സ്വപ്‌നസാക്ഷാത്കാരത്തിന് പിന്തുണയുമായി സിസിഇകെ

സ്വപ്‌നസാക്ഷാത്കാരത്തിന്  പിന്തുണയുമായി സിസിഇകെ

 

500-logoസാക്ഷരകേരളം എന്ന പേര് എക്കാലവും മുറുകെപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളിയും. വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. സ്വപ്‌നം കാണുന്ന ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിന് കൈത്താങ്ങാകാന്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു പരിധിവരെ കഴിയുന്നുമുണ്ട്. വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളില്‍ സാന്നിധ്യമറിയിച്ചുകൊണ്ട് കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ കേരള നിലകൊള്ളുമ്പോള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് സ്വപ്‌നസാക്ഷാത്കാരമാണ്.
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍(സിസിഇകെ) സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ്. 1998-ല്‍ സിസിഇകെ സ്ഥാപിതമാകുന്നതിന് മുന്‍പ് കേരളത്തില്‍ ഇന്‍ഡോ കാനഡ എന്നപേരില്‍ ഒരു പ്രൊജക്ട് ഉണ്ടായിരുന്നു. അതായത് തുടര്‍ വിദ്യാഭ്യാസ പദ്ധതികള്‍ കനേഡിയന്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പോളിടെക്‌നിക് കോളേജുകളില്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അതിലൂടെ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയായിരുന്നു ഇത്. 1998-ല്‍ ഈ പ്രൊജക്ട് അവസാനിച്ചെങ്കിലും കേരള സര്‍ക്കാര്‍ തുടര്‍ വിദ്യാഭ്യാസ പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയും അതിനെ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ എന്ന പേര് നല്‍കി ഒരു സ്ഥാപനമാക്കി മാറ്റുകയും ചെയ്തു. 1998-ല്‍ തുടങ്ങിയ സിസിഇകെയ്ക്ക് കീഴില്‍ പിന്നീട് നിരവധി സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്തു. 2000-ത്തില്‍ മൂന്നാര്‍ കേന്ദ്രീകരിച്ച് മൂന്നാര്‍ എന്‍ജിനീയറിംഗ് കോളേജ് സ്ഥാപിച്ചു. ”ഇന്ന് കേരളത്തില്‍ സര്‍ക്കാരിന്റെ സെല്‍ഫ് ഫിനാന്‍സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എന്‍ജിനീയറിംഗ് കോളേജായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. നാല് ബിടെക് കോഴ്‌സുകളും മൂന്ന് എംടെക് കോഴ്‌സുകളുമായി കോളെജ് വളര്‍ച്ചയുടെ പാതയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് പ്രസംഗത്തില്‍ മൂന്നാര്‍ എന്‍ജിനിയറിംഗ് കോളേജ് എന്‍എസ്എസ് ടീമിന്റെ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു,” സിസിഇകെ ഡയറക്ടര്‍ ഡോ ഗിരീഷ് കുമാര്‍ ജി എസ് പറയുന്നു.

സിവില്‍ സര്‍വീസ്
കേരളത്തിലേക്കെത്തിച്ച്…
prp-381-si-2കേരളത്തില്‍ നിന്ന് ഐഎഎസ്,  ഐപിഎസ്, ഐഎഫ്എസ് ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍വീസുകളിലേക്കുള്ള പ്രാതിനിധ്യം ഏറ്റവും കുറവായിരുന്ന 2001 മുതല്‍ 2003 വരെയുള്ള കാലഘട്ടങ്ങളിലാണ് കേരള സര്‍ക്കാര്‍ എന്തുകൊണ്ട് കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഒരു സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം തുടങ്ങികൂടായെന്ന് ചിന്തിക്കുന്നത്. തുടര്‍ന്നാണ് ഇത്തരമൊരു സ്ഥാപനം 2005-ല്‍ സ്ഥാപിതമായത്. സ്ഥാപിതമായ വര്‍ഷം തന്നെ എട്ടുപേരെ ഐഎഎസ്, ഐപിഎസ് തലങ്ങളിലെത്തിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. പിന്നീടിങ്ങോട്ട് വിജയത്തിന്റെ തുടര്‍ക്കഥകള്‍ മാത്രമാണ് ഈ സ്ഥാപനത്തിന് പറയാനുള്ളത്. 2016-ല്‍ 11 വര്‍ഷം പിന്നിടുമ്പോള്‍ മുന്നൂറിലധികം പ്രതിഭകളെ ബ്യൂറോക്രസിയുടെ ഉന്നതശ്രേണിയിലേക്കെത്തിക്കാന്‍ അക്കാദമിക്ക് കഴിഞ്ഞു. ഓരോ വര്‍ഷവും നേട്ടങ്ങളുടെ പട്ടിക മുന്നോട്ടു തന്നെയാണ്. അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കുള്‍പ്പെടെ നൂറില്‍ താഴെയുളള നിരവധി റാങ്കുകള്‍ ഇതുവരെനേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഗിരീഷ് കുമാര്‍ അഭിമാനത്തോടെ പറയുന്നു. കേരളത്തിലെ സിവില്‍ സര്‍വീസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് നാഗാലാന്‍ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ചീഫ് സെക്രട്ടറിമാരുടെ സംഘം ഇവിടം സന്ദര്‍ശിക്കാനെത്തിയിരുന്നു. കേരള സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിതമായതോടെയാണ് കേരളത്തില്‍ ഒരു സിവില്‍ സര്‍വീസ് തരംഗമുണ്ടാകുന്നത്, അദ്ദേഹം പറയുന്നു.

