പ്രീ ബജറ്റ് യോഗം: കാര്‍ഷിക മേഖലയ്ക്കു പണ വിനിമയത്തില്‍ ഇളവുകള്‍ വേണമെന്ന് ആവശ്യം; ഉല്‍പ്പാദനവര്‍ധനവിന് സാങ്കേതിക വിദ്യയെ കൂടുതല്‍ ആശ്രയിക്കണമെന്ന് ജയ്റ്റ്‌ലി

പ്രീ ബജറ്റ് യോഗം:  കാര്‍ഷിക മേഖലയ്ക്കു പണ വിനിമയത്തില്‍ ഇളവുകള്‍ വേണമെന്ന് ആവശ്യം;  ഉല്‍പ്പാദനവര്‍ധനവിന് സാങ്കേതിക വിദ്യയെ കൂടുതല്‍ ആശ്രയിക്കണമെന്ന് ജയ്റ്റ്‌ലി

 

ന്യൂഡെല്‍ഹി: ബജറ്റിനു മുന്നോടിയായി കാര്‍ഷിക മേഖലയിലെ പ്രതിനിധികളുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമായും ഉന്നയിക്കപ്പെട്ടത് നോട്ട് റദ്ദാക്കലുമായി ബന്ധപ്പെട്ട പ്രധ്‌നങ്ങള്‍. വളവും കീടനാശിനികളും വാങ്ങുന്നതിന് ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ സ്വീകരിക്കാമെന്ന് പ്രഖ്യാപിക്കുക, പ്രാഥമിക സഹകരണ സംഘങ്ങളെ പഴയ നോട്ടുകള്‍ മാറ്റിവാങ്ങിക്കുന്നതിന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ചു. കാര്‍ഷിക ചന്തകള്‍ക്ക് കൂടുതല്‍ നോട്ടു ലഭ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു.

അഗ്രിക്കള്‍ച്ചറല്‍ പ്രോഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിക്കു കീഴിലുള്ള ചന്തകളില്‍ ഒരു വ്യാപാരിയുടെ ഒരാഴ്ചത്തെ ശരാശരി വരുമാനത്തിനനുസരിച്ച് പണ ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഭാരക് ക്രിഷക് സമാജ് ചെയര്‍മാന്‍ വിര്‍ ജഖാര്‍ ആവശ്യപ്പെട്ടു. എപിഎംസി ചന്തകളില്‍ നിന്നുള്ള ചരക്കുനീക്കം നിലവില്‍ പണ ദൗര്‍ലഭ്യം മൂലം തടസപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്‍ഷിക മേഖലയിലെ മാര്‍ക്കറ്റിംഗ് മെച്ചപ്പെടുത്തുന്നതിനും അധിക ചെലവുകള്‍ കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ക്കൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ നിലനിര്‍ത്തപ്പെടേണ്ടതുമുണ്ടെന്ന് കര്‍ഷകര്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു. സാങ്കേതിക വിദ്യയുടെയും മികച്ച വിത്തിനങ്ങളുടെയും സഹായത്തോടെ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാനും കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കൂടുതലും പ്രാധാന്യം നല്‍കിയത്. ലഭ്യമായ കൃഷിയിടത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് സാങ്കേതിക വിദ്യയെ ആശ്രയിക്കാന്‍ കര്‍ഷകര്‍ കൂടുതലായി തയാറാകണമെന്ന് ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Politics, Slider