ഇംഗ്ലണ്ടിന്റെ തീരുമാനം അതിശയിപ്പിച്ചെന്ന് കോഹ്‌ലി

ഇംഗ്ലണ്ടിന്റെ തീരുമാനം അതിശയിപ്പിച്ചെന്ന് കോഹ്‌ലി

വിശാഖപട്ടണം: രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് പയറ്റിയ ബാറ്റിംഗ് തന്ത്രം അത്ഭുതപ്പെടുത്തിയെന്ന് ടീം ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലി. അതേസമയം, ടീം ഇന്ത്യയെ പ്രതിരോധത്തിലാക്കുകയെന്ന അവരുടെ നിലപാട് തങ്ങളുടെ ജയത്തിന് എല്ലാ അര്‍ത്ഥത്തിലും അനുകൂലമാവുകയായിരുന്നുവെന്നും വിരാട് കോഹ്‌ലി വ്യക്തമാക്കി.

രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ അവസാന ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് കൂടുതല്‍ ആക്രമണോത്സുകത പുറത്തെടുക്കുമെന്ന് കരുതിയെങ്കിലും അവരുടെ ബാറ്റിംഗ് നിര അര്‍പ്പണ ബോധമില്ലാതെയാണ് ഇറങ്ങിയതെന്ന് കോഹ്‌ലി പ്രതികരിച്ചു. പ്രതിരോധത്തിലൂടെ സമനിലയെങ്കിലും നേടി രക്ഷപ്പെടുവാനാണ് ഇംഗ്ലണ്ട് ശ്രമിച്ചതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ടീം ഇന്ത്യയെ പരീക്ഷിക്കാനുള്ള ഇംഗ്ലണ്ടിന്റെ നീക്കം നേരത്തെ തന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പ്രതിരോധത്തിലൂന്നി ടീം ഇന്ത്യയെ ആകുലരാക്കാനായിരുന്നു അവരുടെ ശ്രമം. ഇതോടെ തങ്ങളുടെ താളം നഷ്ടപ്പെട്ട് ടീം ഇന്ത്യ പല അനാവശ്യ പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കുമെന്നായിരുന്നു ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍-വിരാട് കോഹ്‌ലി പറഞ്ഞു.

അതേസമയം, പ്രതിരോധ ശൈലി പുറത്തെടുത്തതിനാല്‍ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റുകള്‍ നേടാനായാല്‍ അവരുടെ പതനം തുടങ്ങുമെന്ന് ഉറപ്പായിരുന്നുവെന്നും അമിത പ്രതിരോധത്തിനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനമാണ് തങ്ങള്‍ക്ക് അനായാസ വിജയം സമ്മാനിക്കുന്നതിന് കാരണമായതെന്നും ടീം ഇന്ത്യ ക്യാപ്റ്റന്‍ പറഞ്ഞു.

ഇംഗ്ലണ്ട് നായകന്‍ അലൈസ്റ്റര്‍ കുക്കിനെ പുറത്താക്കുന്നതിന് വേണ്ടി ഫീല്‍ഡിംഗില്‍ മാറ്റങ്ങള്‍ വേണമെന്ന് കളിയുടെ നാലാം ദിനത്തില്‍ നിര്‍ദ്ദേശിച്ചത് ചേതേശ്വര്‍ പൂജാരയായിരുന്നു. ലെഗ് സൈഡില്‍ രണ്ട് ഫീല്‍ഡര്‍മാരെ അധികമായി നിര്‍ത്തുകയെന്നതായിരുന്നു പുതിയ പദ്ധതി. അതിലൂടെ അലൈസ്റ്റര്‍ കുക്കിനെ പുറത്താക്കാനും സാധിച്ചു-കോഹ്‌ലി വ്യക്തമാക്കി.

Comments

comments

Categories: Sports