വഴിയൊരുക്കുമോ അതോ വഴി മുടക്കുമോ?

വഴിയൊരുക്കുമോ അതോ വഴി മുടക്കുമോ?

അമൂല്യ ഗാംഗുലി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചില നയങ്ങളില്‍ ഇടവിട്ടുള്ള വൈകല്യത്തിന്റെ ചില ഘടകങ്ങളുണ്ട്. വിദേശ നയത്തിന്റെ കാര്യമെടുത്താല്‍, സമചിത്തതയില്ലായ്മ പാക്കിസ്ഥാനുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലില്‍ ദൃശ്യമാണ്. നല്ല സൗഹൃദത്തില്‍ നിന്ന് യുദ്ധ ഭീതി നിഴലിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിനില്‍ക്കുന്നു നിലപാടുകള്‍. ആഭ്യന്തര കാര്യത്തിലാണെങ്കില്‍, 500, 1000 രൂപ നോട്ടുകളുടെ പെട്ടെന്നുള്ള നിരോധനം സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയിരിക്കുകയാണ്.

ജനങ്ങളില്‍ വലിയ തോതിലെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും, വ്യാപാര, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്തിരിക്കുന്നു. നോട്ടുകള്‍ പിന്‍വലിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നെങ്കില്‍ അത് കള്ളപ്പണക്കാരെയും പൂഴ്ത്തിവയ്പ്പുകാരെയും ഇടതടവില്ലാതെ സഹായിക്കുന്നതിനു തുല്യമായേനെ. മാത്രമല്ല, നോട്ടുകള്‍ പിന്‍വലിക്കുന്നതിലെ ലക്ഷ്യം കൈവരിക്കാതെ പോകുകയും ചെയ്യും. എന്നാല്‍, കുറച്ചു കൂടി നന്നായി ആസൂത്രണം ചെയ്തിരുന്നെങ്കില്‍ സാധാരണക്കാരെ ബാധിക്കാതെ ഈ മഹത്തായ ഉദ്യമം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേനെ. ഒരു രാത്രികൊണ്ട് നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍

അത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുമെന്ന് വീണ്ടുവിചാരം നടത്തേണ്ടതും അത്യാവശ്യമാണ്. രാജ്യത്തെ 86 ശതമാനത്തോളം ആളുകള്‍ സാധാരണക്കാരാണ് എന്ന ചിന്തയും വേണ്ടിയിരുന്നു. അതുകൊണ്ടാണ് ബാങ്കുകളിലും എടിഎമ്മുകളിലും അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടത്. മണിക്കൂറുകള്‍ ബാങ്കുകള്‍ക്കു മുന്നിലെ നീണ്ട നിരയില്‍ കാത്തു നിന്ന് തളര്‍ന്നു വീണു മരിച്ചവരും ഏറെയാണ്.

പ്രാരംഭ ഘട്ടത്തില്‍ നോട്ട് അസാധുവാക്കലിനു പിന്നിലെ ഉദ്ദേശ്യത്തെ വാഴ്ത്തിപ്പാടിയ ജനം പിന്നീട്, എടിഎമ്മുകളിലെയും ബാങ്കുകള്‍ക്കു മുന്നിലെയും നിര നീണ്ടപ്പോള്‍, കാര്യങ്ങള്‍ ഉചിതമായി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനു വന്ന പിഴവില്‍ കോപിക്കുകയും നിരാശ രേഖപ്പെടുത്തുകയും ചെയ്തു. പ്രായമായവര്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തുന്നതില്‍ കാലതാമസം നേരിട്ടത്, കാര്യങ്ങള്‍ നടപ്പിലാക്കുന്നതിലെ സര്‍ക്കാരിന്റെ പിഴവാണ് ചൂണ്ടിക്കാണിക്കുന്നത്. അടുക്കും ചിട്ടയുമില്ലാതെ ബാങ്കിലെ ഇടപാടുകള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തേണ്ടിവന്നു സര്‍ക്കാരിന് അത്തരമൊരു തീരുമാനമെടുക്കാന്‍. സ്ഥിതിഗതികള്‍ സാധാരണനിലയില്‍ തിരിച്ചെത്താന്‍ ആഴ്ചകളെടുക്കുമെന്ന് വ്യക്തമാണ്.

തന്റെ ഏറ്റവും പുതിയ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തിളക്കം കൂട്ടുന്ന മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കായി പ്രധാനമന്ത്രി കണ്ടെങ്കില്‍- നോട്ട് അസാധുവാക്കലിനെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വ്യാഖ്യാനിച്ചതാകട്ടെ കാര്‍പ്പെറ്റ് ബോംബിംഗ് എന്നാണ്. ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ അത്രത്തോളം തിളക്കം ഇതിനില്ലെന്ന് മോദി തിരിച്ചറിയണം.  അല്‍പ്പമെങ്കിലും ശേഷി കൈവരിച്ച് ബാങ്കുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയില്ലെങ്കില്‍ ബിജെപിക്ക് വലിയ വില കൊടുക്കേണ്ടിവരും. അടുത്ത വര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലായിരിക്കും അവര്‍ നേരിടുന്ന ആദ്യ പരീക്ഷ. ആ തെരഞ്ഞെടുപ്പിലെ തോല്‍വി ബിജെപിക്ക് ഒരിക്കലും താങ്ങാനാവില്ല.

