നോട്ട് അസാധുവാക്കലില്‍ വലഞ്ഞ് കോള്‍ ഇന്ത്യയും

നോട്ട് അസാധുവാക്കലില്‍  വലഞ്ഞ് കോള്‍ ഇന്ത്യയും

 
കൊല്‍ക്കത്ത: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് പൊതുമേഖല കമ്പനിയായ കോള്‍ ഇന്ത്യയുടെ ഇ-ലേലത്തെ ബാധിച്ചു. ഊര്‍ജ്ജേതര വിഭാഗത്തിലെ സ്‌പോഞ്ച് അയണ്‍, ഇഷ്ടിക കമ്പനികള്‍ എന്നിവയ്ക്കും വ്യാപാരികള്‍ക്കും ചെറുകിട ഉപഭോക്താക്കള്‍ക്കുമുള്ള കല്‍ക്കരി വിതരണം ഇതോടെ അവതാളത്തിലായി.
ഉപഭോക്താക്കളില്‍ നിന്നുള്ള ധനവരവ് കുറഞ്ഞതിന്റെ ഫലമായി ഊര്‍ജ്ജേതര കമ്പനികളുടെ കൈവശമുള്ള പണം കുറഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇ-ലേലത്തില്‍ പങ്കെടുക്കുന്നതിന് മുന്‍കൂറായി നല്‍കേണ്ട തുക അടയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കമ്പനികള്‍. നോട്ട് അസാധുവാക്കിയ സാഹചര്യത്തില്‍ ഇ- ലേലത്തില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ തുക അടയ്‌ക്കേണ്ട അവസാന തീയതി കോള്‍ ഇന്ത്യ നവംബര്‍ 11 ല്‍ നിന്ന് 18 ലേക്ക് നീട്ടിയിരുന്നു.

പണത്തിന്റെ അഭാവം കല്‍ക്കരി ഉപഭോക്താക്കളെ സംബന്ധിച്ച് പ്രധാന പ്രശ്‌നം തന്നെ. ട്രക്കുകളില്‍ കല്‍ക്കരി കയറ്റിയിറക്കുന്നതിന് സാധാരണ തൊഴിലാളികളെയാണ് കമ്പനികള്‍ ഉപയോഗിക്കുന്നത്.
വലിയൊരു വിഭാഗം ചെറുകിട വ്യാപാരികളും ഇ-ലേലത്തിലൂടെയാണ് കല്‍ക്കരി വാങ്ങുന്നത്. കല്‍ക്കരി ഉപഭോക്താക്കളുമായി പണത്തിലൂടെ വ്യാപാരികള്‍ പ്രധാനമായും ഇടപാടുകള്‍ നടത്തിവരുന്നു. ട്രക്കിന്റെയും തൊഴിലാളികളുടെയും പേയ്‌മെന്റുകള്‍ പണമായിട്ടാണ് നല്‍കുക. ചെക്കുകള്‍ അവര്‍ സ്വീകരിക്കില്ല. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച നടപടി കല്‍ക്കരി നീക്കം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യത്തിലേക്ക് നയിച്ചെന്ന് ഇതുമായി അടുത്തവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
വലിയൊരു വിഭാഗം ചെറുകിട- ഇടത്തരം സ്‌പോഞ്ച് അയണ്‍ ഉല്‍പ്പാദകരും പതിവായി പണം നല്‍കിയാണ് ലേലത്തില്‍ പങ്കെടുക്കുന്നതെന്ന് കല്‍ക്കരി ഉപഭോക്തൃ അസോസിയേഷനും വ്യക്തമാക്കി.

Comments

comments

Categories: Branding