ഇ-പേമെന്റ് ചാര്‍ജുകള്‍ നീക്കം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കേന്ദ്രനിര്‍ദേശം

ഇ-പേമെന്റ് ചാര്‍ജുകള്‍ നീക്കം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കേന്ദ്രനിര്‍ദേശം

മുംബൈ: പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതുള്‍പ്പടെയുള്ള ഇലക്ട്രോണിക് പേമെന്റ് ഇടപാടുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകള്‍ നീക്കം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പണവിനിമയത്തിന് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആര്‍ബിഐയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇന്ത്യയിലെ പ്രമുഖ ബാങ്ക് എക്‌സിക്യൂട്ടീവുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാന്‍ ഇ-പേമെന്റിന് ഈടാക്കുന്ന ചാര്‍ജുകള്‍ നീക്കം ചെയ്യണമെന്നും, ഇത് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തി തുടങ്ങുന്നതിന് കൂടുതല്‍ പേര്‍ക്ക് പ്രോത്സാഹനമാകുമെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞതായി ബാങ്കര്‍മാര്‍ അറിയിച്ചു. കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാര്‍ സിന്‍ഹ, ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയല്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഇ-പേമെന്റ് നിരക്കുകള്‍ എടുത്തുകളയുന്നതിലൂടെ നഗരങ്ങളില്‍ ഇത്തരം ഇടപാടുകള്‍ വര്‍ധിക്കുമെങ്കിലും ഗ്രാമപ്രദേശങ്ങളിലെ കറന്‍സിയുടെ അഭാവം പരിഹരിക്കുന്നതിന് ഉടനടി നടപടി സ്വീകരിച്ചില്ലെങ്കില്‍ സാഹചര്യം വഷളാകുമെന്ന് ബാങ്ക് പ്രതിനിധികള്‍ അറിയിച്ചു. രാജ്യത്തെ 202,000ത്തോളം വരുന്ന ആകെ എടിഎമ്മുകളില്‍ ഭൂരിപക്ഷത്തിലും പുതിയ 2000യും 500ന്റെയും പുതിയ നോട്ടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ ചില ബാങ്കുകളില്‍ നോട്ടുകളുടെ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ഇവിടെ 2,000 രൂപയുടെ പുതിയ നോട്ട് എത്തിയെങ്കിലും 50, 100 ഉള്‍പ്പെടെയുള്ള ചെറിയ നോട്ടുകള്‍ ലഭ്യമല്ലെന്ന് ബാങ്കര്‍മാര്‍ ചൂണ്ടിക്കാട്ടി.

നേരിട്ട് പണം നല്‍കി മാത്രം ഇടപാടുകള്‍ നടക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ മതിയായ നോട്ടുകള്‍ ലഭ്യമാക്കുമെന്നും ഈ വിഷയത്തിന് മുന്‍ഗണന നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് ഔദ്യോഗിക ഏജന്‍സികളില്‍ നിന്നും വിത്തു വാങ്ങാനുള്ള അനുവാദവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories