ഇംഗ്ലണ്ടിനെ തള്ളിക്കളയരുതെന്ന് ക്രിക്കറ്റ് വിദഗ്ധര്‍

ഇംഗ്ലണ്ടിനെ തള്ളിക്കളയരുതെന്ന് ക്രിക്കറ്റ് വിദഗ്ധര്‍

 

ഡല്‍ഹി: ടീം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ടിനെ എഴുതി തള്ളരുതെന്ന് ക്രിക്കറ്റ് വിദഗ്ധര്‍. മുമ്പ് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ന്യൂസിലാന്‍ഡിനെപ്പോലെയല്ല ഇംഗ്ലണ്ടെന്നും വരും മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന സൂചന അവരുടെ കളിയിലുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ സ്പിന്നിന് അനുകൂലമായി ഒരുക്കിയിരിക്കുന്ന പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 90 ഓവറിന് മുകളില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്തതാണ് ക്രിക്കറ്റ് വിദഗ്ധരെ അതിശയിപ്പിച്ചിരിക്കുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച ചെറുത്ത് നില്‍പ്പാണ് ഇംഗ്ലണ്ട് നടത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരും കൂട്ടത്തകര്‍ച്ച നേരിട്ട സാഹചര്യത്തിലായിരുന്നു ഇംഗ്ലണ്ട് ചെറുത്ത് നിന്നത്.

ആദ്യ ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായതാണ് ടീം ഇന്ത്യയുടെ വിജയ കാരണം. ഒരുപക്ഷേ രണ്ടാമതാണ് ആതിഥേയര്‍ ബാറ്റ് ചെയ്തിരുന്നതെങ്കില്‍ മത്സര ഫലം മറ്റൊന്നാകുമായിരുന്നു. ആദ്യ ടെസ്റ്റില്‍ രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ കഷ്ടിച്ചാണ് സമനില നേടിയത്. അതിനാല്‍ അടുത്ത മത്സരങ്ങളിലും ടോസ് നിര്‍ണായകമാകും.

ടീം ഇന്ത്യയേക്കാള്‍ മികച്ച ബാറ്റിംഗ് പ്രകടനം ഇംഗ്ലണ്ടിന്റേതാണെന്നും ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഫാസ്റ്റ് ബൗളര്‍ ബെന്‍ സ്‌റ്റോക്‌സ് ജാമി ബെറിസ്‌റ്റോ എന്നിവരുള്‍പ്പെടെ ഇംഗ്ലണ്ടിന്റെ വാലറ്റം വരെ ബാറ്റിംഗ് മികവുള്ളവരാണെന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ട് താരങ്ങള്‍ ക്രീസില്‍ ചെലവഴിക്കുന്ന സമയമാണ് പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത്.

Comments

comments

Categories: Sports