മുംബൈ: നോട്ട് അസാധുവാക്കിയതോടെ രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ഏര്‍പ്പെടുത്തിയ കടുത്തനിബന്ധനകളില്‍ നല്കിയ പ്രത്യേക ഇളവുകള്‍ക്കു മേലും ആര്‍ബിഐ നിയന്ത്രണങ്ങളുമായി രംഗത്ത്. വിവാഹാവശ്യങ്ങള്‍ക്ക് ബാങ്കില്‍ നിന്നും 2.5 ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുവാദം നല്‍കിയതിലാണ് ആര്‍ബിഐ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടാം തീയതിക്ക് മുന്‍പ് രണ്ടര ലക്ഷം രൂപ എക്കൗണ്ടില്‍ ഉണ്ടായിരുന്നവര്‍ക്ക് മാത്രമെ തുക പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് പുതിയ നിര്‍ദേശം.
വിവാഹാവശ്യങ്ങള്‍ക്കായി ഡിസംബര്‍ 30 വരെ കുടുംബത്തില്‍ ഒരാള്‍ക്ക് 2,50,000 രൂപ പിന്‍വലിക്കാമെന്നും എന്നാല്‍ ഈ തുക നവംബര്‍ എട്ടിനു മുന്‍പ് എക്കൗണ്ടില്‍ നിക്ഷേപിച്ചതായിരിക്കണമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു. വിവാഹം ചെയ്യാന്‍ പോകുന്ന വ്യക്തികള്‍ക്കോ അല്ലെങ്കില്‍ അവരുടെ മാതാപിതാക്കള്‍ക്കോ മാത്രമാണ് തുക പിന്‍വലിക്കാനുള്ള അവകാശം ആര്‍ബിഐ നല്‍കിയിട്ടുള്ളത്. പണം പിന്‍വലിക്കുന്നതിനുള്ള അപേക്ഷയില്‍ വരന്റെയും വധുവിന്റെയും പേര്, വിവാഹ തീയതി, മേല്‍വിലാസം തുടങ്ങിയ വിവരങ്ങളും ഐഡി കാര്‍ഡ് പകര്‍പ്പും നല്‍കേണ്ടതുണ്ട്.
ഇതിനു പുറമെ വിവാഹ ക്ഷണക്കത്ത്, വിവാഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് മുന്‍കൂട്ടി പേമെന്റ് നടത്തിയതിന്റെ രേഖകള്‍ തുടങ്ങിയവയും ബാങ്കില്‍ തെളിവായി സമര്‍പ്പിക്കണം. പിന്‍വലിച്ച തുക ആര്‍ക്കാണ് നല്‍കുന്നത് ആ വ്യക്തികളുടെ വിവരങ്ങളും ബാങ്കില്‍ ഹാജരാക്കണം. ബാങ്ക് എക്കൗണ്ടില്ലാത്ത പക്ഷം അവരുടെ പ്രസ്താവന ഹാജരാക്കേണ്ടതുണ്ട്. പിന്‍വലിച്ച തുക ഏത് ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിന്റെ തെളിവുകളും ഇതില്‍പ്പെടുമെന്നും ആര്‍ബിഐ പ്രസ്താവനയില്‍ പറയുന്നു. ചെക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ പണരഹിത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വിവാഹച്ചെലവുകള്‍ വഹിക്കുന്നതിന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദേശവും ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.