അഞ്ചിലൊന്ന് ഇന്ത്യന്‍ കമ്പനികള്‍ ഡിജിറ്റല്‍ എക്‌സിക്യൂട്ടീവുകളെ നിയമിക്കുന്നു

അഞ്ചിലൊന്ന് ഇന്ത്യന്‍ കമ്പനികള്‍ ഡിജിറ്റല്‍ എക്‌സിക്യൂട്ടീവുകളെ നിയമിക്കുന്നു

 

ബെംഗളൂരു: ഇന്ത്യയിലെ അഞ്ചിലൊന്ന് കമ്പനികള്‍ ഡിജിറ്റല്‍ എക്‌സിക്യൂട്ടീവുകളെ നിയമിക്കുന്നതായി റിപ്പോര്‍ട്ട്. യുവാക്കളായ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് ഡിജിറ്റല്‍-മൊബീല്‍ സാങ്കേതികവിദ്യകളെ കൂടുതലായി ആശ്രയിക്കുന്ന കമ്പനികളാണ് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍മാരെ കണ്ടെത്തുന്നത്. ഡിജിറ്റല്‍ രംഗത്ത് പരിചയസമ്പന്നരായ പ്രൊഫഷണലുകളെയാണ് കമ്പനികള്‍ തേടുന്നത്.

മലയാളിയും മുന്‍ ഇന്ത്യന്‍ അംബാസഡറുമായ ടിപി ശ്രീനിവാസന്റെ മകന്‍ ശ്രീ ശ്രീനിവാസനെ മേയര്‍ ബില്‍ ഡി ബ്ലാസിയോ ഈയിടെ ന്യൂ യോര്‍ക് നഗരത്തിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസറായി നിയമിച്ചിരുന്നു. സിഡിഒ ആയി ചുമതലയേറ്റശേഷം തന്റെ പദവിക്ക് ചേരുംവിധം ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് വാട്ട്‌സ്ആപ്പ് മുഖേനയാണ് ശ്രീ ശ്രീനിവാസന്‍ അഭിമുഖം നല്‍കിയത്.

ആഗോളതലത്തില്‍ ഇന്ത്യന്‍ കമ്പനികളാണ് കൂടുതലായി ചീഫ് ഡിജിറ്റല്‍ ഓഫീസര്‍മാരെ തേടുന്നതെന്ന് ഗാര്‍ട്ണര്‍ ഗവേഷണ വിഭാഗം ആഗോള മേധാവി പീറ്റര്‍ സോന്‍ഡെര്‍ഗാര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ പത്തിലൊന്ന് കമ്പനികളാണ് ഡിജിറ്റല്‍ എക്‌സിക്യൂട്ടീവുകളെ തേടുന്നതെങ്കില്‍ ഇന്ത്യയിലെ അഞ്ചിലൊന്ന് കമ്പനികള്‍ക്കും ചീഫ് ഡിജിറ്റല്‍ ഓഫീസര്‍മാരെ വേണം. ഇന്ത്യയില്‍ ഇതിനകം 493 സിഡിഒമാര്‍ പ്രവര്‍ത്തിക്കുന്നതായി ലിങ്ക്ഡ്ഇന്‍ വ്യക്തമാക്കുന്നു. യുഎസ്സിലും യുകെ യിലുമെല്ലാം ഇതില്‍ കൂടുതല്‍ പേരെ കാണാന്‍ കഴിയും. എന്നാല്‍ ഡിജിറ്റല്‍ ഓഫീസര്‍മാരെ നിയമിക്കുന്ന പ്രവണത ഇന്ത്യയില്‍ കൂടുതല്‍ സജീവമാണ്.

വീടുകളിലും ഓഫീസുകളിലുമിരുന്ന് ഒരു കമ്പനിയുടെ പര്‍ച്ചെയ്‌സിംഗ് തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഡിജിറ്റലി കണക്റ്റഡായ ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും കഴിയുമെന്നതിനാല്‍ കമ്പനികള്‍ ഇപ്പോള്‍ കൂടുതലായി ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമാകുകയാണ്. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍, റീട്ടെയ്ല്‍ രംഗങ്ങളിലാണ് ഇത് കൂടുതല്‍ പ്രകടമാകുന്നത്. ഈ മേഖലകള്‍ തന്നെയാണ് പ്രധാനമായും ഡിജിറ്റല്‍ റോളിലേക്ക് ഉദ്യോഗസ്ഥരെ തേടുന്നത്.

ലോകത്തെ 1,500 പ്രമുഖ കമ്പനികളില്‍ ആറ് ശതമാനം മാത്രമാണ് അവരുടെ ബിസിനസിന്റെ ഡിജിറ്റല്‍ രൂപാന്തരം സാധ്യമാക്കുന്നതിന് സിഡിഒമാരെ നിയമിച്ചിട്ടുള്ളതെന്ന് ലണ്ടന്‍ ആസ്ഥാനമായ ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസസ് നെറ്റ്‌വര്‍ക് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ 2015 ഡിസംബറിലെ പഠനം വ്യക്തമാക്കുന്നു. ഏറ്റവുമധികം സിഡിഒമാരെ നിയമിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്പനികളാണ്. ഉപയോക്താക്കളെ കൂടുതലായി നേരിട്ട് അഭിമുഖീകരിക്കുന്ന വലിയ കമ്പനികളാണ് സിഡിഒമാരെ നിയമിക്കുന്നത്. വീഡിയോ ചാറ്റ്, മൊബീല്‍ ആപ്പ് തുടങ്ങിയവ ഉപയോഗിച്ച് ഉപയോക്താക്കളെ തേടിപ്പിടിക്കുകയാണ് സിഡിഒമാരുടെ ജോലി.

ഇന്ത്യയിലെ പകുതിയോളം സിഡിഒമാര്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷൂറന്‍സ് മേഖലയിലാണ് ജോലി നോക്കുന്നത്. ഐസിഐസിഐ ബാങ്കിലെ ചീഫ് ടെക്‌നോളജി & ഡിജിറ്റല്‍ ഓഫീസര്‍ മതിവനന്‍ ബാലകൃഷ്ണന്‍, കോടാക് മഹീന്ദ്ര ബാങ്ക് സിഡിഒ ദീപക് ശര്‍മ, ഡിഎച്ച്എഫ്എല്‍ പ്രമേരിക്ക സിഡിഒ ഭൂപേഷ് ആര്യ, ആദിത്യ ബിര്‍ള ഗ്രൂപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഡിഒ ഗൗരവ് സുറ്റ്ഷി എന്നിവര്‍ ചുമതലയേറ്റ് ഒരു വര്‍ഷം തികഞ്ഞിട്ടില്ല.

Comments

comments

Categories: Tech

Write a Comment

Your e-mail address will not be published.
Required fields are marked*