വീട്ടമ്മമാര്‍ക്ക് സ്വാതന്ത്ര്യം ഒരുക്കുന്ന വാട്‌സ്ആപ്പ്

വീട്ടമ്മമാര്‍ക്ക് സ്വാതന്ത്ര്യം  ഒരുക്കുന്ന വാട്‌സ്ആപ്പ്

അകാന്‍കി ശര്‍മ്മ

രു വര്‍ഷം മുന്‍പാണ് 28കാരിയായ സോമ ചാറ്റര്‍ജി മെയ്ത് മൊബീല്‍ മെസേജിംഗ് ആപ്ലിക്കേഷന്‍ വാട്‌സ്ആപ്പ് ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍, അത് അവരെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്ന ഒന്നായി മാറുമെന്ന് ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ അവര്‍ക്കറിയില്ലായിരുന്നു. ഭുവനേശ്വറിലെ ചെറുപട്ടണമായ ഖോര്‍ഡയില്‍ സ്‌കൂള്‍ അധ്യാപികയായ മെയ്തി, തന്റെ ഒഴിവു സമയങ്ങളില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ സാരിയും മറ്റ് തുണിത്തരങ്ങളും വില്‍ക്കുന്നു. ഈ ആശയം അവര്‍ സുഹൃത്തുക്കളോട് പങ്കുവയ്ക്കുകയും രാജ്യമെമ്പാടും കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് അവര്‍ സഹായിക്കുകയും ചെയ്തു.

ഡെല്‍ഹി, ബെംഗളൂരു, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 30 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. കൂടാതെ, ഈ സംരംഭം തുടങ്ങിയിട്ട് വെറും ആറു മാസമേ ആയിട്ടുള്ളു. തുടങ്ങിയ അന്നു മുതല്‍ ഇന്നുവരെ പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് സുഹൃത്തുക്കളാണ് എന്നെ സഹായിച്ചിട്ടുള്ളത്-മെയ്തി പറഞ്ഞു. വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതു കൊണ്ട് മാത്രം മെയ്തിയുടെ ജോലി അവസാനിച്ചില്ല. ഗ്രൂപ്പിനെ എപ്പോഴും സജീവമായി നിലനിര്‍ത്തുന്നതിന് അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. കൈമാറിയ സാധനങ്ങള്‍ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നോ എന്ന് അവര്‍ തിരക്കിക്കൊണ്ടിരുന്നു. ഒപ്പം, പുതിയ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ ഗ്രൂപ്പില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അതിനാല്‍, വില്‍പ്പന കുറഞ്ഞില്ല. എന്ത് മെറ്റീരിയലാണെങ്കിലും അതിന്റെ ചിത്രമെടുത്ത് ഞാന്‍ ഗ്രൂപ്പിലിടും. അത് ഇഷ്ടമായവര്‍ നേരിട്ട് എന്നെ വിളിക്കുകയും കച്ചവടം നടത്തുകയുമാണ് പതിവ്-മെയ്തി വിശദീകരിച്ചു.

വാട്‌സ്ആപ്പ് എന്നത് സമൂഹ മാധ്യമ ഗണത്തില്‍പ്പെടുന്നു. വീട്ടമ്മമാര്‍ക്ക് വരുമാനം കണ്ടെത്തുന്നതിനും സ്വന്തം കാലില്‍ നില്‍ക്കുന്നതിനും ഇത് അവസരമൊരുക്കുന്നു. അവരെ വെറുമൊരു വീട്ടമ്മ എന്നതിലേക്ക് വാട്‌സ്ആപ്പ് ഒതുക്കി നിര്‍ത്തുന്നില്ല.  മെയ്തിയെപ്പോലെ ഗാസിയാബാദുകാരിയായ പൂജ ശ്രീവാസ്തവയും ബെന്‍ഡ് ദ ട്രെന്‍ഡ് എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്.

