ശമ്പള വിതരണത്തിന് മുമ്പ് എടിഎമ്മുകള്‍ അപ്‌ഗ്രേഡ് ചെയ്യും

ശമ്പള വിതരണത്തിന് മുമ്പ് എടിഎമ്മുകള്‍ അപ്‌ഗ്രേഡ് ചെയ്യും

 

ന്യൂഡെല്‍ഹി : നവംബര്‍ മാസത്തെ ശമ്പള വിതരണത്തിന് മുമ്പ് രാജ്യത്തെ എടിഎമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്യുന്നത് പൂര്‍ത്തിയാകും. ഇത് പണ പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വലിയ ആശ്വാസമാകുകയും ബാങ്കുകളുടെ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. പുതിയ 500, 2000 രൂപ കറന്‍സി നോട്ടുകള്‍ ലഭ്യമാക്കുന്നതിനാണ് രാജ്യത്തെ 2,02,000 എടിഎമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്യുന്നത്. ഒരു ദിവസം 10,200 എടിഎമ്മുകള്‍ എന്ന വേഗത്തില്‍ അപ്ഗ്രഡേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനകം രാജ്യത്തെ എഴുപത് ശതമാനത്തോളം എടിഎമ്മുകള്‍ അപ്‌ഗ്രേഡ് ചെയ്തുകഴിഞ്ഞു. വിവിധ സ്ഥാപനങ്ങള്‍ നവംബറിലെ ശമ്പളം ജീവനക്കാരുടെ എക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് മുമ്പ് അടുത്ത പത്തോ പന്ത്രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതുസംബന്ധിച്ച മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഇതുവരെ 65,000 മുതല്‍ 70,000 എടിഎമ്മുകള്‍ അപ്‌ഗ്രേഡ് ചെയ്തുകഴിഞ്ഞു. എണ്‍പത് ശതമാനത്തോളം എടിഎമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്യുന്നതോടെ ദിവസേന പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 2,000 രൂപയില്‍ നിന്ന് ഉയര്‍ത്തുന്നതിനെ കുറിച്ചും അടുത്തയാഴ്ച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും.
അവശേഷിക്കുന്ന എടിഎമ്മുകള്‍ എത്രയും വേഗം റീകാലിബ്രേറ്റ് ചെയ്യുന്നതിന് സര്‍ക്കാര്‍ ബാങ്കുകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. ദിവസേന റീകാലിബ്രേറ്റ് ചെയ്യുന്ന എടിഎമ്മുകളുടെ എണ്ണം 12,000 ആയി ഉയര്‍ത്താനാണ് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള അനൗപചാരിക നിര്‍ദേശമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. എടിഎം റീകാലിബ്രേറ്റ് ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് 2,000ത്തോളം എഞ്ചിനീയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഇ-വാലറ്റുകള്‍ പരസ്പരം ബന്ധിപ്പിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ റിസര്‍വ്വ് ബാങ്കാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories

Related Articles