കാര്‍ബണ്‍ പുറന്തള്ളല്‍ കുറയുന്നു

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയുന്നു

 

ആഗോള താപനത്തെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന ഒരു റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച പുറത്തിറങ്ങി. ഊര്‍ജ്ജ വിപണിയെക്കുറിച്ച് പഠിക്കുന്ന ആഗോള സ്ഥാപനമായ ഗ്ലോബല്‍ ഡാറ്റ പുറത്തുവിട്ട പുതിയ പഠനമനുസരിച്ച് 2015ല്‍ ഊര്‍ജ്ജോല്‍പ്പാദനത്തിന്റെ ഭാഗമായുള്ള കാര്‍ബണ്‍ പുറന്തള്ളലില്‍ വലിയ വളര്‍ച്ചയുണ്ടായിട്ടില്ല. 2009നെ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്‍ബണ്‍ പുറന്തള്ളലില്‍ കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷമാണ് 2015 എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കല്‍ക്കരി പോലുള്ള ഇന്ധനങ്ങളെ ഊര്‍ജ്ജത്തിനായി ആശ്രയിക്കുന്ന പ്രവണത കുറഞ്ഞതും ജനങ്ങള്‍ കൂടുതലും പ്രകൃതി വാതകത്തിലേക്ക് തിരിഞ്ഞതുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്ന് ഗ്ലോബല്‍ ഡാറ്റ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി കല്‍ക്കരിയെ ആശ്രയിക്കുന്ന ശീലങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

ചൈന അവരുടെ കല്‍ക്കരി വൈദ്യുത പ്ലാന്റുകള്‍ മുഴുവനായി അടച്ചുപൂട്ടാന്‍ 2040 വരെയും ബാക്കി രാജ്യങ്ങള്‍ 2050 വരെയും സമയമെടുക്കുമെന്ന് ക്ലൈമറ്റ് അനലിറ്റിക്‌സ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങള്‍ 2030 ആകുമ്പോഴേക്കും കല്‍ക്കരി പ്ലാന്റുകള്‍ പൂര്‍ണമായും അടച്ചുപൂട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ലോകത്താകമാനം ഇന്ന് 8,175 കോള്‍ പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. 733 പ്ലാന്റുകള്‍ നിര്‍മാണത്തിലുമിരിക്കുന്നുണ്ട്. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുവേണ്ടിയാണ് ഇവ നിര്‍മ്മിക്കുന്നത്. വൈദ്യുതിക്കായി പരമാവധി സമാന്തര സ്രോതസുകളെ ഉപയോഗപ്പെടുത്തി ഇവ എത്രയും പെട്ടെന്ന് പൂട്ടുകയാണ് വേണ്ടത്. ആഗോള താപനത്തെക്കുറിച്ച് രാഷ്ട്രത്തലവന്‍മാര്‍ കൂടുതല്‍ അവബോധം കൈവരിക്കുമെന്ന് തന്നെ കരുതാം.

Comments

comments

Categories: Editorial