കേരളത്തിലുടനീളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കോളെജുകളിലും എല്ലാ ജില്ലകളിലും സിവില്‍ സര്‍വീസ് അവബോധ ക്ലാസുകള്‍ അക്കാദമിയുടെ കീഴില്‍ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ എട്ട് ജില്ലകളില്‍ സിവില്‍ സര്‍വീസ് അക്കാദമിയുടെ സബ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇത്തരത്തില്‍ എല്ലായിടത്തും വിദഗ്ധ പരിശീലനം നല്‍കാനാവുന്നുണ്ടെന്ന് ഗിരീഷ്‌കുമാര്‍ പറയുന്നു. സബ്‌സെന്ററുകളില്‍നിന്ന് പ്രിലിമിനറി പരിശീലനം നേടിയ ശേഷം മെയിന്‍സ് പഠിക്കാനായി എല്ലാവരും തിരുവനന്തപുരം ചാരാച്ചിറയിലുള്ള കാമ്പസിലെത്തണം. ”ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത സിവില്‍ സര്‍വീസ് അഡോപ്ഷന്‍ സ്‌കീമാണ്. അതായത് പ്രിലിമിനറി വിജയിച്ച കുട്ടികളുടെ പിന്നീടുള്ള മുഴുവന്‍ ചെലവുകളും കേരള സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ഏറ്റെടുക്കുകയാണ്. മെയിന്‍ പരിശീലനം, ഇന്റര്‍വ്യൂ പരിശീലനം, ഇന്റര്‍വ്യൂവിനായി പോകാനുള്ള വിമാന ടിക്കറ്റുകള്‍, താമസം, ഭക്ഷണം എന്നിവയെല്ലാം സൗജന്യമാണ്. അങ്ങനെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് എന്ന വലിയ സ്വപ്‌നം നമ്മുടെ യുവതീ യുവാക്കള്‍ക്ക് സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു,” ഗിരീഷ് കുമാര്‍ പറയുന്നു. ഇന്ന് കാണുന്ന പല കളക്ടര്‍മാരും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരും സിവില്‍ സര്‍വീസ് അക്കാദമിയില്‍ പഠിച്ചവരാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമായി മാറാന്‍ കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ സിവില്‍ സര്‍വീസ് അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഫാഷനിലേക്ക് ചുവടുവച്ച്…
2010-ല്‍ ഫാഷന്‍ ടെക്‌നോളജിയുടെ അനന്തസാധ്യതകള്‍ കുട്ടികളിലേക്കെത്തിക്കാനും ഇതിലുള്ള ഗവേഷണവും തൊഴില്‍ സൗകര്യവും കുട്ടികള്‍ക്ക് ലഭ്യമാക്കാനുമായി സിസിഇകെയുടെ കീഴില്‍ കൊല്ലം ആസ്ഥാനമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരളയ്ക്ക് തുടക്കമിട്ടു. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഡിസൈന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി എന്നിവയുടെ സാങ്കേതിക സഹായത്തോടെ കേന്ദ്രസര്‍വകലാശാല അഫിലിയേറ്റഡ് ബി-ഡെസ് കോഴ്‌സ് ഏറ്റവും മികച്ച രീതിയില്‍ ഇവിടെ നടത്തുന്നുണ്ടെന്ന് ഡയറക്ടര്‍ പറയുന്നു. കുട്ടികള്‍ പഠിച്ചുകഴിഞ്ഞാലുടന്‍ നിരവധി മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ പ്ലേസ്‌മെന്റ് സൗകര്യം ലഭ്യമാക്കുമെന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത.

