇനി ചൈനക്കാര്‍ മുതിര്‍ന്നേക്കില്ല. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ നല്‍കിയാല്‍ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. എടുത്തുപറയേണ്ട ഒരു വസ്തുത ഡിസ്ട്രിബ്യൂട്ടര്‍മാരും റീട്ടെയ്ല്‍ സ്റ്റോറുടമകളുമെല്ലാം ഒപ്പോ, വിവോ തുടങ്ങിയ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കാന്‍ തയാറായി എന്നതാണ്. തങ്ങളുടെ ലാഭത്തിന്റെ ഒരു പങ്ക് അവരുമായി പകുത്തെടുക്കാന്‍ അവര്‍ തയാറാകുന്നുവെന്നതും ശ്രദ്ധേയമാണ്.

ആപ്പിള്‍, സാംസംഗ് തുടങ്ങിയ വിദേശ ബ്രാന്‍ഡുകളുടെ വളര്‍ച്ചയുടെ വിളനിലമായിരുന്നു ചൈന. 2015 സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് കമ്പനി ചൈനയില്‍ നിന്നു മാത്രം നേടിയത് 59 ബില്ല്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ്. ആ സമയത്ത് ആപ്പിളിന്റെ ഓഹരിയില്‍ മാത്രം 60 ശതമാനം ഉയര്‍ച്ചയാണുണ്ടായത്. പ്രാദേശികമായി ആപ്പിളിന് പകരം കുറഞ്ഞ വിലയില്‍ മികച്ച ഫോണുകള്‍ ലഭ്യമാകാന്‍ തുടങ്ങിയതോടെ കഥ മാറി.

40 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് കഴിഞ്ഞ പാദത്തില്‍ ഒപ്പോയും വിവോയും വിറ്റഴിച്ചത്. 34 ശതമാനത്തോളം വിപണി വിഹിതം വരുമിത്. 2012ലെ 2.5 ശതമാനത്തില്‍ നിന്നാണ് 34 ശതമാനത്തിലേക്കുള്ള കുതിപ്പ്. ഇന്ത്യയിലും കേന്ദ്ര സര്‍ക്കാരിന് മുന്‍കൈയെടുത്ത് ഗുണനിലവാരമുള്ള പ്രാദേശിക സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് ജന്മം നല്‍കാവുന്നതാണ്. എന്നാല്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച്ചയരുത്. ഒരു പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡിന് വിപണി വിഹിതം നഷ്ടപ്പെടാന്‍ കാരണം വില മാത്രം താഴ്ത്തി ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയതാണെന്നത് മറക്കരുത്.

Comments

comments

Categories: Editorial