നോട്ട് ക്ഷാമം: ഉപഭോക്താക്കളെ തുണയ്ക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ്

നോട്ട് ക്ഷാമം: ഉപഭോക്താക്കളെ  തുണയ്ക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ്

 
മുംബൈ: നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വലയുന്ന ഉപഭോക്താക്കള്‍ക്ക് സഹായ ഹസ്തമൊരുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ ഫ്യൂച്ചര്‍ ഗ്രൂപ്പ്. ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികളോട് ക്രെഡിറ്റ് ദിനങ്ങള്‍ (കടമായിട്ട് എടുത്ത സ്റ്റോക്കുകളുടെ പണമടയ്ക്കുന്നതിന് അനുവദിക്കുന്ന ദിവസം) നീട്ടി നല്‍കാനും പ്രൊഡക്റ്റുകള്‍ക്ക് അഞ്ച് ശതമാനം വരെ അധിക ഡിസ്‌കൗണ്ട് നല്‍കാനും ഫ്യൂച്ചര്‍ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഈ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.

പര്‍ച്ചേസുകള്‍ക്ക് 20 ദിവസത്തെ അധിക ക്രെഡിറ്റ് നല്‍കണമെന്ന് അപേക്ഷിക്കുകയാണ്. അങ്ങനെയെങ്കില്‍ ആവശ്യത്തിന് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ സാധിക്കും. കൂടാതെ, ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം അധിക ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തണം-എഫ്എംസിജി കമ്പനികള്‍ക്കെഴുതിയ കത്തില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് തലവന്‍ കിഷോര്‍ ബിയാനി അഭ്യര്‍ത്ഥിച്ചു.
ബിഗ് ബസാര്‍, ഈസിഡേ, നീല്‍ഗിരീസ്, ഹെറിറ്റേജ് ഫ്രെഷ് എന്നിവയുള്‍പ്പെടെ 800 സ്റ്റോറുകള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുണ്ട്. പലചരക്കും ഭക്ഷ്യ വസ്തുക്കളും അടക്കം എല്ലാ സാധനങ്ങള്‍ക്കും അഞ്ച് ശതമാനം അധിക ഡിസ്‌കൗണ്ട് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാഷ്‌ലെസ് ഇടപാടുകളിലൂടെയുള്ള വ്യാപാരം വര്‍ധിക്കുന്നതിനും ഇത് സഹായിക്കുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്റ്റോറുകളിലെ കാര്‍ഡുകള്‍ മുഖേനയുള്ള ഇടപാടുകളില്‍ 87 ശതമാനത്തിന്റെ കുതിപ്പാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ 30 ശതമാനത്തിന്റെയും ആഴ്ചാവസാനം 50 ശതമാനത്തിന്റെയും വര്‍ധന വില്‍പ്പനയില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. കമ്പനി നല്‍കുന്ന ഡിസ്‌കൗണ്ടുകളുടെ ചുവടുപിടിച്ചാണ് വില്‍പ്പനയിലെ ഈ മുന്നേറ്റം. എന്നാല്‍, കാഷ്‌ലെസ് പേയ്‌മെന്റ് കാരണം ചെലവ് കൂടിയിട്ടുണ്ട്-ബിയാനി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding