ബന്ധം ശക്തമാക്കാന്‍ ചൈനയും പെറുവും

ബന്ധം ശക്തമാക്കാന്‍ ചൈനയും പെറുവും

ലിമ (പെറു): ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗിന് വലിയ സ്വീകരണം നല്‍കി ചൈനയുമായുള്ള ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പെറു. തിങ്കളാഴ്ച്ച പെറുവിന്റെ പ്രസിഡന്റ് പെഡ്രോ പബ്ല കുസിന്‍സ്‌കിയുമായി സി ജിന്‍ പിംഗ് കൂടിക്കാഴ്ച്ച നടത്തി. ജൂലൈയില്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം പെഡ്രോ ആദ്യം സന്ദര്‍ശനം നടത്തിയ രാജ്യം ചൈന ആയിരുന്നു. ഇന്ന് പെറുവിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. മുമ്പ് യുഎസ് ആയിരുന്നു ആ സ്ഥാനം അലങ്കരിച്ചിരുന്നത്.

ഉദാരനല്ലാത്ത ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് വിജയത്തോടെ പെറുവുമായുള്ള അമേരിക്കയുടെ ബന്ധം അത്ര ഊഷ്മളമാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ചൈനയുടെ മാസ്റ്റര്‍സ്‌ട്രോക്. ഏഷ്യ പസിഫിക് മേഖലയിലെ വേഗത്തില്‍ വളരുന്ന രാജ്യമായ പെറുവില്‍ ഇതോടെ അമേരിക്കയുടെ സ്വാധീനം ഇല്ലാതായി തീരുമെന്നാണ് നയതന്ത്രവിദഗ്ധരുടെ വിലയിരുത്തല്‍.

ചൈനീസ് സമ്പദ് വ്യവസ്ഥ പെറുവിനായി കൂടുതല്‍ തുറന്നിടാമെന്ന വാഗ്ദാനവും സി ജിന്‍ പിംഗ് നല്‍കിയിട്ടുണ്ട്. ചൈനയുമായി സമഗ്രമായ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ച ആദ്യ രാജ്യമെന്ന ക്രെഡിറ്റും പെറുവിന് തന്നെയാണ്. ചൈനീസ് ഭാഷയായ മണ്ഡാരിനില്‍ ഗാനമാലപിച്ചാണ് സിയെ പെറു തിങ്കളാഴ്ച്ച സ്വാഗതം ചെയ്തത്.

Comments

comments

Categories: World