തെറ്റായ വാര്‍ത്തകള്‍ ട്രാക്ക് ചെയ്യാന്‍ എഐ മെക്കനിസം അവതരിപ്പിച്ച് ബിഎസ്ഇ

തെറ്റായ വാര്‍ത്തകള്‍ ട്രാക്ക് ചെയ്യാന്‍ എഐ മെക്കനിസം അവതരിപ്പിച്ച് ബിഎസ്ഇ

 

മുംബൈ: ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളും വിവരങ്ങളും ട്രാക്ക് ചെയ്യുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സംവിധാനംം അവതരിപ്പിച്ചതായി ബോംബെ സ്‌റ്റോക്ക് എക്‌ചേഞ്ച് (ബിഎസ്ഇ) അറിയിച്ചു. വാര്‍ത്താ വിനിമയത്തിന്റെ പുതിയ പ്ലാറ്റ്‌ഫോമുകളെ കൃത്യമായി വിശകലനം ചെയ്ത് തെറ്റായ വാര്‍ത്തകള്‍ക്ക് നിയന്ത്രണം ശക്തമാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ബിഎസ്ഇ വ്യക്തമാക്കി.

ലിസ്റ്റഡ് കമ്പനികളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന വിപണി ഊഹാപോഹങ്ങളും ഗോസിപ്പുകളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സംവിധാനത്തിലൂടെ ബിഎസ്ഇ പ്രധാനമായും ലക്ഷ്യമിടുന്നത്. കമ്പനികളുമായും ബിഎസ്ഇ യുമായും ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്യും. ഉയര്‍ന്ന തലത്തിലുള്ള സ്ഥിതിവിവര കണക്കുകളും ഡാറ്റ അനലിറ്റിക്‌സും സംയോജിപ്പിച്ചുകൊണ്ടാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വികസിപ്പിച്ചിട്ടുള്ളതെന്നും ബിഎസ്ഇ വിശദീകരിച്ചു.

ഓഹരി വിപണി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന വിവരങ്ങള്‍ കണ്ടുപിടിക്കുന്നതിന് ഇത്തരത്തില്‍ തുടര്‍ന്നും അത്യാധൂനിക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യും. ഇത് വിപണിയുടെ വിശ്വാസവും കര്യക്ഷമമായ പ്രവര്‍ത്തനവും നിക്ഷേപകരുടെ സംരക്ഷണവും ഉറപ്പുവരുത്തുമെന്നും ബിഎസ്ഇ പ്രസ്താവനയില്‍ വ്യക്തമാക്കി. അച്ചടി മാധ്യമങ്ങളടക്കം എല്ലാ വാര്‍ത്താ വിതരണ മേഖലകളിലും പരക്കുന്ന കിംവദന്തികള്‍ സെബി (സെക്യൂരിറ്റീസ് എക്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ചട്ടപ്രകാരം ബിഎസ്ഇ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും.

Comments

comments

Categories: Branding, Slider