യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത് സുരക്ഷാ ഫണ്ടിന്റെ അപര്യാപ്തത

യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത് സുരക്ഷാ ഫണ്ടിന്റെ അപര്യാപ്തത

 

ന്യൂഡെല്‍ഹി : സുരക്ഷാ ഫണ്ടിന്റെ അപര്യാപ്തതയാണ് രാജ്യത്തെ തീവണ്ടി യാത്രക്കാരുടെ ജീവന് പ്രധാനമായും ഭീഷണിയാകുന്നത്. റെയ്ല്‍വേ മന്ത്രിയായി സുരേഷ് പ്രഭു സ്ഥാനമേറ്റ ശേഷം രാഷ്ട്രീയ റെയ്ല്‍ സംരക്ഷ കോശ് സുരക്ഷാ ഫണ്ടിലേക്ക് 1,19,183 കോടി രൂപ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതിനോട് ധനകാര്യ മന്ത്രാലയം മുഖം തിരിക്കുകയാണ് ചെയ്തത്. 67,000 കിലോമീറ്ററിലധികം പാളവും 12,600 തീവണ്ടികളും പ്രതിദിനം 23 മില്യണ്‍ യാത്രക്കാരുമുള്ള ഇന്ത്യന്‍ റെയ്ല്‍വേയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മതിയായ ഫണ്ട് ലഭ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. 1.20 ലക്ഷത്തോളം ജീവനക്കാരുടെ അഭാവവും റെയ്ല്‍വേയെ വലയ്ക്കുന്നു

കഴിഞ്ഞ ദിവസം കാണ്‍പൂരിലുണ്ടായ അപകടത്തെത്തുടര്‍ന്ന് രാജ്യത്തെ തീവണ്ടി യാത്രക്കാരുടെ സുരക്ഷ ഒരിക്കല്‍ക്കൂടി ചര്‍ച്ചാവിഷയമാവുകയാണ്. രാജ്യത്ത് നടക്കുന്ന തീവണ്ടിയപകടങ്ങളില്‍ 87 ശതമാനവും ജീവനക്കാരുടെ അശ്രദ്ധ കൊണ്ടാണ് സംഭവിക്കുന്നതെന്നാണ് വിലയിരുത്തല്‍. രണ്ട് ശതമാനം അപകടങ്ങള്‍ ഉപകരണങ്ങളുടെ തകരാറ് കൊണ്ടും രണ്ട് ശതമാനം അട്ടിമറി മൂലവും 6 ശതമാനം സാന്ദര്‍ഭികമായ കാരണങ്ങള്‍ കൊണ്ടും സംഭവിക്കുന്നവയാണ്. മൂന്ന് ശതമാനം അപകടങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

രാജ്യത്തെ 6,000 ത്തോളം ആളില്ലാ ലെവല്‍ ക്രോസ്സുകള്‍ ഓരോ വര്‍ഷവും വരുത്തിവെ്ക്കുന്ന അപകടങ്ങള്‍ നിസാരമല്ലെന്ന് റെയ്ല്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുകൊണ്ടാണ് ജീവനക്കാരുടെ കുറവ് ആശങ്കാജനകമാണെന്ന് ആരോപണമുയരുന്നത്. ഇന്ത്യന്‍ റെയ്ല്‍വേയില്‍ ഒഴിവുള്ള 1.20 ലക്ഷം തസ്തികകളില്‍ 75 ശമാനവും സുരക്ഷയുമായി ബന്ധപ്പെട്ട ജോലികളിലാണ്.

വേഗമേറിയ തീവണ്ടികളേക്കാള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പാളങ്ങളുടെ പരിപാലനം വേണ്ടവിധം നടക്കുന്നുണ്ടോയെന്നും ചരക്ക് തീവണ്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള ഭാരം താങ്ങാന്‍ പാളങ്ങള്‍ക്ക് കഴിയുന്നുണ്ടോയെന്നും പരിശോധിക്കണമെന്ന് മുന്‍ റെയ്ല്‍വേ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി പി ജോഷി ആവശ്യപ്പെട്ടു.

Comments

comments

Categories: Slider, Top Stories