തുള്‍സി ഗബ്ബാര്‍ഡിന് ട്രംപ് പ്രധാന പദവി നല്‍കിയേക്കും

തുള്‍സി ഗബ്ബാര്‍ഡിന് ട്രംപ് പ്രധാന പദവി നല്‍കിയേക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹിന്ദു എന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ തുള്‍സി ഗബ്ബാര്‍ഡ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരില്‍ തന്ത്രപ്രധാനമായ പദവി വഹിച്ചേക്കും. ഡെമോക്രാറ്റിക് പ്രതിനിധിയായ തുള്‍സി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തേരാളിയായ വിജയിച്ച് പ്രസിഡന്റ് പദത്തിലെത്തിയ ട്രംപിനെ കഴിഞ്ഞ ദിവസം കണ്ട് ചര്‍ച്ച നടത്തിയത് അല്‍പ്പം ആശ്ചര്യത്തോടെ ആയിരുന്നു രാഷ്ട്രീയ ലോകം നോക്കിക്കണ്ടത്.

ഹവായില്‍ നിന്നും കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 35കാരിയായ തുള്‍സിക്ക് ശക്തമായ പദവി തന്നെ ലഭിച്ചേക്കുമെന്നാണ് സൂചന. സെക്രട്ടറി ഓഫ് സ്റ്റേറ്റ്, സെക്രട്ടറി ഓഫ് ഡിഫെന്‍സ്, യുണൈറ്റഡ് നാഷന്‍സ് അംബാസഡര്‍ എന്നീ പദവികളില്‍ ഏതെങ്കിലും ഒന്ന് തുള്‍സിക്ക് നല്‍കാനാണ് ട്രംപിന്റെ തീരുമാനം. ട്രംപിന്റെ കാബിനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരിക്കും തുള്‍സി ഗബ്ബാര്‍ഡ്.

ന്യൂയോര്‍ക്ക് സിറ്റി ഓഫീസിലെ ട്രംപ് ടവറില്‍ വെച്ചായിരുന്നു ഇരുവരും ഇന്നലെ രാവിലെ കൂടിക്കാഴ്ച്ച നടത്തിയത്. പുരോഗമനവാദിയായ ഡെമോക്രാറ്റ് എന്ന നിലയിലാണ് തുള്‍സി അറിയപ്പെടുന്നതെങ്കിലും ഭീകരവാദത്തിനെതിരെയുള്ള ട്രംപിന്റെ നയത്തോട് പൂര്‍ണമായും അവര്‍ യോജിക്കുന്നുണ്ട്. സിറിയന്‍ ആഭ്യന്തര കലാപം, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ മുമ്പ് ഡെമോക്രാറ്റുകളോട് കലഹിച്ചിട്ടുമുണ്ട്.

സിറിയയുമായി ബന്ധപ്പെട്ട നയങ്ങള്‍, അല്‍ ഖ്വായ്ദ, ഐഎസ്‌ഐഎസ് തുടങ്ങിയ ആഗോള തീവ്രവാദ സംഘടനങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ പോരാട്ടം, മറ്റ് നയതന്ത്ര കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചാണ് ട്രംപുമായി ചര്‍ച്ച നടത്തിയതെന്ന് തുള്‍സി പറഞ്ഞു.

അമേരിക്കയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തനിക്ക് രാഷ്ട്രീയമില്ലെന്ന് അവര്‍ വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാരിനെ മറിച്ചിടാനുള്ള അമേരിക്കയുടെ നിയമവിരുദ്ധ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തന്റെ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും തുള്‍സി. അമേരിക്കയുടെ മൂല്യമാര്‍ന്ന മനുഷ്യവിഭവശേഷിയും കരുത്തും അമേരിക്കയെ സംരക്ഷിക്കാനുള്ളതാണ്. അമേരിക്കന്‍ ജനതയ്ക്ക് ഭീഷണിയായി തീര്‍ന്ന അല്‍ ഖ്വായ്ദ, ഐഎസ്‌ഐസ് തുടങ്ങിയ ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരെ പോരാടുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടത്-തുള്‍സി പറഞ്ഞു.

ഭീകരതയെ കയറ്റുമതി ചെയ്യുന്ന പാക്കിസ്ഥാന്റെ നയത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ള നേതാവാണ് തുള്‍സിയെന്നതും ശ്രദ്ധേയമാണ്. പാക്കിസ്ഥാനുള്ള അമേരിക്കയുടെ സാമ്പത്തിക, സൈനിക സഹായങ്ങള്‍ വെട്ടിച്ചുരുക്കണമെന്നും അവര്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം തുള്‍സിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. തുള്‍സിക്കെതിരെ അധിക്ഷേപം നടത്തിയ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ വരെ അവര്‍ തയാറായി. യുഎസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ഹിലരി ക്ലിന്റണെതിരെ തുറന്ന നിലപാടെടുത്ത ബര്‍നി സാന്‍ഡേഴ്‌സിനെ അനുകൂലിച്ച തുള്‍സിയുടെ നീക്കവും ചര്‍ച്ചയായിരുന്നു. തന്ത്രപ്രധാന പദവിയിലേക്ക് തുള്‍സി ഗബ്ബാര്‍ഡ് എത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: World