സൗരോര്‍ജ്ജ രംഗത്ത് സ്വാശ്രയത്വം കൈവരിക്കണം

സൗരോര്‍ജ്ജ രംഗത്ത്  സ്വാശ്രയത്വം കൈവരിക്കണം

 

സൗരോര്‍ജ്ജത്തിനു പ്രാധാന്യം നല്‍കിയുള്ള വികസന പദ്ധതികളോട് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ക്കേ നരേന്ദ്ര മോദിക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. ഊര്‍ജ്ജരംഗത്തെ പരിമിതികള്‍ മറികടക്കാന്‍ സൂര്യപ്രകാശത്തെ പരമാവധി ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് താനും. എന്നാല്‍ സൗരോര്‍ജ്ജ വിപ്ലവത്തിന് ചൈനയെ കൂടുതല്‍ ആശ്രയിക്കേണ്ട അവസ്ഥയില്‍ നിന്ന് നാം മാറേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം മന്ത്രി പീയുഷ് ഗോയല്‍ പാര്‍ലമെന്റില്‍ നല്‍കിയ വിശദീകരണമനുസരിച്ച് സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് ഉപയോഗിക്കുന്ന സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും ഇന്ത്യ കൂടുതലും ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. ഏകദേശം 84 ശതമാനത്തിലധികം സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും ചൈനയില്‍ നിന്നു മാത്രം ഇറക്കുമതി ചെയ്യുന്നതായാണ് മന്ത്രി പറഞ്ഞത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 2.34 ബില്ല്യണ്‍ ഡോളറിന്റെ സോളാര്‍ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 1.96 ബില്ല്യണ്‍ ഡോളറിന്റെ ഇറക്കുമതിയും നടത്തിയിരിക്കുന്നത് ചൈനയില്‍ നിന്നാണ്. സോളാര്‍ പദ്ധതികളുടെ നടത്തിപ്പിനായി ചൈനയെ എത്രമാത്രം നാം ആശ്രയിക്കുന്നുവെന്നതിന് വേറെ കണക്കുകള്‍ ആവശ്യമില്ല.

ചൈനയെ ഇത്രമാത്രം ആശ്രയിക്കുന്നതിനോട് ബിജെപിയുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘ(ആര്‍എസ്എസ്)ത്തിന് തീരെ യോജിപ്പില്ല. സൗരോര്‍ജ്ജ രംഗത്ത് പരമാവധി സ്വാശ്രയത്വം കൈവരിക്കുന്ന നയങ്ങളായിരിക്കണം സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന ശക്തമായ നിലപാടാണ് ആര്‍എസ്എസ് നേതൃത്വം സ്വീകരിക്കുന്നത്. ഇതിനായി സ്വദേശി ജാഗരണ്‍ മഞ്ച് ഉള്‍പ്പെടെയുള്ള സംഘടനകളിലൂടെ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട് സംഘം. സൗരോര്‍ജ്ജ രംഗത്തെ ആഭ്യന്തര ഉല്‍പ്പാദകരെ നിരുപാധികം പിന്തുണയ്ക്കുന്ന നടപടികള്‍ കൈക്കൊള്ളുമെന്ന് ഗോയല്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 2022 ആകുമ്പോഴേക്കും 175 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനമാണ് പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നും സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കൂടുതല്‍ തദ്ദേശീയ സംരംഭകരെ ഈ രംഗത്തേക്കെത്തിച്ചാല്‍ വലിയ നേട്ടം കൊയ്യാനും ചൈനയെ പോലുള്ള രാജ്യങ്ങളെ അമിതമായി ആശ്രയിക്കാതിരിക്കാനും സാധിക്കും. ആ ദിശയിലുള്ളതായിരിക്കണം സര്‍ക്കാരിന്റെ നയങ്ങള്‍.

Comments

comments

Categories: Editorial