ആറന്‍മുള്ള വിമാനത്താവള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും റദ്ദാക്കി

ആറന്‍മുള്ള വിമാനത്താവള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും റദ്ദാക്കി

 

തിരുവനന്തപുരം: ആറന്‍മുള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതുള്‍പ്പടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍ ഉത്തരവുകളും റദ്ദ് ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതി ഉപേക്ഷിക്കുമെന്ന് നേരത്തേ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിരുന്നില്ല. വിമാനത്താവളത്തിനായി കണ്ടെത്തിയ 350 ഏക്കര്‍ ഭൂമി വ്യവസായ മേഖലയാക്കി പ്രഖ്യാപിക്കുന്ന ഉത്തരവും പദ്ധതിയില്‍ ഓഹരി പങ്കാളിയാകാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനവും റദ്ദ് ചെയ്തവയില്‍ ഉള്‍പ്പെടുന്നു.
ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കുന്നതിന്റെ ഭാഗമായി നവംബര്‍ 28 മുതല്‍ മേഖലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചു. മതധര്‍മസ്ഥാപനങ്ങള്‍ക്ക് ‘തിരുപ്പുവാരം’ എന്ന പേരില്‍ നല്‍കുന്ന നഷ്ടപരിഹാര തുക മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. ഓരോ 5 വര്‍ഷം കഴിയുമ്പോഴും തുകയില്‍ 25% വര്‍ധന വരുത്താനും തീരുമാനിച്ചു. സംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷനിലെ ഒഴിവിലേക്ക് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയെ നിയമിക്കാന്‍ തീരുമാനിച്ചു.
സ്റ്റാറ്റിയൂട്ടറി കമ്മീഷനുകളില്‍ അംഗങ്ങളായി നിയമിതരാകുന്ന സര്‍ക്കാരുദ്യോഗസ്ഥരല്ലാത്ത അംഗങ്ങള്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ അംഗങ്ങളായിരുന്നവര്‍ക്ക് പ്രതിമാസം 7000 രൂപയും അഞ്ചോ അതിലധികമോ വര്‍ഷം അംഗങ്ങളായിരുന്നവര്‍ക്ക് പ്രതിമാസം 10000 രൂപയുമാണ് പെന്‍ഷന്‍ നിശ്ചയിച്ചിരിക്കുന്നത്.
പ്രശസ്ത സംഗീതസംവിധായകനായ എം.കെ. അര്‍ജുനന്റെ ചികിത്സാച്ചെലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. 1994 നവംബര്‍ 25ന് കൂത്തുപ്പറമ്പില്‍ നടന്ന വെടിവെപ്പില്‍ പരുക്കേറ്റ് 22 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന പുഷ്പന് 5 ലക്ഷം രൂപയും വീല്‍ച്ചെയറും നല്‍കാന്‍ തീരുമാനിച്ചു. 8000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും.

Comments

comments

Categories: Slider, Top Stories