വേദാന്ത കാപ്റ്റീവ് ഊര്‍ജ്ജ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും

വേദാന്ത കാപ്റ്റീവ് ഊര്‍ജ്ജ  ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും

 

കൊല്‍ക്കത്ത: ലോഹ, ഖനന കമ്പനിയായ വേദാന്ത ലിമിറ്റഡ് കാപ്റ്റീവ് ഊര്‍ജ്ജ ഉല്‍പ്പാദന ശേഷി (പ്രാഥമികമായി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി) 1,200 മെഗാവാട്ടിലേക്ക് ഉയര്‍ത്താന്‍ നീക്കമിടുന്നു. രാജ്യത്തെ വിവിധയിടങ്ങളിലെ ഫാക്റ്ററികള്‍ക്കു സമീപം സംയുക്ത സംരംഭത്തിലൂടെ 350 മെഗാവാട്ടിന്റെ സൂപ്പര്‍ ക്രിട്ടിക്കല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് കമ്പനിയുടെ ശ്രമം.
വ്യത്യസ്ത മാതൃകകള്‍ പരിശോധിച്ചുവരുന്നു. നിര്‍മാണ യൂണിറ്റുകള്‍ക്കു സമീപത്തെ അധികമുള്ള ഭൂമി നല്‍കിക്കൊണ്ട് മൂന്നാം കക്ഷിക്കൊപ്പം ചേര്‍ന്ന് താപ ഊര്‍ജ്ജ യൂണിറ്റ് സ്ഥാപിക്കുകയെന്നതും അതില്‍ ഉള്‍പ്പെടുന്നു- വേദാന്തയുടെ ഊര്‍ജ്ജ ബിസിനസിന്റെ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അജയ് ദീക്ഷിത് പറഞ്ഞു.
വേദാന്തയ്ക്ക് 9,000 മെഗാവാട്ടിനടുത്ത് വൈദ്യുതി ഉല്‍പ്പാദന ശേഷിയുണ്ട്. ഇതില്‍ 200 മെഗാവാട്ട് കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജവും ബാക്കിയുള്ളവ താപോര്‍ജ്ജവുമാണ്. അതില്‍ 60 ശതമാനവും സ്വന്തം ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. അവശേഷിക്കുന്ന യൂണിറ്റ് വിപണിയില്‍ വില്‍ക്കും.
നിലവില്‍ വേദാന്തയുടെ വാണിജ്യ ഊര്‍ജ്ജ ഉല്‍പ്പാദന ശേഷിയുടെ ശരാശരി ഉപയോഗം 70 ശതമാനത്തിനു മുകളിലെത്തിനില്‍ക്കുന്നു; കാപ്റ്റീവ് ഊര്‍ജ്ജ യൂണിറ്റിന്റെ ഉപയോഗം 90 ശതമാനത്തിലധികവും. മത്സരക്ഷമമായ നിരക്കുകളില്‍ ഊര്‍ജ്ജം വിതരണം ചെയ്യുന്നതിന് കമ്പനി വിവിധ മാതൃകകള്‍ തിരയുകയാണ്. ഊര്‍ജ്ജ ഉല്‍പ്പാദരുമായി ദീര്‍ഘകാല കരാറില്‍ പ്രവേശിക്കുന്നത് ഉള്‍പ്പെടെയുള്ളവ പരിഗണനയിലുണ്ടെന്ന് ദീക്ഷിത് വ്യക്തമാക്കി.
ഒഡീഷയിലെ ഝാര്‍സുഗുഡയില്‍ കമ്പനിക്കു കീഴില്‍ 3,615 മെഗാവാട്ട് ശേഷിയുള്ള ഊര്‍ജ്ജ പ്ലാന്റുണ്ട്. ഇതില്‍ 600 മെഗാവാട്ട് വാണിജ്യ വില്‍പ്പനയ്ക്കും ബാക്കിയുള്ളവ കാപ്റ്റീവ് ഉപയോഗത്തിനും വിനിയോഗിക്കുന്നു.

Comments

comments

Categories: Branding

Related Articles