ഒഎന്‍ജിസി വിദേശ്- ഇറാന്‍ കരാര്‍ ജനുവരിയില്‍

ഒഎന്‍ജിസി വിദേശ്- ഇറാന്‍ കരാര്‍ ജനുവരിയില്‍

 

ന്യൂഡെല്‍ഹി: ഫര്‍സാദ്-ബി വാതകപ്പാടത്തിന്റെ വികസനത്തിനായി ഒഎന്‍ജിസി യുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എണ്ണകമ്പനികളുടെ കണ്‍സോര്‍ഷ്യവും ഇറാനും തമ്മില്‍ ജനുവരിയില്‍ കരാറൊപ്പിടും. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ സൗദി അറേബ്യയെ മറികടന്ന് ഇറാന്‍ ഒന്നാമതെത്തിയിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ ഇറാനുമായി കൂടുതല്‍ സഹകരണത്തിന് ഒരുങ്ങുന്നത്. ഒക്‌റ്റോബറിലെ കണക്കു പ്രകാരമാണ് ഇറാന്‍ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണ രാജ്യമായി മാറിയത്.
റോയ്‌ട്ടേര്‍സ് റിപ്പോര്‍ട്ട് പ്രകാരം പ്രതിദിനം ശരാശരി 789,000 ബാരല്‍ എന്ന നിലയിലാണ് ഇറാനില്‍ നിന്ന് ഒക്‌റ്റോബറില്‍ എണ്ണ ഇറക്കുമതി ചെയ്തത്. പ്രതിദിനം ശരാശരി 697,000 ബാരല്‍ എണ്ണയാണ് ഇക്കാലയളവില്‍ സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഫര്‍സാദ് വാതകപ്പാടത്തിന്റെ കാര്യത്തിലെ സാമ്പത്തിക വിഷയങ്ങള്‍ ഉടന്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും ഇതിനായി ഒരു കണ്‍സള്‍ട്ടന്റിനെ നിയമിച്ചിട്ടുണ്ടെന്നും ഒഎന്‍ജിസി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഇറാനുമായുള്ള ഇന്ത്യയുടെ സഹകരണം തന്ത്രപരവും ദീര്‍ഘകാലമായി നിലനില്‍ക്കുന്നതുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇറാനിലെ ഫര്‍സാദ് വാതകപ്പാടം പദ്ധതിയില്‍ വളരേമുമ്പുതന്നെ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇറാനുമേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ചെലുത്തിയിരുന്ന ഉപരോധമാണ് ഇതുമായി മുന്നോട്ടുപോകുന്നതിന് തടസമായത്. 21.6 ട്രില്യണ്‍ ക്യുബിക് അടി വാതകശേഖരം ഫര്‍സാദ് വാതകപ്പാടത്തില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
പെട്രോളിയം മന്ത്രി ഇന്ത്യയുടെ ഹൈഡ്രോകാര്‍ബണ്‍ ആവശ്യകത നിറവേറ്റുന്നതിനായി പ്രധാനമായും ഉറ്റുനോക്കുന്നത് റഷ്യയിലേക്കും ഇറാനിലേക്കുമാണ്. ഏപ്രിലില്‍ ധര്‍മേന്ദ്ര പ്രധാന്‍ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ ഇറാനില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കുകയും ചെയ്തു. ചബഹാര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സംയുക്ത സംരംഭങ്ങളിലൂടെ പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

അടുത്തിടെ റഷ്യയില്‍ മാത്രം ഇന്ത്യ 4.25 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ടാസ് യുറിക്ക് എണ്ണപ്പാടത്തിന്റെ 29.9 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യയുമായി 1.3 ബില്യണ്‍ ഡോളറിന്റെ കരാറിലെത്തിയിരുന്നു. പിന്നീട് ഇതേ കണ്‍സോര്‍ഷ്യം റോസ്‌നെഫ്റ്റ് വാങ്കര്‍ ഫീല്‍ഡിലെ 23.9 ശതമാനം ഓഹരി പങ്കാളിത്തത്തിനായി 2.02 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും നടത്തി.
പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 4.16 ലക്ഷം കോടി രൂപ ചെലവിട്ട് 202.85 മില്യണ്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷം ഇത് 189 മില്യണ്‍ മാത്രമായിരുന്നു.

Comments

comments

Categories: Entrepreneurship