ആദ്യ റിയല്‍ എസ്റ്റേറ്റ് ആക്‌സലറേറ്റര്‍ പ്രോഗ്രാമുമായി ബ്രിഗേഡ് എന്റര്‍പ്രൈസസ്

ആദ്യ റിയല്‍ എസ്റ്റേറ്റ് ആക്‌സലറേറ്റര്‍ പ്രോഗ്രാമുമായി ബ്രിഗേഡ് എന്റര്‍പ്രൈസസ്

 

ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ബ്രിഗേഡ് എന്റര്‍പ്രൈസസ് രാജ്യത്തെ ആദ്യ റിയല്‍ എസ്റ്റേറ്റ് കേന്ദ്രീകൃത ആക്‌സലറേറ്റര്‍ പ്രോഗ്രാമിന് (റീപ്) തുടക്കം കുറിച്ചു. റെസിഡന്‍ഷ്യല്‍, ഓഫീസ്, റീടെയ്ല്‍, ഹോസ്പിറ്റാലിറ്റി തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ പദ്ധതി ഗുണകരമാകും. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒറ്റി), നാനോ ടെക്‌നോളജി, ക്ലീന്‍ടെക് ആന്‍ഡ് റിന്യൂവബിള്‍സ്, വിഷ്വല്‍ കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലായിരിക്കും ആക്‌സിലറേറ്റര്‍ പ്രോഗ്രാം പ്രാധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. മൈക്രോസോഫ്റ്റ്, ഇന്റല്‍ എന്നീ പ്രമുഖ ടെക്‌നോളജി കമ്പനികള്‍ ബ്രിഗേഡ് റിയല്‍ എസ്റ്റേറ്റ് ആക്‌സലറേറ്റര്‍ പ്രോഗ്രാമുമായി (റീപ്) സഹകരിച്ച് പ്രവര്‍ത്തിക്കും.

ബ്രിഗേഡ് റീപ് ഒരു മൈക്രോസോഫ്റ്റ് പാര്‍ടനര്‍ അക്‌സലറേറ്ററായിരിക്കും. എന്‍ട്രപ്രണര്‍ഷിപ് പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ്സ് സംരംഭങ്ങളെ സഹായിക്കുന്നതിനും വേണ്ടി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭമാണ് മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍. മൈക്രോസോഫ്റ്റിന്റെ സഹകരണം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൈക്രോസോഫ്റ്റ് ടെക്‌നോളജി വിദഗ്ധരുടെ സേവനവും ലോകനിലവാരത്തിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സാധ്യമാക്കും. സോഫ്റ്റ്‌വെയര്‍ എന്‍ട്രപ്രണേഴ്‌സിനെ സഹായിക്കാനായി മൈക്രോസോഫ്റ്റ് ആരംഭിച്ച ബിസ് സ്പാര്‍ക്ക് സേവനവും മാര്‍ക്കറ്റ് അസിസ്റ്റന്‍സും മൈക്രോസോഫ്റ്റ് ടെക്‌നോളജി സൊലൂഷന്‍ സ്വീകരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കും.

ബ്രിഗേഡ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളെ ലക്ഷ്യം വെച്ചുള്ള അക്‌സലറേറ്റര്‍ പ്രോഗ്രാമിനെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ പ്രോഗ്രാമായ ബ്രിഗേഡ് റീപ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് വിഭാഗം ഡയറക്റ്ററായ നവീന്‍ അസ്‌റാനി പറഞ്ഞു. ഈ പാര്‍ട്‌നര്‍ഷിപ് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സാങ്കേതികവല്‍കരണത്തിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റല്‍ ഇന്ത്യ മെയ്ക്കര്‍ ലാബ്, ഇന്റല്‍ ആന്‍ഡ് ഡിഎസ്ടി ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചലഞ്ച് തുടങ്ങി ലോക്കല്‍ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്താനുള്ള ഇന്റലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായകമാകും ബ്രിഗേഡ് റീപ് പദ്ധതിയുമായുള്ള സഹകരണം. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ ഹാര്‍ഡ് വെയര്‍ ഇന്നോവേഷനുകളില്‍ പ്രോത്സാഹിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് ഈ പ്രോഗ്രാമുമായി സഹകരിക്കുന്നതോടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് ഇന്റല്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ ആന്‍ഡ് സ്ട്രാറ്റജി വിഭാഗം സീനിയര്‍ ഡയറക്റ്ററായ ജിതേന്ദ്ര ഛദ്ദ പറഞ്ഞു.

ആഗോളതലത്തില്‍ പേരുകേട്ട കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുവെന്നും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നവസംരംഭകര്‍ക്ക് ലഭിക്കുന്ന നല്ലൊരു അവസരമായിരിക്കും ഇതെന്നും ബ്രിഗേഡ് റീപ് ഡയറക്റ്ററും ഈ ആശയത്തിനുപിന്നിലെ ബുദ്ധികേന്ദ്രവുമായ നിരുപ ശങ്കര്‍ പറഞ്ഞു.

 

Comments

comments

Categories: Entrepreneurship