അമൃത സര്‍വ്വകലാശാലയുടെ ഇ-ലേണിങ്ങ് സൊലൂഷന് ഫിക്കിയുടെ ദേശീയ അവാര്‍ഡ്

അമൃത സര്‍വ്വകലാശാലയുടെ ഇ-ലേണിങ്ങ് സൊലൂഷന് ഫിക്കിയുടെ ദേശീയ അവാര്‍ഡ്

 

കൊച്ചി: 2016 ലെ സാങ്കേതിക രംഗത്തെ മികവിനുള്ള ഫിക്കി ദേശീയ അവാര്‍ഡിന് അമൃത സര്‍വ്വകലാശാലയുടെ ഓപ്പണ്‍ സോഴ്‌സ് ഇ-ലേണിങ്ങ് സൊലൂഷന്‍ എ-വ്യൂ അര്‍ഹമായി. 12മത് ഫിക്കി വിദ്യാഭ്യാസ ഉച്ചകോടിയില്‍ വെച്ച് അമൃത സര്‍വകാലാശാല ഇ-ലേണിങ്ങ് റിസര്‍ച്ച് ലാബ് ഡയറക്ടര്‍ പ്രൊഫ. കമല ബിജ്‌ലാനി നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. അരവിന്ദ് പാനാഗരിയയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, യൂറോപ്യന്‍ യൂനിയന്‍ സാംസ്‌കാരിക-വിദ്യാഭ്യാസ ഡയരക്ടര്‍ ജനറല്‍ മാര്‍ട്ടിന്‍ റീഷേര്‍ട്ട്‌സ് എന്നിവര്‍ പങ്കെടുത്തു.

അവാര്‍ഡ് ലഭിച്ചതിലൂടെ അമൃത സര്‍വ്വകാലശാല ആദരിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രൊഫ.കമല്‍ ബിജ്‌ലാനി പറഞ്ഞു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തമ്മിലുള്ള ഓഡിയോ-വീഡിയോ സംവേദനത്തിന് സഹായിക്കുന്ന ഓണ്‍ലൈന്‍ വിര്‍ച്വല്‍ ക്ലാസ് റൂമാണ് എ-വ്യൂ. പരിശീലകന് രേഖകള്‍, 3 ഡി വസ്തുക്കള്‍, ഡെസ്‌ക്ക്‌ടോപ്പ് ഷെയറിങ്ങ്, യൂ-ട്യൂബ് വീഡിയോ എന്നിവ ഈ പ്ലാറ്റ് ഫോമിലൂടെ കൈമാറാം. ഇതിന്റെ സാങ്കേതിക വിദ്യ ഓപ്പണ്‍ സോഴ്‌സ് ആയതിനാല്‍ കോളെജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും സൗജന്യമായാണ് ഇത് നല്‍കുന്നത്. ഉഡാന്‍ എന്ന പരിപാടിയിലൂടെ രാജ്യത്തെ നിരവധി സി ബി എസ് ഇ സ്‌ക്കൂളുകളും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സര്‍വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഭാവനകളെ അംഗീകരിക്കുന്നതിനാണ് ഫിക്കി എക്‌സലന്‍സ് അവാര്‍ഡ് നല്‍കുന്നത്.

എ-വ്യൂ സോഫ്റ്റ്‌വെയര്‍ ഗ്രൂപ്പുകള്‍ക്കായി ക്ലാസ് റൂമിലോ, വ്യക്തികള്‍ക്കായി കംമ്പ്യൂട്ടറിലോ, സ്മാര്‍ട്ട് ഫോണിലോ സജ്ജീകരിക്കാവുന്നതാണ്. അദ്ധ്യാപകരും സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. www.aview.com എന്ന വെബ്‌സൈറ്റില്‍ സോഫ്റ്റ്‌വെയര്‍ സൗജന്യമായി ലഭിക്കും.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് അമൃത സര്‍വകലാശാല എ-വ്യൂ വികസിപ്പിച്ചത്.

 

Comments

comments

Categories: Branding