ഹോംഡെലിവറിക്കാര്‍ക്ക് പുത്തന്‍ പ്രതീക്ഷകളേകി ഒരു സ്റ്റാര്‍ട്ടപ്പ്: ഉല്‍പ്പന്ന വിതരണം വേഗത്തിലാക്കാന്‍ ഇലക്ട്രിക് സൈക്കിള്‍

ഹോംഡെലിവറിക്കാര്‍ക്ക് പുത്തന്‍ പ്രതീക്ഷകളേകി ഒരു സ്റ്റാര്‍ട്ടപ്പ്:  ഉല്‍പ്പന്ന വിതരണം വേഗത്തിലാക്കാന്‍ ഇലക്ട്രിക് സൈക്കിള്‍

 
നഗരത്തിലെ തിരക്കുകള്‍, റോഡില്‍ തിങ്ങിനീങ്ങുന്ന വാഹനങ്ങള്‍, ട്രാഫിക് ബ്ലോക്ക് ഇവയെല്ലാം മറികടന്നുവേണം ഹോംഡെലിവറിക്ക് ഇറങ്ങുന്നവര്‍ക്ക് ഓര്‍ഡറുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃത്യസ്ഥലത്ത് എത്തിക്കാന്‍. ടൗണില്‍ വാഹനം പാര്‍ക്കുചെയ്യാനും വേണം സൗകര്യം. ഇതൊക്കയാണ് ബെംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ്-ടെക് സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗിയുടെ ഡെലിവറി പേഴ്‌സനായി ജോലിചെയ്യുന്ന ജയന്ത് ഗൗഡയെ ഡെലിവറിക്കായുള്ള യാത്രകളില്‍ ഇലക്ട്രിക് സൈക്കിള്‍ പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. ഇതോടെ ഗൗഡക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്ഥലത്ത് സാധനമെത്തിക്കാന്‍ കഴിഞ്ഞു. ജോലിഭാരം പകുതി കുറയുകയും ഡെലിവറി ഇരട്ടിയാവുകയും ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് ഗയം മോട്ടോര്‍ വര്‍ക്‌സ് (ജിഎംഡബ്ല്യു) ആണ് ഗൗഡയ്ക്ക് ഇലക്ട്രോണിക് സൈക്കിള്‍ ലഭ്യമാക്കിയത്.

ഗൗഡയ്ക്കുണ്ടായ അനുഭവത്തോടെ സ്വിഗ്ഗി, ബിഗ്ബാസ്‌ക്കറ്റ്, ഇ-കാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ക്കായി പ്രവര്‍ത്തിക്കുന്ന 350 ഓളം ഡെലിവറി പേഴ്‌സണ്‍സ് ഇലക്ട്രിക് സൈക്കിള്‍ വാങ്ങാനായി ഗയം മോട്ടോര്‍ വര്‍ക്‌സുമായി (ജിഎംഡബ്ല്യു) കാരാര്‍ ഒപ്പിട്ടു. മാസതവണകളായി പണമടക്കാനുള്ള സൗകര്യവും ജിഎംഡബ്ല്യു ഒരുക്കിയിട്ടുണ്ട്. രാജാ ഗയം, രാഹുല്‍ ഗയം എന്നീ സഹോദരന്മാര്‍ ചേര്‍ന്നാണ് 2010 ല്‍ ജിഎംഡബ്ല്യവിന് തുടക്കം കുറിച്ചത്. ഓട്ടോറിക്ഷയായിരുന്നു ജിഎംഡബ്ല്യു പുറത്തിറക്കിയ ആദ്യ ഇലക്ട്രോണിക് വാഹനം. ഇപ്പോള്‍ പണിപ്പുരയില്‍ ഇലക്ട്രോണിക് ഫോര്‍വീലറിന്റെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

2008 ല്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കൊളേജില്‍ പഠിക്കുമ്പോഴാണ് രാജാഗയം ഇലക്ട്രോണിക് വാഹനങ്ങളുടെ പ്രവര്‍ത്തന രീതികളും സാധ്യതകളും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അന്നു മുതല്‍ ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ എത്തിക്കുക എന്നത് രാജയുടെ സ്വപ്‌നമായി മാറി. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികള്‍ ഇറക്കുമതി ചെയ്യേണ്ടി വന്നതോടെ വാഹനങ്ങളുടെ നിര്‍മ്മാണ ചെലവ് ഉയര്‍ന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ വാഹനം വിപണിയില്‍ എത്തിക്കാന്‍ സാധ്യമായ മാര്‍ഗങ്ങളിലൊക്കെ ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ജിഎംഡബ്ല്യു ചീഫ് എക്‌സിക്യൂട്ടീവായ രാജാ ഗയം പറഞ്ഞു.

ഏകദേശം 45,000 രൂപയാണ് ഇലക്ട്രോണിക് സൈക്കിളിന്റെ വില. ഉപഭോക്താവിന് കൂടുതല്‍ ദൂരം കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇലക്ട്രോണിക് സൈക്കിള്‍ സഹായിക്കും. സൈക്കിളിന്റെ പെഡല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള യാത്രക്കാരന്റെ അധ്വാനവും ഇലക്ട്രിക് സൈക്കിള്‍ കുറയ്ക്കുന്നു. പൂര്‍ണമായി ചാര്‍ജ്ജ് ചെയ്ത ബാറ്ററിയില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. ഒരിക്കല്‍ വാങ്ങിയാല്‍ 4 രൂപ മുതല്‍ മുടക്കില്‍ 60 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. സീറോമെയിന്റയിന്‍സ് കോസ്റ്റും ഇതിന്റെ പ്രത്യേകതയാണ്. വിദേശകമ്പനിയായ യുബറിന്റെ ഫുഡ് ഡെലിവറി സര്‍വീസായ യുബര്‍ ഈറ്റ്‌സില്‍ നിന്നു വരെ കമ്പിനിക്ക് ഓഡറുകള്‍ ലഭിച്ചുകഴിഞ്ഞു. യൂബര്‍ഈറ്റ്‌സിന്റെ സിംഗപ്പൂരും ഹോങ്‌കോങിലും ഉള്ള ഡെലിവറി പേഴ്‌സണ്‍സ് സൈക്കിള്‍ ഉപയോഗിച്ചു തുടങ്ങി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ അടുത്ത ആഴ്ചമുതല്‍ സൈക്കിള്‍ ഉപയോഗിച്ചു തുടങ്ങും.

നിര്‍മ്മാണത്തിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് ഗയം സഹോദരന്‍മാര്‍ 18 കോടിയാണ് മുതല്‍ മുടക്കിയിരിക്കുന്നത്. കൂടുതല്‍ വികസനത്തിന് ഫണ്ട് ശേഖരിക്കുന്നതിന് നിക്ഷേപകരുമായി ചര്‍ച്ച നടക്കുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ പ്രമുഖ ഡെലിവറി കമ്പനികള്‍ക്കിടയില്‍ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു ഈ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. ഡെലിവറി മേഖലയില്‍ പുത്തന്‍ പ്രതീക്ഷകള്‍ക്ക് വഴിതുറക്കുകയാണ് ഗയം സഹോദരന്മാരുടെ ഈ സ്റ്റാര്‍ട്ടപ്പ്.

Comments

comments

Categories: Entrepreneurship