ടിഎസ്എസ് സിയും ആര്‍ട്ട് ഓഫ് ലിവിങും സഹകരിക്കുന്നു

ടിഎസ്എസ് സിയും ആര്‍ട്ട് ഓഫ് ലിവിങും സഹകരിക്കുന്നു

 
ന്യുഡെല്‍ഹി: ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലും(ടിഎസ്എസ്‌സി) ആര്‍ട്ട് ഓഫ് ലിവിങ് ഡിജിറ്റല്‍ ഇന്ത്യ മൂവ്‌മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കരാറായി. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും സംരംഭകത്വം പ്രോല്‍സാഹിപ്പിച്ചുകൊണ്ടും പ്രധാനമന്ത്രിയുടെ സ്‌കില്‍ ഇന്ത്യ പരിപാടിയെ പിന്തുണയ്ക്കുന്നതിനാണ് സഹകരണം. ടിഎസ്എസ്‌സി സിഇഒ ഡോ. എസ് പി കൊച്ചാറും ആര്‍ട്ട് ഓഫ് ഡിജിറ്റല്‍ ഇന്ത്യ മൂവ്‌മെന്റ് മെന്റര്‍ വിക്രം ദീഷും തമ്മില്‍ ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറും കേന്ദ്ര നെപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കരാറനുസരിച്ച് ആര്‍ട്ട് ഓഫ് ലിവിങ് ഡിജിറ്റല്‍ ഇന്ത്യ മൂവ്‌മെന്റിന്റെ നെറ്റ്‌വര്‍ക്ക് സെന്ററുകള്‍ വഴി ടെലികോം മേഖലയ്ക്ക് സ്വാധീനം കുറവുള്ള രാജ്യത്തെ അവികസിത പ്രദേശങ്ങളിലും നൈപുണ്യ-ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പിലാക്കും. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ നൈപുണ്യ വികസന പരിശീലനത്തിനുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ ശ്രീ രവിശങ്കര്‍ യുവജനങ്ങളെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രോല്‍സാഹിപ്പിച്ചു. ഇന്ത്യ കഴിവു തെളിയിച്ച മേഖലകളിലൊന്നാണ് ഡിജിറ്റല്‍ ടെക്‌നോളജിയെന്നും ഡിജിറ്റല്‍ മേഖലയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഈ മേഖലയില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനമുയര്‍ത്താന്‍ സഹായകമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഇരുവരും തമ്മിലുള്ള പങ്കാളിത്തം പ്രധാനമന്ത്രിയുടെ സ്‌കില്‍ ഇന്ത്യ പരിപാടിയെ വികസിപ്പിക്കാനും വേഗത വര്‍ധിപ്പിക്കാനും സഹായകമാകുമെന്നും ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും നൈപുണ്യമുള്ള അധ്വാന വര്‍ഗത്തെ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ടെലികോം മേഖലയുടെ വളര്‍ച്ചയ്ക്കായി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏകദേശം 8.67 ദശലക്ഷം ആളുകള്‍ക്ക് പരിശീലനം നല്‍കാനാണ് ടിഎസ്എസ്‌സി പദ്ധതിയിടുന്നതെന്ന് സിഇഒ എസ് പി കൊച്ചാര്‍ പറഞ്ഞു. രാജ്യത്തെ അവികസിത പ്രദേശങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി വിവിധ പരിശീലന കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ കോഴ്‌സുകള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Branding