രാജ്യത്തിന്റെ ഒരു കോണിലുള്ള അസമില്‍ നേടിയ വിജയം മാത്രം പോര ഡെല്‍ഹിയിലും ബിഹാറിലുമുണ്ടായ കനത്ത തിരിച്ചടിക്ക് ഉത്തരം നല്‍കാന്‍. സമ്പദ് വ്യവസ്ഥയ്ക്ക് ഇപ്പോഴുണ്ടായ മുറിവ് ഭേദമാകുന്നതിന് മുന്‍പ് തന്നെ അത് ഏറ്റവും വഷളാകുന്ന രീതിയിലേക്ക് പോകുന്നതാണ് പാര്‍ട്ടിയെ ഭയപ്പെടുത്തുന്നത്. ജിഡിപിയില്‍ ഒരു ശതമാനത്തിന്റെ ഇടിവുണ്ടാകുന്ന സമയമാണിത്. ഇത് ബിജെപിയില്‍ താരതമ്യേന അത്ര ചെറുതല്ലാത്ത ഭീതി സൃഷ്ടിക്കുന്നുണ്ട്. സര്‍ക്കാരിനെ ശിക്ഷിക്കുന്നതിന് പ്രതിപക്ഷം ഇതൊരു അവസരമായി കാണുമെന്ന കാര്യത്തില്‍ സംശയമില്ല. അല്ലെങ്കില്‍ കുറച്ചു കൂടി ശക്തമായതും കൂടുതല്‍ ആവശ്യമുള്ളതുമായ നോട്ട് അസാധുവാക്കല്‍ നടത്തിയിരുന്നെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ക്ക് ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിന് ഇടനല്‍കുകയില്ലായിരുന്നു.

ബിജെപിയുടെ പങ്കാളികളായ അകാലി ദളും ശിവസേനയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പമുണ്ട്. വിമര്‍ശനങ്ങള്‍ ഒഴിവാക്കാനായി തങ്ങളുടെ വല്ല്യേട്ടന്റെ നടപടിയെ പ്രതികൂലിച്ച്, ഇക്കാര്യത്തില്‍ വ്യക്തമായ ഊന്നലാണ് അവര്‍ നല്‍കിയിരിക്കുന്നത്. ജയ സാധ്യത ശരാശരിയിലും അധികമുള്ള ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാത്രമാണ് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബിഎസ്പി) പ്രതിപക്ഷത്തിനൊപ്പം നിലകൊള്ളുന്നത്. സാധാരണക്കാര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ സ്ഥാനമുള്ള പാര്‍ട്ടികള്‍ നോട്ട് അസാധുവാക്കലിനെ പിന്തുണച്ചുവെന്നതില്‍ ബിജെപി സന്തുഷ്ടിയിലാണ്. ജനതാ ദള്‍ യുണൈറ്റഡ്, ബിജു ജനതാ ദള്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ഡിഎംകെ, തെലുങ്കുദേശം, തെലങ്കാന രാഷ്ട്ര സമിതി എന്നിവ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച ഇതര പാര്‍ട്ടികളില്‍ ഉള്‍പ്പെടുന്നു.

സാധാരണക്കാരന്‍ നേരിട്ട ദുരിതങ്ങളുടെ ആഴം കുറച്ച്, നേരത്തെ നിലനിന്ന സാഹചര്യം തിരിച്ചുപിടിക്കുന്നതിനായി ബാങ്കിംഗ് മേഖല കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. അധികാരത്തിലെത്തി വെറും രണ്ടര വര്‍ഷം കൊണ്ടാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്ന യാഥാര്‍ത്ഥ്യം മോദിയുടെ സ്വീകാര്യത വര്‍ധിക്കാനുള്ള സാധ്യതകള്‍ നിലനിര്‍ത്തുന്നുണ്ട്.

വളരെ വേഗത്തില്‍ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തി, വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. എങ്കിലും നിലവിലെ മറ്റ് രാഷ്ട്രീയ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ മോദി തന്നെയാണ് മികച്ച സ്ഥാനം നേടിയെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ പദം സ്വീകരിക്കാന്‍ രാഹുല്‍ ഗാന്ധി ഇതുവരെ സമ്മതം മൂളാത്തത്, മുന്‍ഗാമികള്‍ ഉണ്ടാക്കിയെടുത്ത പെരുമ കളഞ്ഞുകുളിക്കപ്പെടുമോയെന്ന അദ്ദേഹത്തിന്റെ തോന്നലുകള്‍ കൊണ്ടാകാം. ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ അടുത്തിടെ നടത്തിയ ചില നിയമ നിര്‍മാണവും പരിഷ്‌കാരങ്ങളും അദ്ദേഹത്തിന്റെ ജനസമ്മതി ഇടിയുന്നതിന് ഇടയാക്കിയിട്ടുണ്ട്.

മോദിയെ സംബന്ധിച്ചിടത്തോളം നോട്ട് അസാധുവാക്കല്‍ അദ്ദേഹത്തിന്റെ നേട്ടത്തിനും കോട്ടത്തിനും കാരണമായേക്കും. ഹ്രസ്വകാലത്തേക്ക് അസ്വസ്ഥതകള്‍ പ്രകടമാണങ്കിലും അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ നേട്ടമായി ഭവിച്ചേക്കും. ബാങ്കിംഗ് സംവിധാനത്തില്‍ പുതിയ പരിഷ്‌കരണങ്ങളെത്തുന്നതോടെ ജിഡിപിയില്‍ ലക്ഷങ്ങളില്‍ നിന്ന് കോടികളിലേക്കുള്ള നേട്ടങ്ങളുണ്ടാവും. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ വിഷമതകള്‍ തുടരും.

(രാഷ്ട്രീയ വിശകലന വിദഗ്ധനാണ് ലേഖകന്‍)

Comments

comments

Categories: FK Special