വിദ്യാഭ്യാസം ആര്‍ക്കും അന്യമല്ല…
2010-ല്‍ തന്നെ പൊന്നാനി ആസ്ഥാനമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (ഐസിഎസ്ആര്‍) പ്രവര്‍ത്തനമാരമഭിച്ചു. പാലോളി മുഹമ്മദ്കുട്ടി കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി അവരുടെ വിദ്യാഭ്യാസം, ഗവേഷണം, ജോലി തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. 50 ശതമാനം സംവരണം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കിയാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഗിരീഷ്‌കുമാര്‍ പറയുന്നു. ഫീസ് ഈടാക്കാതെയാണ് ഈ സെന്റര്‍ ഹോസ്റ്റല്‍, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം സിസിഇകെയുടെ കീഴില്‍ 217 ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, എന്‍ജിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക് കോളേജുകള്‍, തെരഞ്ഞെടുക്കപ്പെട്ട വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 23-ലധികം തൊഴിലധിഷ്ടിത കോഴ്‌സുകള്‍ നടത്തുന്നുണ്ട്. 23-ല്‍ 16 എണ്ണം സിസിഇകെ നേരിട്ടുനടത്തുകയും ആറു കോഴ്‌സുകള്‍ ഇന്‍ഡസ്ട്രികളുമായി സഹകരിച്ച് ഇന്‍ഡസ്ട്രിയുടെ അവശ്യങ്ങളനുസരിച്ചുള്ള സിലബസുണ്ടാക്കി അതിന് അധിഷ്ടിതമായി നടത്തിവരുകയുമാണ് ചെയ്യുന്നത്. ചെനൈ ആസ്ഥാനമായ മ്യുസിക് ലോഞ്ച് എന്ന സ്ഥാപനവുമായി സഹകരിച്ച് ഓഡിയോ എന്‍ജിനീയറിംഗ്, മ്യൂസിക് ടെക്‌നോളജി എന്ന കോഴ്‌സുകളും നടത്തുന്നു.

വിഷന്‍ 2021
സിസിഇകെയെ സംബന്ധിച്ച് അടുത്ത അഞ്ച് വര്‍ഷത്തെ പദ്ധതി കേരളത്തില്‍ മുഴുവന്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുക എന്നതോടൊപ്പം സിവില്‍ സെര്‍വന്റ്‌സിന് പരിശീലനം നല്‍കുന്ന ഒരു സ്ഥാപനമാക്കി സിസിഇകെയെ വളര്‍ത്തുക എന്നതാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം ഗണപരമായി വളരെയേറെ വളര്‍ന്നെങ്കിലും ഗുണപരമായി പിന്നിലാണെന്നാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഐഐടി പോലുള്ള സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷകള്‍, കാറ്റ് -മാറ്റ് പോലുള്ള പരീക്ഷകളില്‍ കേരളത്തിലെ കുട്ടികളുടെ പ്രകടനം വളരെ മോശമാണ്. ഇതുമുന്നില്‍ക്കണ്ട് കോച്ചിംഗിനായുള്ള ഒരു പരിശീലന കേന്ദ്രം ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. നിലവിലുള്ള കോഴ്‌സുകള്‍ എന്‍എസ്ഡിസിയുമായി മാപ്പുചെയ്യാനും ഡ്യുയല്‍ സര്‍ട്ടിഫിക്കേഷന്‍ ഉറപ്പുവരുത്താനും പദ്ധതിയുണ്ട്. കൂടാതെ മറ്റ് വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതല്‍ തൊഴില്‍ അധിഷ്ടിത കോഴ്‌സ് വിഭാവനം ചെയ്യാനും പദ്ധതിയുണ്ട്.

സമ്മര്‍ദ്ദങ്ങളെ എങ്ങനെ മറികടക്കുന്നു
പലപ്പഴും പല രീതിയിലും സമ്മര്‍ദങ്ങളുണ്ടാകും. നമ്മുടെ രാഷ്ട്രീയ നേതൃത്വം തീര്‍ച്ചയായും കാര്യങ്ങളെ അത് അര്‍ഹിക്കുന്ന തരത്തില്‍ കാണാനും കൈകാര്യം ചെയ്യാനും പക്വതയും പ്രാപ്തിയും ഉള്ളവരാണ്. അതുകൊണ്ടുതന്നെ ഏത് സ്ഥാപനത്തിന്റെ ചുമതലയാണോ വഹിക്കുന്നത് ആ സ്ഥാപനത്തെകുറിച്ചുള്ള എല്ലാ കാര്യങ്ങളും പഠിച്ച് മനസിലാക്കി ചെയ്യേണ്ടത് ചെയ്യുകയും ചെയ്യരുതാത്തവ എന്തുകൊണ്ട് പാടില്ലായെന്നത് ബന്ധപ്പെട്ടവരെ പറഞ്ഞ് മനസിലാക്കുകയുമാണ് വേണ്ടത്. ശരി ചെയ്യുകയും തെറ്റ് ചെയ്യുകയുമില്ല എന്നുള്ള ഒരു പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുകയുമാണ് വേണ്ടത്. അതുണ്ടെങ്കില്‍ ഏത് സമ്മര്‍ദവും നേരിടാനാവുമെന്നാണ് എന്റെ വിശ്വാസം.
റോള്‍ മോഡല്‍
ഒരു വ്യക്തിയല്ല എന്റെ റോള്‍ മോഡല്‍. നമുക്ക് റോള്‍ മോഡലാകേണ്ടത് വ്യക്തികളുടെ ഗുണങ്ങളാണ്. കൃത്യനിഷ്ഠ, സത്യസന്ധത, ജോലിയോടുള്ള പ്രതിബന്ധത, സാമൂഹത്തോടുളള ഉത്തരവാദിത്വം, അതുപോലെതന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ ജനങ്ങളോടുള്ള പ്രതിബദ്ധത തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥര്‍ നമുക്ക് ചുറ്റും വിവിധ മേഖലകളിലായുണ്ട്. ഇവരുടെ ഇത്തരം ഗുണങ്ങള്‍ കണ്ടുപഠിക്കണമെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.

റിട്ടയര്‍മെന്റിന് ശേഷം
അധ്യാപകന് റിട്ടയര്‍മെന്റില്ലെന്നാണ് പറയുന്നത്. റിട്ടയേഡ് ആണെങ്കിലും ടയേര്‍ഡ് ആകാന്‍ പാടില്ല. പ്രവര്‍ത്തിക്കാന്‍ ഇഷ്ടമുള്ള മേഖലയില്‍ കഴിയുന്നിടത്തോളം പ്രവര്‍ത്തിക്കുക. ജീവിതത്തില്‍ ഇനിയൊന്നും ചെയ്യാനില്ല എന്നൊരു വ്യക്തി ചിന്തിക്കാന്‍ പാടില്ല. നമുക്ക് കഴിയുന്ന കാലമത്രയും കര്‍മനിരതമായിരിക്കുക. ഇത്തരത്തിലുള്ള ബ്യൂറോക്രാറ്റിക് ചുമതലകളില്‍ നിന്ന് മാറിനിന്ന് സമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് ആഗ്രഹം

വിജയം നേടാന്‍ 3 ടിപ്‌സ്
ഏറ്റവും പ്രധാനമായി വേണ്ടത് ചെയ്യുന്ന ജോലിയോടുള്ള പാഷനാണ്. രണ്ട് ജോലിയോട് പരിപൂര്‍ണമായ ആത്മാര്‍ത്ഥത കാണിക്കുക, മറ്റൊരു കാര്യം സാമൂഹിക പ്രതിബദ്ധത ഉണ്ടാവുകയെന്നതാണ.് ഇതുണ്ടെങ്കില്‍ തുടങ്ങുന്ന ഏതൊരു പ്രവൃത്തിയും വിജയകരമാക്കാനാവും. ശരിയായ തീരുമാനങ്ങള്‍ വേണ്ട സമയത്ത് കൈകൊള്ളാന്‍ പരമാവധി സാധിക്കണം. അത് നടപ്പിലാക്കാന്‍ കൂടെയുള്ളവരുടെ സഹകരണം ഉറപ്പുവരുത്തുകയും വേണം. വ്യത്യസ്തമായ ലക്ഷ്യബോധവും അതിനുവേണ്ട ആത്മാര്‍ത്ഥ പരിശ്രമവും അനിവാര്യമാണ്.

Comments

comments

Categories: FK Special
Tags: CCEK, FK feature

Write a Comment

Your e-mail address will not be published.
Required fields are marked*