ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാന്‍ മൈക്രോമാക്‌സ്

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാന്‍ മൈക്രോമാക്‌സ്

 

ന്യൂഡെല്‍ഹി: ഗുരുഗ്രാം ആസ്ഥാനമാക്കിയ ഇലക്ട്രോണിക്‌സ് കമ്പനി മൈക്രോമാക്‌സ് അടുത്ത മാര്‍ച്ചില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിന് പദ്ധതിയിടുന്നു.
ഒരു ഉല്‍പ്പന്നത്തിന്റെ വിവിധ ഘടകങ്ങളെ കൂട്ടി യോജിപ്പിക്കുന്നതിന് ആവശ്യമായ സികെഡി (കംപ്ലീറ്റിലി നോക്ക്ഡ് ഡൗണ്‍) യൂണിറ്റുകള്‍ ഇറക്കുമതി ചെയ്യുമെന്ന് മൈക്രോമാക്‌സ് സഹസ്ഥാപകന്‍ വികാസ് ജെയ്ന്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണം ആരംഭിക്കാനാണ് കമ്പനിയുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോജിസ്റ്റിക്ക്, ബില്‍ഡിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ ജോലി നടക്കുന്ന തെലങ്കാനയിലെയോ അല്ലെങ്കില്‍ ഭിവാദിയിലെയോ പുതിയ സ്ഥലത്തായിരിക്കും കമ്പനി നിര്‍മാണ യൂണിറ്റ് തുടങ്ങുക. സികെഡി യൂണിറ്റിന്റെ ശേഷിയെ സംബന്ധിച്ച് കമ്പനി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ സികെഡി യൂണിറ്റിന്റെ ആദ്യ ഷിപ്പിംഗ് എത്രയും പെട്ടെന്ന് എത്തുമെന്ന് മൈക്രോമാക്‌സ് പ്രതീക്ഷിക്കുന്നു.
രാജസ്ഥാനിലെ ഭിവാദിയിലാണ് കമ്പനിയുടെ മൂന്നാമത്തെ പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിലേത് നാലാമത്തെ പ്ലാന്റും. അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ടെലിവിഷന്‍, ടാബ്‌ലെറ്റ് എന്നിവയും സ്മാര്‍ട്ട്‌ഫോണുകളും പ്രാദേശികമായി നിര്‍മിക്കുന്നതിന് 2,000 കോടി രൂപയുടെ നിക്ഷേപം കണക്കാക്കുന്നുണ്ട്.
നിലവില്‍ ഏകദേശം മിക്ക കമ്പനികളും ഇന്ത്യയില്‍ ഫോണുകള്‍ വിറ്റുവരുന്നു. അവയെല്ലാം ഒന്നുകില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഫോണുകള്‍ ഇറക്കുമതി ചെയ്യുകയോ അല്ലെങ്കില്‍ ചൈനയില്‍ നിന്ന് സെമി നോക്ക്ഡ് ഡൗണ്‍ (എസ്‌കെഡി) ഫോണുകള്‍ എത്തിക്കുകയോ ചെയ്യുന്നു. ചെറിയ നിര്‍മാണ ഘടകങ്ങളുമായി കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്നവയാണ് എസ്‌കെഡി ഫോണുകള്‍.

Comments

comments

Categories: Branding