ഇംഗ്ലണ്ട് താരത്തിന് നാണക്കേടിന്റെ റെക്കോര്‍ഡ്

ഇംഗ്ലണ്ട് താരത്തിന് നാണക്കേടിന്റെ റെക്കോര്‍ഡ്

 

വിശാഖപട്ടണം: ടീം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഇംഗ്ലണ്ട് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ് അപൂര്‍വമായ മോശം റെക്കോര്‍ഡ്. ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുന്ന താരമെന്ന കിംഗ് പെയര്‍ അവാര്‍ഡാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തം പേരിലാക്കിയത്.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ആര്‍ അശ്വിനും രണ്ടാം തവണ ജയന്ത് യാദവുമാണ് ആന്‍ഡേഴ്‌സണിന്റെ വിക്കറ്റ് തെറിപ്പിച്ചത്. 110 വര്‍ഷത്തിന് ശേഷമാണ് ഒരു ഇംഗ്ലണ്ട് ക്രിക്കറ്റര്‍ കിംഗ് പെയര്‍ എന്ന നാണക്കേട് ഏറ്റുവാങ്ങുന്നത്. ഇര്‍നി ഹെയ്‌സായിരുന്നു ഇതിന് മുമ്പ് കിംഗ് പെയറിന് അര്‍ഹനായ ഇംഗ്ലീഷ് താരം. 1906ലെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അത്.

ഇംഗ്ലണ്ട് താരങ്ങളായ വില്യം അറ്റ്‌വെലും ബോബി പീലും യഥാക്രമം 1892, 1895 വര്‍ഷങ്ങളില്‍ കിംഗ് പെയര്‍ അവാര്‍ഡിന് അര്‍ഹരായിരുന്നു. ജയിംസ് ആന്‍ഡേഴ്‌സണ്‍ നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമാക്കിയിട്ടുണ്ട്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ 55 പന്തുകള്‍ നേരിട്ടതിന് ശേഷം റണ്‍സൊന്നും നേടാതെ പുറത്തായതായിരുന്നു അത്.

അന്നത്തെ മത്സരത്തില്‍ രണ്ട് പന്തുകള്‍ മാത്രം അവശേഷിക്കേ ഇംഗ്ലണ്ട് പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട് ഒരു റണ്‍സ് പോലും നേടാതെ പുറത്താകുന്ന രണ്ടാമത്തെ ക്രിക്കറ്റര്‍ കൂടിയാണ് ആന്‍ഡേഴ്‌സണ്‍. 1999ല്‍ നടന്ന കളിയില്‍ 77 പന്തുകള്‍ നേരിട്ടിട്ടും റണ്‍സൊന്നും നേടാന്‍ സാധിക്കാതിരുന്ന ന്യൂസിലാന്‍ഡിന്റെ ഡെഫ് അലോട്ടാണ് ഈ കാറ്റഗറിയിലെ ആദ്യ താരം.

Comments

comments

Categories: Sports