പന്ത് മിനുസപ്പെടുത്തി: വിരാട് കോഹ്‌ലിക്കെതിരെ ശിക്ഷാ നടപടിയുണ്ടായേക്കും

പന്ത് മിനുസപ്പെടുത്തി:  വിരാട് കോഹ്‌ലിക്കെതിരെ ശിക്ഷാ നടപടിയുണ്ടായേക്കും

 

ഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പന്ത് മിനുസപ്പെടുത്തിയതായി സൂചന. രാജ്‌കോട്ടില്‍ നടന്ന കളിക്കിടെ പന്ത് തുപ്പല്‍ ഉപയോഗിച്ച് മിനുസപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് ഇന്ത്യന്‍ നായകനെതിരെ തെളിവായിരിക്കുന്നത്. പന്ത് പഴക്കമുള്ളതാക്കാന്‍ തുപ്പല്‍ പുരട്ടി കൂടുതല്‍ സമയം ഉരയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.

പന്തില്‍ തുപ്പല്‍ പുരട്ടുമ്പോള്‍ വിരാട് കോഹ്‌ലിയുടെ വായില്‍ ബബിള്‍ഗം ഉണ്ടായിരുന്നതായും വീഡിയോകളില്‍ നിന്നും വ്യക്തമാണ്. പന്തിന്റെ തിളക്കം കൂട്ടുന്നതിനായി തുപ്പല്‍ പുരട്ടാമെങ്കിലും സ്വഭാവികത നഷ്ടമാകും വിധത്തിലുള്ള കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കരുതെന്നതാണ് ഐസിസിയുടെ നിയമം. അതേസമയം, പന്ത് ചുരണ്ടുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമല്ല.

എന്നാല്‍, വായില്‍ ബബിള്‍ഗം ഉണ്ടെന്ന് ദൃശ്യങ്ങളില്‍ നിന്നും തെളിഞ്ഞതിനാല്‍ നിയമലംഘനമായി വിരാട് കോഹ്‌ലിയുടെ നടപടിയെ കണക്കാക്കാന്‍ സാധിക്കും. മത്സര ഫീസിന്റെ 100 ശതമാനം വരെ പിഴ ലഭിക്കാവുന്ന വഞ്ചനാ കുറ്റമാണിത്. അതിനാല്‍, മാച്ച് റഫറി രഞ്ജന്‍ മദുഗുലെ ഇക്കാര്യം ഐസിസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണെങ്കില്‍ വിരാട് കോഹ്‌ലി അന്വേഷണം നേരിടേണ്ടി വരും.

സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ പിഴ ഈടാക്കുകയോ കളിയില്‍ നിന്നുള്ള വിലക്കോ ആണ് ശിക്ഷയായി ലഭിക്കാന്‍ സാധ്യത. അതേസമയം, ടീം ഇന്ത്യ നായകനെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ല. കോഹ്‌ലി പന്ത് മിനുസപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന മത്സരത്തില്‍ ടീം ഇന്ത്യ സമനിലയുമായി കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്ത് മിനുസപ്പെടുത്തിയതിന് ദക്ഷിണാഫ്രിക്കന്‍ ടീം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് വിവാദത്തിലായതിന് പിന്നാലെയാണ് കോഹ്‌ലിക്കെതിരായ വീഡിയോ പുറത്തുവന്നത്. വീഡിയോ പരിശോധനയ്ക്ക് ശേഷം ഡുപ്ലെസിസ് കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാല്‍ മത്സര ഫീസായ മുഴുവന്‍ തുകയും പിഴയായി നല്‍കണമെന്ന ശിക്ഷയും താരത്തിന് ഐസിസി വിധിച്ചു.

Comments

comments

Categories: Sports