ഡോളറിനെതിരേ രൂപയുടെ മൂല്യം 70ലെത്തുമോ?

ഡോളറിനെതിരേ രൂപയുടെ മൂല്യം 70ലെത്തുമോ?

 

ന്യൂ ഡെല്‍ഹി : യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത് വന്‍ ഇടിവ്. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ 68.13 ആയിരുന്നെങ്കില്‍ തിങ്കളാഴ്ച്ച രാവിലെ ഇത് 68.27 ലെത്തി. ഇന്നലെ സ്ഥിതി അല്‍പ്പം മെച്ചപ്പെടുത്തി 68.14ആയിരുന്നു ഡോളറിനെതിരേ രൂപയുടെ മൂല്യം.

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ചതും മറ്റ് കറന്‍സികള്‍ക്കെതിരെ ആഗോളതലത്തില്‍ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതുമാണ് ഇന്ത്യന്‍ രൂപയ്ക്ക് വിനയായത്. വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ 9,000 കോടിയിലധികം രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിറ്റഴിച്ചത്. നോട്ട് അസാധുവാക്കല്‍ നടപടിയും ആഭ്യന്തര വിപണിയെ സ്വാധീനിച്ചു.

വരും നാളുകളില്‍ രൂപയുടെ വിനിമയ മൂല്യം താഴുന്നത് തുടരുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. രൂപ അതിന്റെ ഏറ്റവും താഴ്ന്ന നിലയായ 2013ലെ 68.85 മറികടക്കുമെന്ന് എച്ച്ആര്‍ബിവി ക്ലയന്റ് സൊലൂഷന്‍സ് സ്ഥാപകന്‍ ടിഎസ് ഹരിഹര്‍ പ്രവചിക്കുന്നു. യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 70 ലെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെത്തുടര്‍ന്ന് ലോകത്തെ ആറ് പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. പ്രസിഡന്റ് ട്രംപ് അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതും നികുതികള്‍ വെട്ടിക്കുറയ്ക്കുന്നതും അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments