ആദായനികുതിയും കറന്‍സിയും ഇല്ലാതായാല്‍

ആദായനികുതിയും കറന്‍സിയും ഇല്ലാതായാല്‍

ranjithരഞ്ജിത് എ ആര്‍

ആയിരം, അഞ്ഞൂറ് നോട്ടുകളുടെ നിരോധനം ഒരുപാട് ഊഹാപോഹങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നു! ഇന്ത്യയെപ്പോലെ ഒരു രാജ്യത്തെ പ്രധാനമന്ത്രി, ഒരു പ്ലാനിങ്ങും ഇല്ലാതെ ഇത്തരം ഒരു കാര്യം ചെയ്യുമെന്ന് കരുതാന്‍ വയ്യ. ഒരു വലിയ പ്ലാനിങ്ങിന്റെ ആദ്യപടി ആയി ഇതിനെ കാണാന്‍ ആണ് എനിക്കിഷ്ടം. സാധാരണക്കാര്‍ ബുദ്ധിമുട്ടിലാകുന്നു എന്ന സത്യം മനസ്സിലാക്കിക്കൊണ്ടു തന്നെ എനിക്ക് തോന്നുന്നത്, ഇത്തരമൊരു നടപടി ബാങ്കിംഗ് സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഉപകാരപ്പെടും എന്നു തന്നെയാണ്. ആരുമില്ലാതിരുന്ന ബാങ്കുകള്‍ക്ക് പുറത്തെല്ലാം ഇപ്പോള്‍ വലിയ തിരക്കാണ്. ഇന്നു വരെ ബാങ്ക് കണ്ടിട്ടില്ലാത്തവര്‍ പോലും അവിടെയെത്തിയിരിക്കുന്നു. സൈ്വപിംഗ് മെഷീന്റെ വില്പന നാലിരട്ടി ആയിരിക്കുന്നു. കൊച്ചു ബാര്‍ബര്‍ ഷാപ്പുകളിലും ചായപ്പീടികകളിലും വരെ പേടിഎം കാഷ് സ്വീകരിക്കുന്നു. ഡെബിറ്റ് കാര്ഡും ക്രെഡിറ്റ് കാ#ഡും നെറ്റ് ബാങ്കിങ്ങും എങ്ങനെ ഉപയോഗിക്കണം എന്ന്! മുതിര്‍ന്നവര്‍ കുട്ടികളോട് ചോദിച്ചു പഠിക്കുന്നു…ഈ കുറച്ചു ദിവസത്തിനകം ഉണ്ടായ വലിയ മാറ്റങ്ങള്‍ ആണിവ…ഇതൊരു change management ആണ്.അത്ര എളുപ്പമല്ലാത്ത ഒരു പ്രക്രിയ ആണിത്, പ്രത്യേകിച്ചും വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍! ഒരുപക്ഷെ, മോദിയും കൂട്ടരും വിചാരിച്ച ബുദ്ധിമുട്ട് ഇതിന് വേണ്ടി വന്നില്ല എന്നു വേണം കരുതാന്‍. മാത്രമല്ല കള്ളപ്പണം തടയുക എന്നത് ഒരു ജനവികാരമാക്കി മാറ്റാനും കഴിഞ്ഞു.

ജനങ്ങളുടെ ആദ്യഘട്ട പിന്തുണ കിട്ടിക്കഴിഞ്ഞാല്‍ അടുത്ത യൂണിയന്‍ ബജറ്റ് വരികയായി…അതുപോലും പ്ലാനിങ്ങിന്റെ ഭാഗമാണെന്നു തോന്നുന്നു, കാരണം ഇത്തവണ പതിവിനു വിപരീതമായി ബജറ്റ്, ഫെബ്രുവരി ആദ്യം തന്നെ ഉണ്ടാകും എന്നു കേള്‍ക്കുന്നു. കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നാല്‍ ഒരുപക്ഷെ ഈ ബജറ്റില്‍ തന്നെ ആദായനികുതി ഒഴിവാക്കിയുള്ള പ്രഖ്യാപനം വരും. ഒരു മിഡില്‍ ക്ലാസുകാരന് ഏറെ ആഹ്ലാദിക്കാവുന്ന കാര്യമാകും അത്! അപ്പൊ പിന്നെ സര്‍ക്കാരിന്റെ വരുമാനം എന്താകും? അതാണ് ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ ടാക്‌സ് അഥവാ ബിടിടി.

