റിന്‍ഫ്രക്ക് എന്‍എല്‍സി ഇന്ത്യയുടെ കരാര്‍

റിന്‍ഫ്രക്ക് എന്‍എല്‍സി ഇന്ത്യയുടെ കരാര്‍

 

മുംബൈ: 250 മെഗാവാട്ട് ശേഷിയുള്ള രണ്ട് സിഎഫ്ബിസി താപോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കുന്നതിന് എന്‍എല്‍സി (നെയ്‌വേലി ലിഗ്നേറ്റ് കോര്‍പ്പറേഷന്‍) ഇന്ത്യ, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറി(റിന്‍ഫ്ര)നെ ചുമതലപ്പെടുത്തി. 3,675 കോടി രൂപയുടേതാണ് ഓര്‍ഡര്‍.
രാജസ്ഥാനിലെ ബര്‍സിംഗ്‌സര്‍, ബിക്കാനെര്‍ ജില്ലയിലെ ബിതോക് എന്നിവിടങ്ങളിലായിരിക്കും റിന്‍ഫ്ര ഊര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കുക. 40 മാസത്തിനുള്ളില്‍ പദ്ധതികള്‍ കമ്മീഷന്‍ ചെയ്യും. ബോയിലര്‍, ടര്‍ബൈന്‍, ജനറേറ്റര്‍, ബാലന്‍സ് പ്ലാന്റ് ഉള്‍പ്പെടെയുള്ളവ പദ്ധതിയിലുണ്ടാകുമെന്ന് റിന്‍ഫ്രയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രമുഖ എന്‍ജീനിയറിംഗ്, പ്രോക്യുര്‍മെന്റ്, കണ്‍സ്ട്രഷന്‍ (ഇപിസി) കമ്പനികളുമായുള്ള ശക്തമായ മത്സരത്തിനൊടുവിലാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍എല്‍സിയുടെ ഓര്‍ഡര്‍ സ്വന്തമാക്കിയത്. ഭെല്‍, ലാന്‍കോ, എസ്ഇപിസിഒ1, എസ്ഇപിസിഒ3, ബിജിആര്‍ എനര്‍ജി തുടങ്ങിയ കമ്പനികളും ലേലത്തില്‍ പങ്കെടുത്തു.
കമ്പനിക്ക് വലിയ അംഗീകാരം നേടിത്തരുന്ന പദ്ധതിയാണിത്. സങ്കീര്‍ണമായ പദ്ധതികള്‍ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ മത്സരാധിഷ്ഠിതമായ ചെലവില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള കമ്പനിയുടെ മികവിന് ഇതു തിളക്കമേകുമെന്നും റിന്‍ഫ്ര ഇപിസി സിഇഒ അരുണ്‍ ഗുപ്ത പറഞ്ഞു.
സൂപ്പര്‍ ക്രിട്ടിക്കല്‍ കോള്‍ പ്രൊജക്റ്റ് മുതല്‍ പുനരുപയോഗ ഊര്‍ജ്ജ രംഗത്തെ അത്യാധുനിക ഗ്ലാസ് ഗ്യാസ് ടര്‍ബൈന്‍ വരെയുള്ള വ്യത്യസ്ത തരത്തിലെ പദ്ധതികള്‍ നടപ്പിലാക്കിയ പരിചയ സമ്പത്തുള്ളതിനാല്‍ ഈ കരാര്‍ കമ്പനിയുടെ ശേഷി വര്‍ധിപ്പിക്കും. നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനെ റിന്‍ഫ്രയുടെ ഉപഭോക്താക്കളുടെ പട്ടികയില്‍ ചേര്‍ക്കാനും പദ്ധതി സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മധ്യപ്രദേശിലെ സസാനിലെ 3,960 മെഗാവാട്ട് അള്‍ട്രാ മെഗാ പവര്‍ പ്രൊജക്റ്റ് (യുഎംപിപി) ഉള്‍പ്പെടെ 33,000 കോടി രൂപയുടെ വലിയ പദ്ധതികള്‍ റിന്‍ഫ്ര പൂര്‍ത്തിയാക്കിയിരുന്നു. സാങ്കേതിക വിദ്യ, ചെലവ്- സമയം എന്നിവയുടെ നിയന്ത്രണം, ലോകോത്തര നിലവാരത്തിലെ വിതരണം എന്നീ വെല്ലുവിളികളുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഇതിനകം റിന്‍ഫ്രക്ക് സാധിച്ചിട്ടുണ്ട്.

Comments

comments

Categories: Branding