എയര്‍ ഏഷ്യ ഇന്ത്യയില്‍ നിക്ഷേപം തുടരും: അമര്‍ അബ്രോള്‍

എയര്‍ ഏഷ്യ ഇന്ത്യയില്‍ നിക്ഷേപം തുടരും: അമര്‍ അബ്രോള്‍

 

ന്യൂഡെല്‍ഹി: വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഏറ്റവും അനുകൂലമാണെന്നും അതിനാല്‍ ഇവിടെ നിക്ഷേപം നടത്തുന്നത് തുടരുമെന്നും എയര്‍ ഏഷ്യ ഇന്ത്യ സിഇഒ അമര്‍ അബ്രോള്‍. വിമാനത്തിന്റെ എണ്ണം പത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിലെ സാഹചര്യം ഏറ്റവും അനുകൂലമാണ്. ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് ഈ വര്‍ഷവും തുടരും-അബ്രോള്‍ പറഞ്ഞു. നിലവില്‍ എട്ട് വിമാനങ്ങള്‍ സ്വന്തമായുള്ള കമ്പനി ഈ സാമ്പത്തിക വര്‍ഷം തന്നെ രണ്ടെണ്ണം കൂട്ടിച്ചേര്‍ക്കും. ഇതേ കാലയളവില്‍ തന്നെ തൊഴിലാളികളുടെ എണ്ണം 1000ത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു- അബ്രോള്‍ പറഞ്ഞു. ഇപ്പോള്‍ കമ്പനിക്ക് കീഴില്‍ 800 മുതല്‍ 850 വരെ ജീവനക്കാരാണുള്ളത് അബ്രോള്‍ വ്യക്തമാക്കി.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ വ്യോമയാന രംഗത്ത് എയര്‍ ഏഷ്യ 2.3 ശതമാനം വിപണി വിഹിതം നേടി. 5.89 ലക്ഷം യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കുകയും ചെയ്തു. മുന്‍വര്‍ഷം സമാനകാലയളവില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 42 ശതമാനം അധികമാണിത്. മാര്‍ച്ചില്‍ പുതിയ മാനേജ്‌മെന്റ് ചുമതലയേറ്റതോടെ എയര്‍ലൈന്‍ ലാഭത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടാറ്റയുടെയും മലേഷ്യയിലെ എയര്‍ഏഷ്യ ബെര്‍ഹാദിന്റെയും സംയുക്ത സംരംഭമാണ് എയര്‍ഏഷ്യ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് അടുത്തിടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു പുറത്താക്കിയ സൈറസ് മിസ്ട്രി നടത്തിയ പണമിടപാടുകളുടെ പേരില്‍ വിമാനക്കമ്പനി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Comments

comments

Categories: Branding