നമ്മള്‍ നടത്തുന്ന ഓരോ ബാങ്ക് ട്രാന്‍സാക്ഷനിലും ടാക്‌സ് ചുമത്തപ്പെടും…അത് ചെക്കോ, ഇലക്ട്രോണിക്ക് പേയ്‌മെന്റോ എന്തുമായിക്കൊള്ളട്ടെ. ഓരോ തരത്തിലുള്ള ഇടപാടിനും ഓരോ ടാക്‌സ് റേറ്റ് ആയെന്നു വരാം. അപ്പോള്‍ വീണ്ടും ഈ രണ്ടായിരത്തിന്റെ നോട്ടുകള്‍ കള്ളപ്പണമായി കുമിഞ്ഞു കൂടില്ലേ എന്ന സംശയം വരാം. അവിടെയാണ് അടുത്ത കളി. സ്വര്‍ണം, ബിനാമി ഇടപാടുകള്‍ എന്നിവയ്ക്ക് കൂച്ചു വിലങ്ങിടുന്ന നിയമങ്ങള്‍ ഉടന്‍ നിലവില്‍ വരും. ബിസിനസുകള്‍ക്കെല്ലാം ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ നിര്‍ബന്ധമാക്കും ( എല്ലാവരും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഒക്കെ ഉപയോഗിക്കാന്‍ പഠിക്കേണ്ടി വരും…ഒരു ട്രെയിനിംഗ് ഉണ്ടാകാനും സാധ്യത ഉണ്ട്..പിന്നെ ചെറിയ തട്ടുകടകളില്‍ പോലും സൈ്വപ്പിംഗ് തുടങ്ങും!). പിന്നെ പതിയെ വലിയ നോട്ടുകളും നിര്‍ത്തലാക്കും…അതോടെ വലിയ കൈമാറ്റങ്ങള്‍ക്ക് ബാങ്കുകള്‍ ഇല്ലാതെ പറ്റില്ലെന്നാകും!

ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ ടാക്‌സ് വളരെ പവര്‍ഫുളാണ്! ഇന്ത്യയില്‍ ഇപ്പോള്‍ ഏകദേശം പതിമൂന്ന് മില്ല്യന്‍ ആളുകള്‍ മാത്രമാണ് ടാക്‌സ് അടയ്ക്കുന്നത്…ഇത് ജനസംഖ്യയുടെ ഒരു ശതമാനം മാത്രമേ ആകുന്നുള്ളൂ. എന്നാല്‍ ഏകദേശം 21 ലക്ഷം കോടി രൂപയാണ് ബിടിടി വഴി സര്‍ക്കാരിന് സമാഹരിക്കാന്‍ കഴിയുക എന്നും കണക്കാക്കപ്പെടുന്നു(എല്ലാ കാര്യങ്ങളും സുതാര്യമായാല്‍ ഇതിനേക്കാള്‍ ഒരുപാട് കൂടാനും സാധ്യതയുണ്ട്). സാധാരണക്കാരെ ബാധിക്കാത്ത തരത്തില്‍ ബിടിടി നടപ്പിലാക്കാന്‍ സാധിച്ചാല്‍ അതൊരു വിപ്ലവം തന്നെയാകും. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നോ രണ്ടോ കൊല്ലത്തിനിടയ്ക്ക് കറന്‍സി ഇല്ലാത്ത ഒരു രാജ്യമായി ഇന്ത്യ മാറിയേക്കാം എന്ന സൂചനകള്‍ ഈ നോട്ടു നിരോധനത്തില്‍ ഉണ്ട്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കുറയ്ക്കാനും ഈ നടപടി സഹായിച്ചേക്കാം. ഇന്ത്യന്‍ ഇക്കോണമി രാജ്യാന്തരതലത്തില്‍ ശക്തി നേടാനും ഇത് ഉപകാരമായേക്കാം. ഡിസ്‌പോസബിള്‍ ഇന്‍കം കൂടും എന്നതും വലിയൊരു നേട്ടമാണ്. എന്നാല്‍ ബിടിടി പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ബാധ്യത വരുത്തിയേക്കാം.മാത്രമല്ല പല ട്രാന്‍സാക്ഷനുകളിലായി വരുന്ന ഉല്‍പ്പന്നങ്ങളുടെ വിലയും ഉയര്‍ന്നേ ക്കാം. ഇത്തരം ചില പ്രശ്‌നങ്ങളെ പ്രായോഗികമായി പരിഹരിക്കാന്‍ സാധിച്ചാല്‍ ഒരുപക്ഷെ നമ്മുടെയെല്ലാം ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ചില വലിയ തീരുമാനങ്ങള്‍ വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാം. എല്ലാം നല്ലതിനാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം, നല്ല തീരുമാനങ്ങള്‍ക്ക് വേണ്ടി കാതേര്‍ക്കാം.

Comments

comments