പ്രമുഖ ഷോപ്പിംഗ് മാളുകളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും അവതരിപ്പിക്കുന്ന പുതിയ ട്രെന്‍ഡുകളാണ് അവര്‍ ഇതില്‍ നല്‍കുന്നത്. എന്നും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിലൂടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമായിത്തീരുന്നു. നാലു വര്‍ഷമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും എന്റേതായ ബിസിനസ് ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയത് ഈ വര്‍ഷമാണ്. ഈ ആപ്ലിക്കേഷന്‍ ജനങ്ങള്‍ക്കിടയില്‍ ഖ്യാതി നേടിയതാണെന്ന് ഞാന്‍ തിരിച്ചറിയുകയും അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയുമായിരുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള 76 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.

കാനഡ, സിംഗപ്പൂര്‍, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഈ ഗ്രൂപ്പിലുണ്ട്. ഫെയ്‌സ്ബുക്കിലും അവര്‍ക്ക് ഗ്രൂപ്പുണ്ട്. വിദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വലിയ സഹായകരമാണ് ബെന്‍ഡ് ദ ട്രെന്‍ഡ്. വസ്ത്രങ്ങള്‍, കൃത്രിമ ആഭരണങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, ഫാഷന്‍ ആക്‌സസറീസ് എന്നിവയെല്ലാമാണ് ശ്രീവാസ്തവ വില്‍ക്കുന്നത്. പ്രതിമാസം 30,000 രൂപയോളം അവര്‍ സമ്പാദിക്കുകയും ചെയ്യുന്നു. ഈ ഉദ്യമം തുടങ്ങുന്നതിന് മുന്‍പ് ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു പൂജ ശ്രീവാസ്തവ.

കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ അധ്യാപനത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിനുശേഷം എച്ച്ആറായി ജോലി നോക്കി. വിവാഹ ശേഷം ഗാസിയാബാദിലേക്ക് പോകുകയും ചെയ്തു. എന്നാല്‍, അവിടെ മറ്റൊരു ജോലി സമ്പാദിക്കാന്‍ എനിക്ക് സാധിച്ചില്ല. അങ്ങനെയാണ് സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ തീരുമാനിച്ചത്-അവര്‍ വ്യക്തമാക്കി.

ഇന്നത്തെ കാലത്ത്, സാങ്കേതികവിദ്യയെന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം കിട്ടാക്കനിയല്ലെന്ന് ലക്‌നൗ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ അനലിസ്റ്റ് അനൂപ് മിശ്ര ചൂണ്ടിക്കാട്ടി. ആശയങ്ങള്‍ സൃഷ്ടിക്കുന്നതിലും വൈറലാകുന്നതിലും മൊബീലില്‍ കൂടിയുള്ള ആപ്ലിക്കേഷനുകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. പെട്ടെന്ന് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുവെന്നതും നടത്തിപ്പ് ചെലവ് കുറയുമെന്നതും വീട്ടമ്മമാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നു-അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ കൂടുതല്‍ പ്രധാന്യം ലഭിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെല്‍ഹി സ്വദേശിനിയായ യഷ്മാലിക സിംഗും വാട്ട്‌സ്ആപ്പിലൂടെയാണ് തന്റെ പേയിംഗ് ഗസ്റ്റ് സ്ഥാപനം നടത്തിക്കൊണ്ട് പോകുന്നത്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് അറിയിപ്പ് നല്‍കുന്നതിനോ കാര്യങ്ങള്‍ ചോദിക്കുന്നതിനോ വാട്ട്‌സ്ആപ്പിനെ അവര്‍ ആശ്രയിക്കുന്നു. ഒരോരുത്തരെയും പ്രത്യേകം വിളിക്കുന്നതിനു പകരം ആ സംവിധാനമാണ് അവര്‍ പ്രയോജനപ്പെടുത്തുന്നത്.

ഒരോ ദിവസവും സാങ്കേതിക വിദ്യ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് അവയുടെ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുന്നു. ലിംഗ സമത്വത്തെക്കുറിച്ച് നമ്മള്‍ വാതോരാതെ സംസാരിക്കുന്ന ഈ കാലഘട്ടത്തില്‍, വാട്ട്‌സ്ആപ്പ് എന്ന സമൂഹ മാധ്യമം വീട്ടമ്മമാരെ അവരുടെ വ്യക്തിത്വം കാക്കുന്നതിനും സ്വതന്ത്രരാകുന്നതിനും സഹായിക്കുന്നു.

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special