ഉത്തരമലബാര്‍ ടൂറിസം സാധ്യതകള്‍ ശക്തിപ്പെടുത്തുന്നു

ഉത്തരമലബാര്‍ ടൂറിസം സാധ്യതകള്‍ ശക്തിപ്പെടുത്തുന്നു

കണ്ണൂര്‍: ഉത്തര മലബാര്‍ മേഖലയിലെ ടൂറിസം വ്യവസായം ശക്തിപ്പെടുത്തുവാന്‍ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഇതോടനുബന്ധിച്ചുള്ള പ്രാരംഭ ശില്‍പശാല ഡിസംബര്‍ 11, 12 തിയതികളില്‍ കാസര്‍ഗോഡ് നീലേശ്വരത്ത് വെച്ച് നടക്കും. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിആര്‍ഡിസി) ആണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

സംരംഭകര്‍ക്കുള്ള അവസരങ്ങള്‍ കണ്ടെത്തുക, ഏകോപിപ്പിക്കുക, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക മുതലായവ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് വേണ്ടി ടൂറിസം രംഗത്ത് പദ്ധതി ആവിഷ്‌കരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളവും ദേശീയ ജലഗതാഗതവും യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിക്കുമെന്നും ടൂറിസ മേഖലയിലേക്ക് കടന്നു വരുന്ന വന സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഇത് നല്ലൊരു അവസരമാണെന്നും ബിആര്‍ഡിസി മാനേജിങ് ഡയറക്റ്റര്‍ ടി കെ മന്‍സൂര്‍ അഭിപ്രായപ്പെട്ടു.

ബജറ്റ് റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഫാം ടൂറിസം, ആയുര്‍വ്വേദ കേന്ദ്രങ്ങള്‍, ഹൗസ് ബോട്ടുകള്‍, ടൂര്‍ ഓപ്പറേഷന്‍സ്, ഉത്തരവാദിത്ത ടൂറിസം, തനത് കലാരൂപങ്ങള്‍, കളരിപ്പയറ്റ്, യോഗ കേന്ദ്രങ്ങള്‍, കരകൗശല സ്മരണികകള്‍ (സുവനീര്‍ വ്യവസായം), എന്നീ മേഖലകളിലെ നിക്ഷേപ-വിപണന അവസരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ശില്പശാല. വിവിധ മേഖലകളില്‍ വിജയം കണ്ടെത്തിയ സംരംഭകരും വിദഗ്ധരും പുതിയ സംരംഭകരുമായി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കും. കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് മുതല്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ വരെയുള്ള പ്രദേശത്ത് ടൂറിസം സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഏത് പ്രദേശത്തുള്ളവര്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ www.bekalotursim.com എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

Comments

comments

Categories: Branding