സ്വതന്ത്ര വ്യാപാരം: ട്രാന്‍സ്-പസഫിക് പാര്‍ട്ട്ണര്‍ഷിപ്പില്‍ നിന്ന് പിന്‍മാറുമെന്ന് ഡൊണാള്‍ഡ് ട്രംപ്

സ്വതന്ത്ര വ്യാപാരം:  ട്രാന്‍സ്-പസഫിക് പാര്‍ട്ട്ണര്‍ഷിപ്പില്‍ നിന്ന് പിന്‍മാറുമെന്ന് ഡൊണാള്‍ഡ് ട്രംപ്

 

വാഷിംഗ്ടണ്‍ : ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാറായ ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍നിന്ന് (ടിപിപി) അമേരിക്ക പിന്‍മാറുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏഷ്യ പസഫിക് മേഖലയിലെ പന്ത്രണ്ട് രാജ്യങ്ങളാണ് കരാറില്‍ ഉള്‍പ്പെടുന്നത്. വര്‍ക് വിസ ദുരുപയോഗം ചെയ്യുന്നത് അന്വേഷിക്കുമെന്നും ട്രംപ് പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ ആദ്യ നൂറ് ദിന നയപരിപാടികള്‍ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വീഡിയോ സന്ദേശമാണിത്.

ടിപിപി അമേരിക്കയെ സംബന്ധിച്ചിടത്തോളം ദുരന്തമാണെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. താന്‍ അധികാരത്തിലേറി ആദ്യ ദിവസം തന്നെ അമേരിക്ക ഈ കരാറില്‍നിന്ന് പിന്‍മാറുമെന്നും 70 കാരനായ നിയുക്ത യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. വ്യാപാരം, ഊര്‍ജ്ജം, ദേശീയ സുരക്ഷ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഉറച്ച നടപടികള്‍ സ്വീകരിക്കുമെന്നും അമേരിക്കയെ ലോകത്തിന്റെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞു.
ടിപിപി ക്കു പകരം അമേരിക്കന്‍ തീരത്തേക്ക് വ്യവസായവും തൊഴിലും കൊണ്ടുവരുന്ന ഉഭയകക്ഷി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടിപിപിക്കെതിരെ ട്രംപ് ശക്തമായി രംഗത്തുവന്നിരുന്നു. യുഎസ് ഇല്ലാത്ത ടിപിപി അര്‍ത്ഥമില്ലാത്തതാകുമെന്ന് ട്രംപിന്റെ പ്രസ്താവന പുറത്തുവരുന്നതിന് മുമ്പു തന്നെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞിരുന്നു.

ഉരുക്ക് ഉല്‍പ്പാദനമോ കാര്‍ നിര്‍മാണമോ ആരോഗ്യ മേഖലയിലെ മികവോ എന്തുമായിക്കൊള്ളട്ടേ, ഇന്നൊവേഷനും ഉല്‍പ്പാദനവും ഇനി ഇവിടെ നടക്കണം. അമേരിക്കയെന്ന മഹത്തായ മാതൃഭൂമിയില്‍ സമ്പത്ത് സൃഷ്ടിക്കപ്പെടുന്നതും തൊഴിലവസരങ്ങള്‍ തുറക്കപ്പെടുന്നതും അമേരിക്കക്കാര്‍ക്കുവേണ്ടിയാകണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആദ്യ ദിവസം മുതല്‍ നടപ്പാക്കേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കാന്‍ തന്റെ സംഘാംഗങ്ങളോട് ആവശ്യപ്പെട്ടതായി നിയുക്ത പ്രസിഡന്റ് പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ വര്‍ക് വിസ ദുരുപയോഗം ചെയ്യുന്നത് അന്വേഷിക്കാന്‍ തൊഴില്‍ വകുപ്പിനോട് നിര്‍ദ്ദേശിക്കുമെന്നും ട്രംപ് പറഞ്ഞു. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ കര്‍ശനമായി നിരീക്ഷിക്കപ്പെടും. ട്രംപ് അറ്റോര്‍ണി ജനറലായി തെരഞ്ഞെടുത്ത ജെഫ് സെഷന്‍സ് എച്ച്-1ബി വിസക്കെതിരെ ശക്തമായി നിലകൊള്ളുന്നയാളാണ്.

Comments

comments

Categories: Slider, Top Stories