ഡെല്‍ഹിയിലിരുന്നുകൊണ്ട് കേരളത്തിലൊരു കായല്‍യാത്ര

ഡെല്‍ഹിയിലിരുന്നുകൊണ്ട് കേരളത്തിലൊരു കായല്‍യാത്ര

തിരുവനന്തപുരം: കേരളത്തിലെ കായല്‍യാത്ര ഇനി ഡെല്‍ഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലിരുന്നും ആസ്വദിക്കാം. ഇവിടങ്ങളിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ ‘ഗ്രേറ്റ് ബാക്ക്‌വാട്ടര്‍ എക്‌സ്പീരിയന്‍സ് സോ’ എന്ന പേരില്‍ വെര്‍ച്വല്‍ റിയാലിറ്റി സംവിധാനമുള്ള സ്റ്റാളുകള്‍ ഏര്‍പ്പെടുത്തി കേരള ടൂറിസമാണ് ഈ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഡെല്‍ഹി വിമാനത്താവളത്തില്‍ ഈ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞെന്ന് കേരള ടൂറിസം ഡയറക്റ്റര്‍ യു വി ജോസ് പറഞ്ഞു. 2000 കിലോ മീറ്റര്‍ അകലെയിരുന്ന് സന്ദര്‍ശകര്‍ക്ക് വള്ളത്തിലിരിക്കുന്നതോ നാടന്‍ വഞ്ചിയിലെ സഫാരിയുടേതോ ആയ അനുഭങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കംപ്യൂട്ടര്‍ ഭാവനാ ലോകത്തിലൂടെ (വെര്‍ച്വല്‍ റിയാലിറ്റി) സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഒരേസമയം ആറ് കാമറകള്‍ ഉപയോഗിച്ച് 360 ഡിഗ്രി സാങ്കേതികവിദ്യയിലൂടെ ചിത്രീകരിച്ച രണ്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളിലൂടെയാണ് കേരളത്തിന്റെ കായലുകള്‍ സന്ദര്‍ശകര്‍ക്കു മുന്നില്‍ എത്തിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് നല്‍കുന്ന ‘ഒക്കുലസ് റിഫ്റ്റ് വി ആര്‍ ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഇത് അനുഭവവേദ്യമാകും. സോണില്‍ ഒരുക്കിയിട്ടുള്ള യഥാര്‍ത്ഥ വലിപ്പത്തിലുള്ള ഹൗസ്‌ബോട്ട് ഇന്‍സ്റ്റലേഷനിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകര്‍ ഈ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിക്കുമ്പോള്‍ കായലോളങ്ങള്‍, അസ്തമയം, പക്ഷികള്‍, മത്സ്യങ്ങള്‍, സസ്യമൃഗാദികള്‍ എന്നിവയുടെ അത്ഭുതലോകത്തിലെത്തും.

ബ്രാന്‍ഡ് കേരള പ്രചരിപ്പിക്കാനായി ടൂറിസം വകുപ്പിന്റെ ‘ഔട്ട് ഓഫ് ഹോം’ ആക്റ്റിവിറ്റിയുടെ ഭാഗമായി തുടങ്ങിയ സംരംഭം ആഭ്യന്തര ടൂറിസ്റ്റുകളിലെ ഉയര്‍ന്ന സാമ്പത്തിക ശ്രേണിയിലുള്ളവരെയാണ് ലക്ഷ്യമിടുന്നത്. ഡെല്‍ഹി വിമാനത്താവളത്തിലെ മൂന്നാമത്തെ ടെര്‍മിനലില്‍ തുടങ്ങിയ ആദ്യ വിര്‍ച്വല്‍ അനുഭവം ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിലും സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ജോസ് പറഞ്ഞു.

സ്റ്റാളിലെത്തുന്ന സന്ദര്‍ശകരോട് വിര്‍ച്വല്‍ റിയാലിറ്റി അനുഭവത്തിനുശേഷം Greatbackwaters എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യാനും ആവശ്യപ്പെടും. ഈ ട്വീറ്റുകളില്‍നിന്ന് നറുക്കെടുക്കുന്നവയ്ക്ക് സ്റ്റാളില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തില്‍ നിന്ന് പോസ്റ്റ്കാര്‍ഡ് ലഭിക്കും. ‘ട്വീറ്റ് ഓഫ് പോസ്റ്റ്കാര്‍ഡ്‌സ് ഫ്രം കേരള’ എന്ന ഈ സംവിധാനത്തിലൂടെ 15 മിനുറ്റിലൊരിക്കല്‍ എന്ന കണക്കിലാണ് കാര്‍ഡ് ലഭിക്കുന്നത്. ഈ കാര്‍ഡ് സ്റ്റാളില്‍ നിന്നു തന്നെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയയ്ക്കാനുള്ള സംവിധാനവുമുണ്ടെന്ന് ടൂറിസം ഡയറക്റ്റര്‍ അറിയിച്ചു.

Comments

comments

Categories: Branding, Slider

Related Articles