വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കും: ജയന്ത് സിന്‍ഹ

വിമാനത്താവളങ്ങളുടെ  എണ്ണം ഇരട്ടിയാക്കും: ജയന്ത് സിന്‍ഹ

ചെന്നൈ: അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കാന്‍ പദ്ധതിയുണ്ടെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഉദാന്‍ (ഉദയ് ദേശ് കാ ആം നാഗ്രിക്) പദ്ധതിക്കു കീഴില്‍ വിമാനത്താവളങ്ങളുടെ എണ്ണം ഉയര്‍ത്തും. നിലവില്‍ ഇന്ത്യയില്‍ 75 വിമാനത്താവളങ്ങളില്‍ സര്‍വീസ് നടക്കുന്നുണ്ടെന്നും സതേണ്‍ ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്‌ഐസിസിഐ) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

ചെലവ് കുറഞ്ഞ വിമാനയാത്രയ്ക്ക് അവസരം നല്‍കുന്ന ഉദാന്‍ പദ്ധതിയ്ക്ക് ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ഇതനുസരിച്ച് 2,500 രൂപയ്ക്ക് ഒരു മണിക്കൂര്‍ വിമാന യാത്ര നടത്താം. അവികസിത പ്രാദേശിക റൂട്ടുകള്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം- സിന്‍ഹ പറഞ്ഞു.
ഉദാന്‍ പദ്ധതിയുടെ നടത്തിപ്പിനായി 400 കോടി രൂപയോളം സര്‍ക്കാര്‍ സമാഹരിക്കും. മറ്റ് പ്രധാന വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റൂട്ടുകള്‍ ലേലം കൊള്ളാന്‍ വിമാന കമ്പനികളോട് ആവശ്യപ്പെടും. കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യത്തെ വിമാനയാത്രക്കാരുടെ വളര്‍ച്ച ശരാശരി 10-11 ശതമാനമാണ്.
വിമാനത്താവളം നിര്‍മിക്കുകയെന്നത് ദീര്‍ഘകാല പ്രക്രിയയാണ്. എയര്‍പോര്‍ട്ടുകളുടെ ശേഷി ഉയര്‍ത്തേണ്ടത് അനിവാര്യം. ഒരു ദശകത്തിനുള്ളില്‍ രാജ്യത്ത് നാല് വിമാനത്താവള ഹബ്ബുകള്‍ സ്ഥാപിക്കും. ഡെല്‍ഹി വിമാനത്താവളം ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിയാണ്.
ചെന്നൈയെ ആഗോള വിമാനത്താവളമായി നവീകരിക്കുന്നതിനുള്ള പ്രക്രിയയും തുടരുന്നു. അതിനൊപ്പം ബെംഗളൂരുവിനെയും ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കും. ചെന്നൈ വിമാനത്താവളത്തിലൂടെ ഇതിനകം ഏകദേശം 100 വിമാനങ്ങള്‍ സഞ്ചരിക്കുന്നു. പ്രാദേശിക വിമാനത്താവള ഹബ്ബുകള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കമിടുന്നുണ്ടെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Politics