മാന്ദ്യത്തിന്റെ സൂചനകള്‍ നല്‍കി അംബിറ്റ് കാപിറ്റല്‍

മാന്ദ്യത്തിന്റെ സൂചനകള്‍ നല്‍കി അംബിറ്റ് കാപിറ്റല്‍

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടികളുടെ ഭാഗമായി ഒക്‌റ്റോബറില്‍ തുടങ്ങി ഡിസംബറില്‍ അവസാനിക്കുന്ന പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലെ (ജിഡിപി) വളര്‍ച്ച 5.5 ശതമാനത്തിലേക്ക് താഴുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 7.2 ശതമാനം വളര്‍ച്ചയാണ് ജിഡിപി രേഖപ്പെടുത്തിയത്. എന്നാല്‍ അടുത്ത പാദം മുതല്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവ് പ്രകടമാക്കുമെന്നും ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ ആഗോളതലത്തിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളിലെ സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന ചിത്രം ഇരുണ്ടതാണ്. പ്രതിദിനമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ജിഡിപി വളര്‍ച്ചയെ അവലോകനം ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തിലെ നിരീക്ഷണത്തില്‍ നോട്ട് അസാധുവാക്കല്‍ നടപടി വാര്‍ഷിക ജിഡിപിയില്‍ 0.4 ശതമാനം കുറവുണ്ടാക്കുമെന്നായിരുന്നു നിഗമനം. നിലവില്‍ ഇത് ഒന്നു മുതല്‍ രണ്ട് ശതമാനം വരെയായി വര്‍ധിച്ചിട്ടുണ്ട്.

മൂന്നാം പാദത്തിലും നാലാം പാദത്തിലും ജിഡിപി വളര്‍ച്ച 0.5 ശതമാനം മാത്രമായി താഴുമെന്നാണ് അംബിറ്റ് കാപിറ്റലിന്റെ വലിയിരുത്തല്‍. ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും കുറഞ്ഞ് നെഗറ്റീവിലേക്ക് പോകുമെന്ന സാധ്യതയും അംബിറ്റ് കാപിറ്റല്‍ നല്‍കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 3.5 ശതമാനമായി ചുരുങ്ങുമെന്നാണ് അംബിറ്റ് കാപിറ്റല്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 7.5 ശതമാനം ജിഡിപി വളര്‍ച്ചയുടെ പകുതിയിലും കുറഞ്ഞ വളര്‍ച്ചയായിരിക്കും ഈ വര്‍ഷം രേഖപ്പെടുത്തുകയെന്ന നിരാശാജനകമായ വിലയിരുത്തലാണ് അംബിറ്റ് കാപിറ്റല്‍ തരുന്നത്.

2017-2018 കാലയളവിലും ഇതേ വളര്‍ച്ചാ മുരടിപ്പ് തുടരുമെന്നും 5.8 ശതമാനത്തില്‍ കൂടുതല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തില്ലെന്നുമാണ് അംബിറ്റ് കാപിറ്റലിന്റെ നിഗമനം. 2007-2008ല്‍ 9.5 ശതമാനമായിരുന്ന ജിഡിപി വളര്‍ച്ചാ നിരക്ക് ആഗോള സാന്ദത്തികമാന്ദ്യത്തിനു ശേഷം 2008- 2009 ആയപ്പോഴേക്കും 6.7 ശതമാനത്തിലേക്ക് താഴ്ന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 8.6 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി സ്ഥിതി മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇക്കാലയളവിലെ മാന്ദ്യത്തേക്കാള്‍ വലിയ സാമ്പത്തിക തിരിച്ചടി നടപ്പു സാമ്പത്തികവര്‍ഷമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Comments

comments

Categories: Slider, Top Stories