ഇംഗ്ലണ്ട് കളിക്കാര്‍ക്ക് അലവന്‍സ് കിട്ടിത്തുടങ്ങിയില്ല

ഇംഗ്ലണ്ട് കളിക്കാര്‍ക്ക് അലവന്‍സ് കിട്ടിത്തുടങ്ങിയില്ല

 

ന്യൂ ഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് വേണ്ടി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ബിസിസിഐ ഇതുവരെയും പ്രതിദിന അലവന്‍സ് നല്‍കിത്തുടങ്ങിയില്ല. ലോധ കമ്മിറ്റിയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ പേരില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി കരാറിലൊപ്പിടാന്‍ ബിസിസിഐ തയാറാകാത്തതിനാലാണ് ഇംഗ്ലീഷ് ടീമിനുള്ള അലവന്‍സ് വൈകുന്നത്.

പരമ്പര നടക്കുന്ന കാലയളവില്‍ പ്രതിദിനം 4200 രൂപയോളമാണ് അലവന്‍സായി ഓരോ താരങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഒരു ടെസ്റ്റ് മത്സരം നടക്കുന്നതിന് മുമ്പ് തന്നെ ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ കരാറിലേര്‍പ്പെടുകയാണ് പതിവ്.

ലോധ കമ്മിറ്റിയുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബിസിസിഐ അലവന്‍സുകള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നാണ് ബോര്‍ഡുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സ്ഥിരീകരണം.

ലോധ കമ്മിറ്റിയും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ വാഗ്വാദങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ദൈനംദിന അലവന്‍സ് ഉള്‍പ്പെടെയുള്ള തുക ഇംഗ്ലണ്ട് താരങ്ങള്‍ക്ക് കൈമാറാനാകില്ലെന്നും ഇതിന് താത്കാലികമായി സ്വയം പരിഹാരം കാണണമെന്നും അഭ്യര്‍ഥിച്ച് ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന് മുമ്പ് സന്ദേശമയച്ചിരുന്നു.

ബിസിസിഐയ്ക്ക് പണം ചെലവിടുന്നതിനുള്ള അധികാരം ലോധ കമ്മറ്റിയുടെ ഇടപെടലുകള്‍ കാരണം സുപ്രീം കോടതി തടയുകയാണെങ്കില്‍ ഇംഗ്ലീഷ് ടീമിന് ചെലവുകള്‍ക്കായി തുക അനുവദിക്കില്ലെന്ന് ബിസിസിഐ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബിസിസിഐയ്ക്ക് മത്സരത്തിനായി പണം ചെലവഴിക്കാമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ട് കളികള്‍ കഴിഞ്ഞിട്ടും തുക അനുവദിക്കാത്തതും ഒപ്പം കറന്‍സി നിയന്ത്രണം ഏര്‍പ്പെടുത്തിയതും ഇംഗ്ലീഷ് താരങ്ങളുടെ നില അല്പം പരുങ്ങലിലാക്കിയിട്ടുണ്ട്.

Comments

comments

Categories: Slider, Sports