പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിത്വം: സര്‍ക്കോസിക്ക് തിരിച്ചടി

പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിത്വം: സര്‍ക്കോസിക്ക് തിരിച്ചടി

 

2017 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഈ മാസം 20ന് ഞായറാഴ്ച നടന്ന പ്രൈമറി മത്സരത്തില്‍ സ്ഥാനാര്‍ഥിത്വത്തിന് ശ്രമിക്കുന്ന നിക്കോളാസ് സര്‍ക്കോസി പരാജയപ്പെട്ടു. മുന്‍ ഫ്രഞ്ച് പ്രസിഡന്റായ സര്‍ക്കോസി ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടത് മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രിയായ ഫ്രാങ്കോയിസ് ഫില്യനോടാണ്.
വലത്പക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് സര്‍ക്കോസി. മറുവശത്ത് ഫ്രാങ്കോയിസ് ഫില്യനാവട്ടെ, യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്ന രാഷ്ട്രീയക്കാരനാണ്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിനെ മാതൃകയാക്കുന്ന ഫ്രാങ്കോയിസ്, സ്വവര്‍ഗ വിവാഹത്തിന് എതിര്‍ അഭിപ്രായം പുലര്‍ത്തുന്ന വ്യക്തിയാണ്. സ്വതന്ത്ര വ്യാപാര പരിഷ്‌കര്‍ത്താവ് കൂടിയാണ് ഫ്രാങ്കോയിസ്.ആദ്യ റൗണ്ടില്‍ സര്‍ക്കോസിയെ പരാജയപ്പെടുത്തിയ ഫ്രാങ്കോയിസ്, രണ്ടാം റൗണ്ടില്‍ മിതവാദിയെന്ന് അറിയപ്പെടുന്ന ഫ്രാന്‍സിന്റെ മുന്‍ പ്രധാനമന്ത്രി അലെന്‍ ജുപ്പിയെ നേരിടും.
ബോര്‍ഡിയോയിലെ മേയറായ അലെന്‍ ജുപ്പി, ജാക് ഷിറാക് ഫ്രഞ്ച് പ്രസിഡന്റായിരുന്ന അതേ കാലയളവില്‍ ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായിരുന്നു. ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഞായറാഴ്ച നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ സര്‍ക്കോസിക്കു നാണംകെട്ട തോല്‍വിയാണുണ്ടായത്. മുസ്ലിം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരേയും ഫ്രാന്‍സിന്റെ ദേശീയതയെയും ഉയര്‍ത്തിക്കാണിച്ചാണ് അദ്ദേഹം പ്രചാരണം നയിച്ചത്. ഫ്രാന്‍സിലെ സര്‍വകലാശാലകളില്‍ മുസ്ലിം വിഭാഗം തലയില്‍ അണിയുന്ന ഹെഡ് സ്‌കാര്‍വ് നിരോധിക്കണമെന്ന് സര്‍ക്കോസി വാദിച്ചിരുന്നു. തീവ്രവലത് നിലപാട് പുലര്‍ത്തുന്ന, ഫ്രാന്‍സിന്റെ അടുത്ത പ്രസിഡന്റാവുമെന്നു കരുതപ്പെടുന്ന നാഷണല്‍ ഫ്രണ്ടിന്റെ നേതാവ് മരീന്‍ ലെ പെന്നിന്റെ xenophobic (വിദേശകളെയും അപരിചിതരേയും വെറുക്കുന്ന നിലപാട്) ആശയത്തെ പിന്തുണയ്ക്കാന്‍ പ്രചാരണത്തിനിടെ സര്‍ക്കോസി മടിച്ചിരുന്നില്ല; പ്രത്യേകിച്ച് മുസ്ലിം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍. ഒരു ട്രംപ് സ്റ്റൈല്‍ പ്രചാരണമാണ് സര്‍ക്കോസി നടത്തിയത്. എന്നാല്‍ സര്‍ക്കോസി ദയനീയമായി പരാജയപ്പെട്ടു
2012ല്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സ്വെ ഒലാന്ദിനോട് മത്സരിച്ചപ്പോള്‍, സര്‍ക്കോസി നടത്തിയ ഹൈ പ്രൊഫൈല്‍ പ്രചാരണം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. പ്രചാരണത്തിനായി ശതകോടി യൂറോ ദുര്‍വ്യയം ചെയ്‌തെന്നാണു സര്‍ക്കോസിക്കെതിരേ ഉയര്‍ന്ന ആരോപണം. വന്‍ തുക മുടക്കി, സിനിമാ പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് പ്രചാരണ റാലി സംഘടിപ്പിച്ചത്. റാലിയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വീശാനുള്ള ഫ്രഞ്ച് പതാക നിര്‍മിച്ചതും വന്‍ തുക ചെലവഴിച്ചു കൊണ്ടാണ്. ഇതിനെതിരേ സര്‍ക്കോസി കോടതി കയറേണ്ടി വരികയും ചെയ്തിരുന്നു. 2017 പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ച സര്‍ക്കോസി, ഈ മാസം 20ാം തീയതി നടന്ന ആദ്യ റൗണ്ട് മത്സരത്തിനു മുന്നോടിയായി നടത്തിയ പ്രചാരണത്തില്‍ താന്‍ നിരപരാധിയാണെന്നും 2012 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വിവാദം തന്നെ മനപൂര്‍വ്വം തേജോവധം ചെയ്യാനുള്ള നീക്കമാണെന്നും വാദിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഇത്തരം വാദമുഖങ്ങളൊന്നും വിലപ്പോയില്ലെന്നതാണു വാസ്തവം.
ഫ്രാന്‍സ് ഇപ്പോള്‍ വല്ലാത്തൊരു ദുര്‍ഘട ഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ഇതിനു പുറമേ സാമ്പത്തിക മാന്ദ്യവും തീവ്രവാദ ഭീഷണിയും നിലനില്‍ക്കുന്നുമുണ്ട്. മതത്തിന്റെ, വംശീയതയുടെയൊക്കെ പേരില്‍ രാജ്യം വിഭജിക്കപ്പെട്ടിരിക്കുന്നു. ദേശീയത എന്ന വികാരം ഉണര്‍ത്തുന്ന (identity politics) രാഷ്ട്രീയത്തിനു വന്‍ സ്വീകാര്യത കൈവന്നിരിക്കുന്നു. ഫ്രാന്‍സില്‍ തീവ്രവലത് പക്ഷ നിലപാട് പുലര്‍ത്തുന്നവര്‍ക്കു ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പുതിയൊരു വെളിച്ചമാണ് സമ്മാനിച്ചത്. ട്രംപിന്റെ വിജയം സൃഷ്ടിച്ച അലയൊലി ഫ്രാന്‍സിന്റെ രാഷ്ട്രീയമാറ്റത്തിനു കാരണമാകുമെന്ന് അവിടുത്തെ ജനങ്ങള്‍ മെല്ലെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.

Comments

comments

Categories: Trending, World